എറണാകുളം: ജില്ലയിൽ ഡിസംബർ പത്തിനു നടക്കുന്ന തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ ആദ്യഘട്ടം പൂർത്തിയായി. 111 തദ്ദേശ സ്ഥാപനങ്ങളിലേക്കായി 2045 പുതിയ ജനപ്രതിനിധികളെയാണ് തിരഞ്ഞെടുക്കേണ്ടത്.

ജില്ലയിലെ 82 ഗ്രാമപഞ്ചായത്തുകളാണ് തിരഞ്ഞെടുപ്പിന് ഒരുങ്ങുന്നത്. 1338 വാർഡുകളാണ് മത്സര രംഗത്തുള്ളത്.
692 വാർഡുകൾ വനിതകൾക്കായി സംവരണം ചെയ്തിരിക്കുന്നു. ഇതിൽ 56 എണ്ണം പട്ടികജാതി വനിതകൾക്കാണ്. 136 വാർഡുകൾ പട്ടികജാതി പൊതു വിഭാഗത്തിൽ പെട്ടവർക്കും മത്സരിക്കാം. കുട്ടമ്പുഴ പഞ്ചായത്തിലെ പൂയംകുട്ടി വാർഡിൽ പട്ടികവർഗ വനിതയാണ് മത്സരിക്കേണ്ടത്. ഓരോ പഞ്ചായത്തിനും ഒരു വരണാധികാരിയും സഹവരണാധികാരിയും തിരഞ്ഞെടുപ്പിൻ്റെ ചുമതലകൾ ഏറ്റെടുത്തു കഴിഞ്ഞു. അതാത് തദ്ദേശ സ്ഥാപനത്തിലെ സെക്രട്ടറിമാർക്കു തന്നെയാണ് സഹവരണാധികാരിയുടെ ചുമതല നൽകിയിരിക്കുന്നത്.

14 ബ്ലോക്ക് പഞ്ചായത്തുകളിലായി 185 വാർഡുകളാണ് ഉള്ളത്. തിരഞ്ഞെടുപ്പ് നടത്തിപ്പിനായി 14 വരണാധികളെയും ചുതലപ്പെടുത്തി. പറവൂർ ബ്ലോക്കിന് ഡപ്യൂട്ടി കളക്ടർ എൽ .ആർ , ആലങ്ങാട് ബ്ലോക്കിൽ ഡപ്യൂട്ടി ഡയറക്ടർ ഫിഷറീസ്, അങ്കമാലി ബ്ലോക്കിൽ പ്രിൻസിപ്പൽ അഗ്രികൾച്ചറൽ ഓഫീസർ, കൂവപ്പടി ബ്ലോക്കിൽ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ മലയാറ്റൂർ, വാഴക്കുളം ബ്ലോക്കിൽ ജില്ലാ സാമൂഹ്യനീതി ഓഫീസർ, ഇടപ്പിള്ളി ബ്ലോക്കിന് ജില്ലാ വിദ്യാഭ്യാസ ഓഫീസർ, വൈപ്പിനിൽ ജില്ലാ ലേബർ ഓഫീസർ, പള്ളുരുത്തിയിൽ ഡപ്യൂട്ടി കളക്ടർ ആർ.ആർ, മുളന്തുരുത്തിയിൽ ജില്ലാ രജിസ്ട്രാർ ജനറൽ, വടവുകോട് ബ്ലോക്കിൽ അസിസ്റ്റൻറ് ഡവലപ്മെൻറ് കമീഷണർ, കോതമംഗലം ബ്ലോക്കിൽ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ കോതമംഗലം , പാമ്പാക്കുട ബ്ലോക്കിൽ എക്സി എഞ്ചിനീയർ പിഡബ്ല്യുഡി റോഡ്സ് മുവാറ്റുപുഴ, പാറക്കടവ് ബ്ലോക്കിൽ ജോ. രജിസ്ട്രാർ കോഓപറേറ്റീവ് സൊസൈറ്റീസ്, മുവാറ്റുപുഴ ബ്ലോക്കിൽ ആർ.ഡി.ഒ. മുവാറ്റുപുഴ എന്നിവർക്കാണ് വരണാധികാരിയുടെ ചുമതല. അതാത് ബ്ലോക്ക് പഞ്ചായത്തിൻ്റെ സെക്രട്ടറിമാരായിരിക്കും സഹ വരണാധികാരികൾ.

ജില്ലയിലെ 13 മുനിസിപ്പാലിറ്റികളിലായി 421 വാർഡുകളാണ് ഉള്ളത്. ഇതിൽ 215 വാർഡുകൾ വനിതകൾക്കായി സംവരണം ചെയ്തിരിക്കുന്നു. 15 എണ്ണം പട്ടികജാതി വനിതകൾക്കും 17 എണ്ണം പട്ടികജാതി പൊതു വിഭാഗത്തിനും സംവരണം ചെയ്തിട്ടുണ്ട്. തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റിയിൽ ഒന്നു മുതൽ 25 വരെയുള്ള വാർഡുകളുടെ വരണാധികാരിയായി പിഡബ്ല്യൂഡി റോഡ്സ് ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയറും 26 മുതൽ 49 വരെ ഡിവിഷനുകളുടെ വരണാധികാരിയായി ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജരെയും ചുമതലപ്പെടുത്തി.

