സംസ്ഥാന സര്‍ക്കാറിന്റെ  രണ്ടാം വാര്‍ഷികാഘോഷം കാസര്‍കോട് ജില്ലയില്‍ വൈവിധ്യമാര്‍ന്ന  പരിപാടികളോടെ  ഏറ്റവും വിപുലമായി ആഘോഷിക്കുന്നതിന്  റവന്യൂ വകുപ്പു മന്ത്രി ഇ.ചന്ദ്രശേഖരന്റെ  അധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലാതല ഉദ്യോഗസ്ഥരുടെ  യോഗം തീരുമാനിച്ചു. ആഘോഷങ്ങളുടെ മുന്നോടിയായി  ഒരാഴ്ച നീണ്ടുനില്‍ക്കുന്ന പ്രദര്‍ശന-വിപണന-കലാസാംസ്‌കാരിക മേളയും  ജില്ലയില്‍ സംഘടിപ്പിക്കും.  കുടുംബശ്രീയും വിവിധ സര്‍ക്കാര്‍ അനുബന്ധസ്ഥാപനങ്ങളും  മേളയില്‍ വിജ്ഞാനവും വിനോദവും പുരോഗതി രേഖകളും  നിറഞ്ഞ വൈവിധ്യമായ സ്റ്റാളുകള്‍  ഒരുക്കും.  പടന്നക്കാട് കാര്‍ഷിക കോളേജ്, കേന്ദ്രതോട്ടവിള ഗവേഷണകേന്ദ്രം എന്നിവയുടെ പ്രത്യേക സ്റ്റാളുകളുമുണ്ടാകും.
സംസ്ഥാനസര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികം വന്‍വിജയമാക്കുന്നതിന് എല്ലാ വകുപ്പുകളുടെയും ഏകോപനം ഉണ്ടാകണമെന്ന് മന്ത്രി  ഇ.ചന്ദ്രശേഖരന്‍ പറഞ്ഞു.  ഇക്കാലയളവില്‍  തുടക്കം കുറിക്കാവുന്നതും  പൂര്‍ത്തീകരിക്കാവുന്നതുമായ  പദ്ധതികള്‍ നടപ്പാക്കാന്‍ തയ്യാറെടുക്കണം.  കഴിഞ്ഞ രണ്ടു വര്‍ഷത്തെ  വകുപ്പുതല പുരോഗതി വെളിപ്പെടുത്തണം.  ജില്ലാ രൂപീകരണദിനമായ മെയ് 24 ന് വിപുലമായ സെമിനാര്‍ സംഘടിപ്പിക്കണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു.
ജില്ലയുടെ സമഗ്ര പുരോഗതിക്ക് ആവശ്യമായ മാര്‍ഗരേഖകള്‍ മന്ത്രിസഭാവാര്‍ഷികവേളയില്‍  ചര്‍ച്ചയാകണമെന്ന് ജില്ലാകളക്ടര്‍ ജീവന്‍ബാബു.കെ യോഗത്തില്‍ പറഞ്ഞു.  ഭാവി പദ്ധതിയുടെ  രൂപീകരണമായി  ഈ വേളയെ  മാറ്റിയെടുക്കാനാകണമെന്നും അദ്ദേഹം പറഞ്ഞു.  തുടര്‍ന്ന് വിവിധ  വകുപ്പു മേധാവികള്‍ വാര്‍ഷികാഘോഷങ്ങളിലെ പങ്കാളിത്തപദ്ധതികള്‍ വിശദീകരിച്ചു.  വിപുലമായ ചര്‍ച്ചയും നടന്നു.  ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ.വി സുഗതന്‍ വാര്‍ഷിക പരിപാടികള്‍ സംബന്ധിച്ച് വിശദീകരണം നടത്തി.  എഡിഎം:എന്‍.ദേവിദാസ്, ഡെപ്യൂട്ടികളക്ടര്‍മാര്‍ തുടങ്ങിയവരും സംബന്ധിച്ചു.
ഏപ്രില്‍ 12 ന്  രണ്ടു മണിക്ക് എംപി-എംഎല്‍എമാര്‍, ജനപ്രതിനിധികള്‍ പങ്കെടുക്കുന്ന യോഗവും മൂന്ന് മണിക്ക്  യുവജനസംഘടനകളുടെ  പങ്കാളിത്തത്തോടെയുളള യോഗവും തുടര്‍ന്ന് സംഘാടകസമിതി രൂപീകരണവും നടക്കും.