എറണാകുളം : നിലവിലുണ്ടായിരുന്ന ഭരണ സമിതികളുടെ കാലാവധി അവസാനിച്ചതിനെത്തുടർന്ന് കൊച്ചി കോർപ്പറേഷൻ, ജില്ലാ പഞ്ചായത്ത് എന്നീ തദ്ദേശ സ്ഥാപനങ്ങളിൽ ജില്ലാ കളക്ടർ എസ്. സുഹാസ് ഭരണച്ചുമതലയേറ്റു. കൊച്ചി കോർപ്പറേഷനിൽ അടിയന്തിര പ്രാധാന്യമുള്ള പ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ മുൻഗണന നൽകുമെന്ന് അദ്ദേഹം പറഞ്ഞു.

വിവിധ വിഷയങ്ങളിൽ കോടതികളുടെ തീർപ്പുകൾക്ക് വിധേയമായി തുടർ നടപടികൾ സ്വീകരിക്കേണ്ടതുണ്ട്. അത്തരം നടപടികൾ വേഗത്തിൽ സ്വീകരിക്കും. കോർപ്പറേഷൻ്റെ സാമ്പത്തിക സ്ഥിതി വിലയിരുത്തി,
പൂർത്തിയാക്കേണ്ടതും പാതിവഴിയിലെത്തിയതുമായ പദ്ധതികൾക്ക് പ്രത്യേക പരിഗണന നൽകും. ഇവയുടെ പട്ടിക തയ്യാറാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കി മുന്നോട്ടു കൊണ്ടു പോകുമെന്നും ജില്ലാ കളക്ടർ പറഞ്ഞു. സമ്പർക്ക വ്യാപനം കൂടിയ മേഖലകളിലൊന്നാണ് കൊച്ചി കോർപ്പറേഷൻ. ഇവിടെ ചികിത്സാ സൗകര്യങ്ങളും ബ്രേക് ദ ചെയിൻ നിയന്ത്രണങ്ങളും കൂടുതൽ ഫലപ്രദമാക്കും. കോർപ്പറേഷനിലെ വിവിധ വകുപ്പുകളുടെ ഓഫീസുകളും കളക്ടർ സന്ദർശിച്ചു.

കോർപ്പറേഷൻ സെക്രട്ടറിയുടെ ചുമതലയുള്ള എ.ചന്ദ്രൻ നായർ, സൂപ്രണ്ടിംഗ് എഞ്ചിനീയർ ടി.എ.അമ്പിളി എന്നിവരാണ് ജില്ലാ കളക്ടർക്കൊപ്പം ഭരണ സമിതിയിലുള്ളത്. ജില്ലാ പഞ്ചായത്ത് ഭരണസമിതിയും ജില്ലാ കലക്ടറുടെ നേതൃത്വത്തിൽ ചുമതലയേറ്റു. ജില്ലാ പഞ്ചായത്ത് സെക്രട്ടറി അജി ഫ്രാൻസിസ്, ദാരിദ്യ ലഘൂകരണ വിഭാഗം പ്രോജക്റ്റ് ഡയറക്ടർ ട്രീസ ജോസ്‌ എന്നിവരാണ് ജില്ലാ പഞ്ചായത്ത് താൽക്കാലിക ഭരണ സമിതിയിലെ മറ്റ് അംഗങ്ങൾ.