കോഴിക്കോട് : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരെഞ്ഞെടുപ്പിൻ്റെ ഭാഗമായി ‘സിംഗിൾ പോസ്റ്റ് മെഷീൻ മോക്ക് പോൾ’ നടത്തി. പുതിയറ പഴയ താലൂക്ക് ഓഫീസിന് സമീപത്ത് പ്രത്യേകം സജ്ജീകരിച്ച കേന്ദ്രത്തിലാണ് കോർപ്പറേഷൻ, മുനിസിപ്പാലിറ്റി ബൂത്തുകളിലേക്ക് ആവശ്യമായ സിംഗിൾ പോസ്റ്റ് മെഷീനുകളുടെ മോക്ക് പോൾ നടത്തിയത്. ആകെയുള്ള 1000 കണ്‍ട്രോള്‍, ബാലറ്റ് യൂണിറ്റുകളുടെ രണ്ട് ശതമാനം മെഷീനുകളിലാണ് രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ സാന്നിധ്യത്തിൽ മോക് പോൾ സംഘടിപ്പിച്ചത്. ഇതോടു കൂടി ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് ആവശ്യമായ എല്ലാ മെഷീനുകളുടെയും ആദ്യഘട്ട പരിശോധന പൂർത്തിയായി.

വോട്ട് ചെയ്യുന്ന മെഷീനുകൾ പരിശോധിച്ച്, ഇലക്ഷൻ ദിവസം ഉപയോഗിക്കാൻ പറ്റുന്നവയാണെന്ന് ഉറപ്പു വരുത്തുന്നതിനായാണ് മോക്ക് പോൾ നടത്തിയത്. പരിശോധന നടത്തിയ മെഷിനുകൾ ഇലക്ഷൻ കമ്മീഷൻ നിർദ്ദേശിക്കുന്ന ദിവസം വരണാധികാരിക്ക് വിതരണം ചെയ്യും. വോട്ടു ചെയ്യുന്ന എണ്ണവും ഏത് ചിഹ്നത്തിലാണ് പതിഞ്ഞത് എന്നതു മടക്കമുള്ളതിന്റെ പ്രിന്റെടുത്ത് യന്ത്രത്തില്‍ പതിഞ്ഞതും പരിശോധിച്ച് തുല്യമാണെന്ന് മോക് പോളിൽ ഉറപ്പു വരുത്തി.ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ ടി ജനില്‍ കുമാർ മേല്‍നോട്ടം വഹിച്ചു.