മലപ്പുറം : തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് മുന്നോടിയായി പോളിങ് ബൂത്തുകളിലേക്കാവശ്യമായ സ്റ്റേഷനറി സാധനങ്ങള്‍ കലക്ടറേറ്റിലെത്തി. തിരുവനന്തപുരത്ത് നിന്ന് രണ്ട് ലോറികളിലായിട്ടാണ് സാധനങ്ങള്‍ മലപ്പുറത്തെത്തിയത്. പെന്‍സിലുകള്‍, പര്‍പ്പിള്‍ സ്റ്റാമ്പ് പാഡ്,  കറുപ്പ് സ്‌കെച്ച് പേനകള്‍,  നീല ബോള്‍ പോയിന്റ് പേനകള്‍,  ചുവപ്പ് ബോള്‍ പോയ്ന്റ് പേന, പേപ്പര്‍ പിന്‍, വെള്ളനൂല്‍, സീലിങ് വാക്‌സ്, ഗം പേസ്റ്റ്, ടാഗ്, പെന്‍സില്‍ കാര്‍ബണ്‍ പേപ്പര്‍, വോട്ടിങ് കംപാര്‍ട്ട്മെന്റ് ലേബല്‍, തുണിസഞ്ചി, വേസ്റ്റ് പേപ്പര്‍ ബാസ്‌കറ്റ്, മെഴുകുതിരി, ബനിയന്‍ വേസ്റ്റ്, ബ്ലേഡ്, ജം ക്ലിപ്പ്, ഡമ്മി ബാലറ്റ്, സെല്ലോടാപ്പ്, കത്തി, പോര്‍ട്ടബിള്‍ കംപാര്‍ട്ട്മെന്റ്സ്, പേപ്പര്‍, റബര്‍ ബാന്‍ഡ്, കാര്‍ഡ് ബോര്‍ഡ്, തീപ്പെട്ടി തുടങ്ങിയ  36 സാധനങ്ങളാണ് കലക്ടറേറ്റിലെത്തിയത്.

സ്ഥാനാര്‍ഥി നിര്‍ണയത്തിന് ശേഷം വോട്ടിങ് സ്റ്റേഷനറി സാധനങ്ങള്‍ ബ്ലോക്കുകളിലേക്കും അവിടെ നിന്ന് വരണാധികാരികള്‍ക്കും നല്‍കും. വരണാധികാരികള്‍ സാധനങ്ങള്‍ ബന്ധപ്പെട്ട ബൂത്തുകളിലേക്കും വിതരണം ചെയ്യും. ഇതോടൊപ്പം പോസ്റ്റല്‍ ബാലറ്റ് അപേക്ഷ ഫോമുകളും കലക്ടറേറ്റിലെത്തിയിട്ടുണ്ടെന്ന് ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ ടി. ആര്‍. അഹമ്മദ് കബീര്‍ അറിയിച്ചു.

ജില്ലയില്‍ 94 ഗ്രാമപഞ്ചായത്തുകള്‍, 15 ബ്ലോക്ക് പഞ്ചായത്തുകള്‍, 12 നഗരസഭകള്‍, ജില്ലാപഞ്ചായത്തുമടക്കം 122 തദ്ദേശ സ്ഥാപനങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ്. ഗ്രാമപഞ്ചായത്തുകളിലേക്കുള്ള വോട്ടിങ് യന്ത്രങ്ങളുടെ പരിശോധന പൂര്‍ത്തിയാക്കിട്ടുണ്ട്. നഗരസഭകളിലേക്കുള്ള വോട്ടിങ് യന്ത്രങ്ങളുടെ ആദ്യ ഘട്ട പരിശോധനയും ബ്ലോക്ക് തല ട്രെയിനര്‍മാര്‍ക്കുള്ള ക്ലാസുകളും പൂര്‍ത്തിയാക്കിയിട്ടുണ്ട്. നഗരസഭകളിലേക്കും ഗ്രാമ പഞ്ചായത്തുകളിലേക്കുമുള്ള നോമിനേഷന്‍ ഫോറങ്ങളുടെയും അനുബന്ധ രേഖകളുടെയു വിതരണവും കഴിഞ്ഞു.