പത്തനംതിട്ട : ദേശീയ പക്ഷി നിരീക്ഷണ ദിനത്തോടനുബന്ധിച്ച് പത്തനംതിട്ട ജില്ലാ ഭരണകൂടമൊരുക്കിയ ‘കൂടൊരുക്കാം’ പദ്ധതിയുടെ ഭാഗമായി പക്ഷികളുടെ ചിത്രങ്ങളുടെ പ്രദര്‍ശനോദ്ഘാടനം കളക്ടറേറ്റ് വിസിറ്റേഴ്‌സ് റൂമില്‍ നടന്ന ചടങ്ങില്‍ ജില്ലാ കളക്ടര്‍ പി.ബി നൂഹ് നിര്‍വഹിച്ചു.

കളക്ടറേറ്റ് പരിസരത്ത് എത്തുന്ന പക്ഷികളുടെ ചിത്രങ്ങളും അവയേക്കുറിച്ചുള്ള വിവരങ്ങളുമാണ് ക്യുആര്‍ കോഡ് സഹിതം കോണ്‍ഫറന്‍സ് ഹാളിലും വിസിറ്റേഴ്‌സ് റൂമിലും സ്ഥാപിച്ചത്. ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്താല്‍ പക്ഷികളുടെ ശബ്ദമുള്‍പ്പടെയുള്ള വിവരങ്ങള്‍ അറിയാം.

 

 

കളക്ടറേറ്റ് കോമ്പൗണ്ടില്‍ നിന്ന് മാത്രം പകര്‍ത്തിയ ചിത്രങ്ങളാണ് ഇവിടെ സ്ഥാപിച്ചിട്ടുള്ളത്. അഞ്ചുമാസം കൊണ്ട് ശേഖരിച്ച വ്യത്യസ്ഥങ്ങളായ 30 പക്ഷികളുടെ ചിത്രങ്ങളാണ് കളക്ടറേറ്റില്‍ എത്തുന്ന സന്ദര്‍ശകരെ സ്വീകരിക്കുന്നത്.

ചെറിയ പരിസരത്തുനിന്നു മാത്രം ഇത്രയും വൈവിധ്യമാര്‍ന്ന ചിത്രങ്ങള്‍ പകര്‍ത്താന്‍ കഴിയുമെങ്കില്‍ നമ്മുടെ നാടിന്റെ ജൈവവൈവിധ്യം എത്രയായിരിക്കുമെന്ന് ചിന്തിപ്പിക്കുകയാണ് ഈ ചിത്രങ്ങളെന്ന് ജില്ലാ കളക്ടര്‍ പി.ബി നൂഹ് പറഞ്ഞു. നമ്മുടെ നിലനില്‍പ്പിന് നമ്മുടെ ചുറ്റുമുള്ള ഈ ജൈവവൈവിധ്യവും സംരക്ഷിക്കപ്പെടേണ്ടതുണ്ട്. സംരക്ഷിക്കണമെങ്കില്‍ അവയെ ആദ്യം നാം തിരിച്ചറിയണം. നമുക്ക് ചുറ്റുമുളള ജൈവവൈവിധ്യത്തിന് ഒത്തുചേര്‍ന്ന് കൂടൊരുക്കണമെന്നു ജില്ലാ കളക്ടര്‍ പറഞ്ഞു. നമുക്കു ചുറ്റുമുളള ജൈവവൈവിധ്യങ്ങളിലേക്ക് ജനങ്ങളെ കൂട്ടിക്കൊണ്ടു പോകുന്നതിനുള്ള ചെറിയ ശ്രമമാണ് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ നടത്തുന്ന കൂടൊരുക്കാം പദ്ധതി.

കളക്ടേഴ്‌സ് വോളണ്ടിയര്‍ ടീമും, പത്തനംതിട്ട ബേഡേഴ്‌സ് (പക്ഷി – പ്രകൃതി നിരീക്ഷകരുടെ കൂട്ടായ്മ) ചേര്‍ന്നാണ് ജില്ലാ കളക്ടറിന്റെ ആശയത്തിന്റെ ആവിഷ്‌കാരം യാഥാര്‍ത്ഥ്യമാക്കിയത്.