മുവാറ്റുപുഴ മുനിസിപ്പാലിറ്റിയിൽ മുവാറ്റുപുഴ ജില്ലാ വിദ്യാഭ്യാസ ഓഫീസറും കോതമംഗലം മുനിസിപ്പാലിറ്റിയിൽ കോതമംഗലം ജില്ലാ വിദ്യാഭ്യാസ ഓഫീസറും പെരുമ്പാവൂർ മുനിസിപ്പാലിറ്റിയിൽ എറണാകുളം വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടറും ആലുവ മുനിസിപ്പാലിറ്റിയിൽ ആലുവ ജില്ലാ വിദ്യാഭ്യാസ ഓഫീസറും കളമശ്ശേരി മുനിസിപ്പാലിറ്റിയിൽ ഒന്നു മുതൽ 21 വരെ ഡിവിഷണുകളിലേക്ക് എക്കണോമിക്സ് ആൻ്റ് സ്റ്റാറ്റിസ്റ്റിക്സ് ഡപ്യൂട്ടി ഡയറക്ടറും 22 മുതൽ 42 വരെ ഡിവിഷണുകളിലേക്ക് മൈനറർ ഇറിഗേഷൻ ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയറും നോർത്ത് പറവൂർ മുനിസിപ്പാലിറ്റിയിൽ ജില്ലാ സപ്ലൈ ഓഫീസറും അങ്കമാലി മുനിസിപ്പാലിറ്റിയ്ക്ക ക്ഷീര വികസന വകുപ്പ് ഡപ്യൂട്ടി ഡയറക്ടറും ഏലൂർ മുനിസിപ്പാലിറ്റിയിൽ ലീഗൽ മെട്രോളജി അസിസ്റ്റൻ്റ് കൺട്രോളറും, തൃക്കാക്കര മുനിസിപ്പാലിറ്റിയിലെ ഒന്നുമുതൽ 21 വരെ ഡിവിഷണുകളിൽ ഡപ്യൂട്ടി കളക്ടർ എൽ എ യും 22 മുതൽ 43 വരെ ഡിവിഷണുകളിൽ ജില്ലാ എംപ്ലോയ്‌മെൻ്റ് ഓഫീസറും മരട് മുനിസിപ്പാലിറ്റിയിൽ പട്ടികജാതി വികസന വകുപ്പ് ജില്ലാ ഓഫീസറും പിറവം മുനിസിപ്പാലിറ്റിയിൽ ഇറിഗേഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയറും കൂത്താട്ടുകുളം മുനിസിപ്പാലിറ്റിയിൽ പി.എ.യു പ്രൊജക്ട് ഡയറക്ടറും വരണാധികാരികളായിരിക്കും.

കൊച്ചി കോർപറേഷനിലേക്ക് 74 ഡിവിഷനുകളിലേക്കാണ് പുതിയ ജനപ്രതിനിധികളെ തിരഞ്ഞെടുക്കുന്നത്. 37 വനിതാ സംവരണ വാർഡുകളാണ് ഉള്ളത്. ഇതിൽ രണ്ടെണ്ണം പട്ടികജാതി വനിതകൾക്കായി സംവരണം ചെയ്തിരിക്കുന്നു. ഒരെണ്ണം പട്ടികജാതി ജനറൽ വിഭാഗത്തിനും സംവരണം ചെയ്തിട്ടുണ്ട്. ഒന്നു മുതൽ 25 വരെ ഡിവിഷണുകളുടെ വരണാധികാരിയായി ഫോർട്ട് കൊച്ചി സബ് കലക്ടറെയും 26 മുതൽ 50 വരെ ഡിവിഷണുകളുടെ വരണാധികാരിയായി ജി.സി.ഡി.എ സെക്രട്ടറിയെയും 51 മുതൽ 74 വരെയുള്ള ഡിവിഷണുകളുടെ വരണാധികാരിയാക്കും ജില്ലാ പ്ലാനിംഗ് ഓഫീസറെയും ചുമതലപ്പെടുത്തി.

ജില്ലാ പഞ്ചായത്തിൽ ആകെ 27 ഡിവിഷണുകളാണുള്ളത്. വനിതകൾക്കായി 14 ഡിവിഷണുകൾ സംവരണം ചെയ്തിരിക്കുന്നു. ഇതിൽ രണ്ടെണ്ണം പട്ടികജാതി വനിതകൾക്കായും സംവരണം ചെയ്തിട്ടുണ്ട്. പട്ടികജാതി പൊതു വിഭാഗത്തിനായി ഒരു ഡിവിഷണും സംവരണമുണ്ട്. ജില്ലാ കളക്ടറാണ് വരണാധികാരി.