തൃശ്ശൂര്‍ : എംപ്ലോയ്‌മെൻറ് എക്‌സ്‌ചേഞ്ചിൽ രജിസ്റ്റർ ചെയ്തവരിൽ സീനിയോറിറ്റി നഷ്ടപ്പെട്ടവർക്ക് സീനിയോറിറ്റി പുതുക്കാൻ അവസരം. 1998 നവംബർ മുതൽ 2019 ഡിസംബർ വരെയുള്ള കാലയളവിൽ രജിസ്‌ട്രേഷൻ പുതുക്കാൻ കഴിയാതിരുന്നവർക്കും എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന ലഭിച്ച ജോലിയിൽ നിന്നും പിരിഞ്ഞ് വിടുതൽ സർട്ടിഫിക്കറ്റ് പ്രസ്തുത കാലയളവിൽ ചേർക്കാൻ കഴിയാതെ സീനിയോറിറ്റി നഷ്ടമായവർക്കും തനത് സീനിയോറിറ്റിയോടെ രജിസ്‌ട്രേഷൻ പുതുക്കി നൽകാൻ 2021 ഫെബ്രുവരി 28 വരെ അവസരം നൽകുന്നു.

പുതുക്കലിനുള്ള ഓൺലൈൻ സൗകര്യം www.eemployment.kerala.gov.in എന്ന വെബ്‌സൈറ്റിൽ ലഭിക്കും. 2020 ഡിസംബർ 31 വരെ പ്രത്യേക പുതുക്കൽ അപേക്ഷകൾ ഓൺലൈൻ മുഖേന മാത്രമാണ് സ്വീകരിക്കുന്നത്. 2021 ജനുവരി ഒന്നു മുതൽ ഫെബ്രുവരി 28 വരെ പ്രത്യേക പുതുക്കൽ അപേക്ഷകൾ ഓൺലൈനായും ഓഫീസിൽ നേരിട്ടും സ്വീകരിക്കും. രജിസ്‌ട്രേഷൻ ഐഡന്റിറ്റി കാർഡിൽ പുതുക്കേണ്ട മാസം 1998 നവംബർ മുതൽ 2019 ഡിസംബർ വരെ രേഖപ്പെടുത്തിയവർക്ക് ഈ ആനുകൂല്യം ലഭിക്കും.

വെബ്‌സൈറ്റിന്റെ ഹോം പേജിലുള്ള സ്‌പെഷ്യൽ റിന്യുവൽ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ നൽകി പുതുക്കൽ നടത്തി ഐ.ഡി.കാർഡ് പ്രിന്റ് എടുത്ത് സൂക്ഷിക്കണം. രജിസ്‌ട്രേഷൻ വിവരങ്ങൾ ഓൺലൈനിൽ ലഭ്യമല്ലെങ്കിൽ പേരും മേൽവിലാസവും നൽകി അപ്ലിക്കേഷൻ നമ്പർ ജനറേറ്റ് ചെയ്യണം. അപേക്ഷാ ഫോമിൽ നൽകിയ അവസാന തീയതിക്കകം ഉദ്യോഗാർഥികൾ ഏതെങ്കിലും പ്രവൃത്തി ദിവസം അവരുടെ രജിസ്‌ട്രേഷൻ കാർഡും എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ രേഖപ്പെടുത്തിയ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും സഹിതം ഓഫീസിൽ നേരിട്ട് ഹാജരായി പുതുക്കാം. പുതുക്കൽ നേടുന്നവർക്ക് തൊഴിൽരഹിത വേതനത്തിന് അർഹതയുണ്ടായിരിക്കില്ല.