ജില്ലാപഞ്ചായത്ത് ഓഫീസിലെ വുമണ്‍ എംപവര്‍മെന്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജോലിസ്ഥലത്ത് സ്ത്രീകള്‍ നേരിടേണ്ടി വരുന്ന പീഡനാവസ്ഥകള്‍ക്കെതിരെ സ്വീകരിക്കാവുന്ന പ്രതിരോധ നടപടികളേയും നിയമനടപടികളേയും കുറിച്ച് ജീവനക്കാര്‍ക്ക് ബോധവല്‍ക്കരണ ക്ലാസ് നടത്തി. ജില്ലാ പഞ്ചായത്ത് ഓഫീസിലെയും അനുബന്ധ വകുപ്പുകളിലെയും മുഴുവന്‍ ഉദ്യോഗസ്ഥരെയും പങ്കെടുപ്പിച്ചു നടത്തിയ ബോധവല്‍ക്കരണ ക്ലാസ് ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി.നന്ദകുമാര്‍ ഉദ്ഘാടനം ചെയ്തു. ഈ വിഷയവുമായി ബന്ധപ്പെട്ട ആക്ട് 2013 നെ അധികരിച്ച് നടന്ന ക്ലാസ് ജില്ലാ വനിതാ പ്രൊട്ടക്ഷന്‍ ഓഫീസര്‍ സുലജ നയിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ പുഷ്പ അമേക്കള അധ്യക്ഷത വഹിച്ചു. ജൂനിയര്‍ സൂപ്രണ്ട് ഷിജി വി.വി സ്വാഗതവും കെ ബാലകൃഷ്ണന്‍ നന്ദിയും പറഞ്ഞു.