ശിശുദിനാഘോഷങ്ങളുടെ ഭാഗമായി സംസ്ഥാന ശിശുക്ഷേമസമിതി പുറത്തിറക്കിയ സ്റ്റാമ്പിന്റെ ജില്ലാതല പ്രകാശനം കളക്ടർ എസ് ഷാനവാസ് നിർവ്വഹിച്ചു. കോവിഡ് പശ്ചാത്തലത്തിൽ സ്‌കൂൾ കുട്ടികൾക്കായി സംഘടിപ്പിച്ച ഓൺലൈൻ മത്സരത്തിൽനിന്നാണ് സംസ്ഥാനതല സ്റ്റാമ്പ് തിരഞ്ഞെടുത്തത്. തൃശൂർ സെന്റ് ആൻസ് ഹയർസെക്കൻഡറി സ്‌കൂളിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥി അഖിൽ സി.ജെയാണ് ഈ വർഷത്തെ സ്റ്റാമ്പിന്റെ ശിൽപി. അതിജീവനത്തിന്റെ കേരളം എന്ന വിഷയത്തെ ആസ്പദമാക്കി സംസ്ഥാനതലത്തിലാണ് മത്സരം നടന്നത്.
ശിശുദിനത്തോടനുബന്ധിച്ച് ജില്ലാ ശിശുക്ഷേമസമതി, വിദ്യാഭ്യാസ വകുപ്പ്, ജില്ലാപഞ്ചായത്ത്, തൃശൂർ കോർപ്പറേഷൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ എല്ലാ വർഷവും വർണാഭമായ പരിപാടികളാണ് ജില്ലയിൽ നടന്നിരുന്നത്. കോവിഡ് രോഗവ്യാപനം വർധിച്ചു വരുന്ന സാഹചര്യത്തിൽ കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള റാലി ഇക്കുറിയില്ല. കുട്ടികൾക്കുള്ള മത്സരങ്ങളും ഓൺലൈനായാണ് സംഘടിപ്പിച്ചത്. ഓൺലൈനായി നടന്ന കവിതാലാപനം, ചിത്രരചന, പ്രസംഗം, നാടോടിനൃത്തം മോണോ ആക്ട്, ലളിതഗാനം, കഥപറയൽ, രചനാ മത്സരം തുടങ്ങി ഏട്ടു വിഭാഗങ്ങളിലായി നടന്ന മത്സരങ്ങളിൽ ജില്ലയിൽ നിന്നും 12,093 കുട്ടികൾ പങ്കെടുത്തു. ഓൺലൈനായി നടന്ന പ്രസംഗ മത്സരത്തിലെ വിജയികളായ ആത്മിക ലിയോണിനെ (സെന്റ് മേരിസ് എൽ.പി.എസ്, മറ്റം) കുട്ടികളുടെ ചാച്ചാജിയായും മഹേദേവ് തോട്ടപ്പുള്ളിയെ (തിരുമംഗലം യു.പി.എസ്, ഏങ്ങണ്ടിയൂർ) കുട്ടികളുടെ പ്രസിഡന്റായും അനുഷ എംസിയെ ( സെന്റ് മേരീസ് ജി.എച്ച്.എസ് കുഴിക്കാട്ടുശ്ശേരി) കുട്ടികളുടെ സ്പീക്കറായും തിരഞ്ഞെടുത്തു.
ശിശുക്ഷേമസമതിയുടെ ജില്ലാ വൈസ് പ്രസിഡന്റ് ഡോ. എം.എൻ സുധാകരൻ, സെക്രട്ടി പി.കെ വിജയൻ, ട്രഷറർ ഉഷ. പി, എക്സിക്യൂട്ടിവ് കമ്മറ്റി അംഗങ്ങളായ ഡോ. പി. ഭാനുമതി, പി.എൻ ഭാസ്‌കരൻ, ബിന്നി ഇമ്മട്ടി, കെ.ജി മോഹനൻ, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം എൻ കെ പശുപതി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് വിവിധ പരിപാടികൾ സംഘടിപ്പിച്ചത്.
