വന്‍കിട കോര്‍പറേറ്റ് സ്വകാര്യ ആശുപത്രികളില്‍ ലഭിക്കുന്ന അതേ സാങ്കേതിക തികവുള്ള ചികിത്സ നാട്ടിലെ പാവപ്പെട്ടവര്‍ക്കും ലഭ്യമാക്കാന്‍ ഗവ. ആശുപത്രികളെ മെച്ചപ്പെടുത്തുകയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് ആരോഗ്യ, സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. ലോകാരോഗ്യ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
സര്‍ക്കാര്‍ ആശുപത്രികളെ മെച്ചപ്പെടുത്താന്‍ കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ 4300 പുതിയ തസ്തികകള്‍ സൃഷ്ടിച്ചു. ഇത് സര്‍വകാല റെക്കോര്‍ഡാണ്. രണ്ടു വര്‍ഷത്തിനിടെ സ്റ്റാഫ് നഴ്സുമാരുടെ 830ലേറെ തസ്തികകള്‍ സൃഷ്ടിച്ചു. നിലവില്‍ ആകെയുള്ള സ്റ്റാഫ് നഴ്സുമാരുടെ മൂന്നിലൊന്നില്‍ കൂടുതലാണിത്. എങ്കിലും നമ്മള് ആവശ്യപ്പെടുന്ന സ്പെഷ്യാലിറ്റികളും ഡോക്ടര്‍ രോഗി അനുപാതവും നഴ്സ് രോഗി അനുപാതവും പൂര്‍ണമായിട്ടില്ല. ‘എല്ലാവര്ക്കും ആരോഗ്യം’ എന്ന ലോകാരോഗ്യ സംഘടനയുടെ മുദ്രാവാക്യം പ്രാവര്‍ത്തികമാക്കുകയാണ് നമ്മുടെ ലക്ഷ്യം. ഇതിന് പകര്‍ച്ചവ്യാധികളെ തുരത്തണം. കൂടാതെ, പ്രാഥമികാരോഗ്യ മേഖലയെ ശക്തിപ്പെടുത്തണം. ഇതിനാണ് മൂന്ന് ഡോക്ടര്‍മാര്‍, നാല് സ്റ്റാഫ് നഴ്സുമാര്‍, ലാബ്ടെക്നീഷ്യന്‍, ഫാര്‍മസിസ്റ്റ് എന്നിവടങ്ങിയ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ മാതൃക രൂപപ്പെടുത്തിയത്. ആദ്യഘട്ടത്തില്‍ 170 പി.എച്ച്.സികളെ തെരഞ്ഞെടുത്തു. നൂറിലധികം പി.എച്ച്.സികള്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളായി പ്രവര്‍ത്തനം തുടങ്ങി. ബാക്കി ഏപ്രില്‍, മെയ് മാസത്തോടെ പൂര്‍ത്തിയാവും. അടുത്ത വര്‍ഷത്തേക്ക് 500 കേന്ദ്രങ്ങള്‍ കൂടി കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കാനാണ് ഉദ്ദേശിക്കുന്നത്. കുടുംബാരോഗ്യകേന്ദ്രത്തിന്റെ പ്രവര്‍ത്തനം നിശ്ചയിച്ച് മാര്‍ഗനിര്‍ദേശം നല്‍കിയിട്ടുണ്ട്. കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ വിവിധ ക്ലിനിക്കുകളും ആരംഭിച്ചു. ഇതിലെല്ലാമുപരി പരാതികളില്ലാത്തവിധമുള്ള ആശയവിനിമയം ജനങ്ങളുമായി ആശുപത്രികളില്‍ ഉണ്ടാക്കണം.
രോഗികളുടെ വിവരങ്ങള്‍ ശേഖരിച്ച് ക്രോഡീകരിക്കുന്ന ഇ-ഹെല്‍ത്ത് പദ്ധതി ഏഴ് ജില്ലകളില്‍ ആരംഭിച്ചു. ഇത് പൂര്‍ത്തിയായാല്‍ ലോകത്തിനാകെ മാതൃകയായിരിക്കും. ഗവ. ആശുപത്രികളിലെ ഒ.പികളും നവീകരിച്ചുകൊണ്ടിരിക്കുകയാണ്. ഒാരോ രോഗത്തിനും പ്രത്യേക പദ്ധതി ആവിഷ്ക്കരിക്കുകയാണ്. കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ 76 കോടി രൂപയുടെ വികസന പ്രവര്‍ത്തനം അടുത്ത മാസം ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.
കണ്ണൂര്‍ കോര്പറേഷന് മേയര്‍ ഇ.പി. ലത അധ്യക്ഷത വഹിച്ചു. പി.കെ. ശ്രീമതി ടീച്ചര്‍ എം.പി ആരോഗ്യ ദിനാചരണ സന്ദേശം നല്കി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. സുമേഷ്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. നാരായണ നായ്ക്, ആരോഗ്യ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. സി.കെ. ജഗദീശന്, സംസ്ഥാന ഡെപ്യൂട്ടി എജുക്കേഷന്‍ ആന്‍ഡ് മാസ് മീഡിയ ഓഫീസര്‍ ആര്. അനില്‍ കുമാര്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ പഞ്ചായത്ത് ആരോഗ്യ, വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്മാന് കെ.പി. ജയബാലന്‍, ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്പേഴ്സന് ടി.ടി. റംല, കോര്പറേഷന് ആരോഗ്യ സ്ഥിരം സമിതി ചെയര്പേഴ്സന് അഡ്വ. ഇന്ദിര പ്രേമാനന്ദ്, കൗണ്‍സിലര്‍ അഡ്വ. ലിഷ ദീപക്, ഡി.എം.ഒ (ഐ.എസ്.എം) ഡോ. അബ്ദുല്‍ ഫത്താഫ്, ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. കെ.വി. ലതീഷ്, ജില്ലാ ആസൂത്രണ സമിതി അംഗം കെ.വി. ഗോവിന്ദന്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി വി. ചന്ദ്രന്, എക്സൈസ് ഡെപ്യൂട്ടി കമീഷണര്‍ വി.വി. സുരേന്ദ്രന്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ.കെ. പത്മനാഭന്, ഐ.എം.എ പ്രസിഡന്റ് ഡോ.എം.കെ. അനില്‍കുമാര്‍, കെ.ജി.എം.ഒ.എ പ്രസിഡന്റ് ഡോ. പി.കെ. അനില്‍കുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
ബോധവത്കരണ സെമിനാറില്‍ പരിയാരം മെഡിക്കല്‍ കോളജ് കമ്യൂണിറ്റി വിഭാഗം അസി. പ്രൊഫസര്‍ ഡോ. ആര്.കെ. സുമ വിഷയാവതരണം നടത്തി. ജീവിതശൈലി നിര്‍ണയ ക്യാമ്പും കൂട്ടനടത്തവും ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ചു. ‘സാര്‍വത്രിക ആരോഗ്യ പരിരക്ഷ: എല്ലാവര്ക്കും എല്ലായിടത്തും’ എന്നതാണ് ഈ വര്‍ഷത്തെ ലോകാരോഗ്യദിന സന്ദേശം.
സാങ്കേതിക തികവുള്ള ചികിത്സ പാവപ്പെട്ടവര്‍ക്കും ലഭ്യമാക്കും: ആരോഗ്യമന്ത്രി
Home /ജില്ലാ വാർത്തകൾ/കണ്ണൂർ/സാങ്കേതിക തികവുള്ള ചികിത്സ പാവപ്പെട്ടവര്‍ക്കും ലഭ്യമാക്കും: ആരോഗ്യമന്ത്രി