സംസ്ഥാനത്ത് 1661 കുടുംബങ്ങൾക്ക് 150 ദിവസം തൊഴിൽ നൽകി വയനാട് ജില്ല സംസ്ഥാനത്ത് ഒന്നാമതെത്തി. രണ്ടാമതെത്തിയ ആലപ്പുഴ ജില്ല 1081 കുടുംബങ്ങൾക്കാണ് 150 ദിവസം തൊഴിൽ ലഭ്യമാക്കിയത്. 31.31 ലക്ഷം തൊഴിൽ ദിനങ്ങളാണ് സൃഷ്ടിച്ചത്. ജില്ലയിൽ 9693 കുടുംബങ്ങൾ 100 ദിവസം തൊഴിൽ പൂർത്തിയാക്കി. വനാവകാശ നിയമം അനുസരിച്ച് മാറ്റിപാർപ്പിച്ച 30 കുടുംബങ്ങൾക്ക് 150 ദിവസവും പട്ടിക വർഗ വിഭാഗത്തിലെ മൂന്നു കുടുംബങ്ങൾക്ക് 200 ദിവസവും തൊഴിൽ നൽകാനും ജില്ലയ്ക്ക് കഴിഞ്ഞു. വയനാട് ജില്ലയിൽ ഒരു ഗ്രാമപഞ്ചായത്ത് ശരാശരി 1,36,165 തൊഴിൽ ദിനങ്ങൾ നൽകി. സംസ്ഥാന ശരാശരി 65771 ആണ്. ജില്ലയിൽ ശരാശരി ഒരു ഗ്രാമപഞ്ചായത്ത് ചെലവഴിച്ചത് 398.77 ലക്ഷം രൂപയാണ്. സംസ്ഥാന ശരാശരി 202.59 ആണ്. ഇതിലും വയനാട് ജില്ലയാണ് മുന്നിൽ. എസ്. ടി വിഭാഗത്തിലുള്ള കുടുംബങ്ങൾക്ക് ശരാശരി 60 ദിവസം തൊഴിൽ നൽകിയും ജില്ല നേട്ടത്തിന്റെ പട്ടികയിൽ ഇടം പിടിച്ചു. ജൂൺ 5ന് ലോക പരിസ്ഥിതി ദിനത്തിൽ നടുന്നതിന് 14 ലക്ഷം വൃക്ഷത്തൈകൾ ഉദ്പാദിപ്പിച്ചിട്ടുണ്ട്. നൂൽപുഴ ഗ്രാമപഞ്ചായത്തിൽ നിർധനരായ 250 കുടുംബങ്ങൾക്ക് തൊഴുത്തുകൾ നിൽമിച്ചു നൽകാൻ തീരുമാനമായിട്ടുണ്ട്. ഇവിടെ തീറ്റപ്പുൽ കൃഷിയും ആരംഭിക്കും.