എറണാകുളം: കോവിഡിനെ പ്രതിരോധിക്കാൻ തിരഞ്ഞെടുപ്പ് ജീവനക്കാർക്കുള്ള സാനിറ്റൈസറ്റുകളുടെയും എൻ 95 മാസ്കുകളുടെയും കൈയുറകളുടെയും വിതരണം ആരംഭിച്ചു . ജില്ലാ കളക്ടർ എസ്.സുഹാസ് റിട്ടേണിംഗ് ഓഫീസർ കൂടിയായ ഡപ്യൂട്ടി കളക്ടർ പി.ബി.സുനിലാലിന് നൽകി വിതരണോദ്ഘാടനം നടത്തി.

കോവിഡ് പശ്ചാത്തലത്തിൽ തദ്ദേശ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർക്കായി കർശന പ്രതിരോധ നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്. ഉദ്യോഗസ്ഥർ സാനിറ്റൈസർ നിർബന്ധമായും ഉപയോഗിക്കണമെന്ന നിബന്ധനയുണ്ട്. ഫേസ് ഷീൽഡ്, മാസ്ക് , കൈയുറ എന്നിവയും ധരിച്ചിരിക്കണം. ഇതിനായി ജില്ലയിൽ ഇന്നലെ 82200 എൻ 95 മാസ്കുകളാണ് വിതരണത്തിനായി എത്തിച്ചത്. 108200 കൈയുറകളും അരലിറ്റർ ഉൾക്കൊള്ളുന്ന 5860 ബോട്ടിൽ സാനിറ്റൈസറും വിതരണത്തിനായുണ്ട്.

കേരള മെഡിക്കൽ സർവീസ് കോർപറേഷനാണ് വിതരണത്തിൻ്റെ ചുമതല. കൂടാതെ പോളിംഗ് ദിവസം ബൂത്തുകളിൽ ഉപയോഗിക്കുന്നതിനായി 500 എം.എൽ വീതമുള്ള 12640 ബോട്ടിൽ സാനിറ്റൈസറും അഞ്ച് ലിറ്ററിൻ്റെ 3160 ബോട്ടിൽ സാനിറ്റൈസറും എത്തിച്ചു. ഒറ്റത്തവണ ഉപയോഗിക്കാവുന്ന 20200 ഫെയ്സ് ഷീൽഡുകളും വീണ്ടും ഉപയോഗിക്കാവുന്ന 250 ഫെയ്സ് ഷീൽഡും ജീവനക്കാർക്കായി എത്തിച്ചു കഴിഞ്ഞു.

ഗ്രാമപഞ്ചായത്ത് വരണാധികാരികൾക്കുള്ള സാമഗ്രികൾ അതാത് ബ്ലോക്ക് ഓഫീസുകളിൽ എത്തിച്ചായിരിക്കും വിതരണം ചെയ്യുന്നത്. ജില്ലാ പഞ്ചായത്ത് പ്രിയദർശിനി ഹാളിലും കാക്കനാട് പഴയ വില്ലേജ് ഓഫീസ് ഹാളിലുമാണ് സാമഗ്രികൾ സൂക്ഷിച്ചിരിക്കുന്നത്. ബൂത്തിലേക്കുള്ള സാമഗ്രികളുടെ വിതരണം പിന്നീട് നടക്കും.