തീരദേശ ജില്ലാകളക്ടർമാർ, ഫിഷെറീസ് വകുപ്പ്, കോസ്റ്റൽ പോലീസ് എന്നിവർക്കുള്ള പ്രത്യേക ജാഗ്രത നിർദേശം
അറബിക്കടലിൽ 19-11-2020 നോട് കൂടി ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്ന പശ്ചാത്തലത്തിൽ കേരള തീരത്ത് നിന്ന് കടലിൽ പോകുന്നത് ഇനിയൊരറിയിപ്പുണ്ടാകുന്നത് വരെ കർശനമായി നിരോധിച്ചിരിക്കുന്നു. മൽസ്യ തൊഴിലാളികൾ ഒരു കാരണവശാലും കടലിൽ പോകാൻ പാടുള്ളതല്ല. നിലവിൽ ആഴക്കടലിൽ മൽസ്യ ബന്ധനത്തിൽ ഏർപ്പെട്ടിരിക്കുന്നവർ അടുത്തുള്ള സുരക്ഷിത തീരങ്ങളിൽ എത്തണമെന്ന് അറിയിപ്പ് നൽകേണ്ടതാണ്.
ന്യൂനമർദ രൂപീകരണ സാധ്യതാ മുന്നറിയിപ്പ് മൽസ്യ തൊഴിലാളി ഗ്രാമങ്ങളിലും മൽസ്യ ബന്ധന തുറമുഖങ്ങളിലും വിളിച്ചു പറയേണ്ടതും അപകട സാധ്യത ഒഴിയുന്നത് വരെ മൽസ്യതൊഴിലാളികൾ കടലിൽ പോകുന്നത് തടയുകയും ചെയ്യേണ്ടതാണ്. ഇതിനാവശ്യമായ നടപടികൾ കോസ്റ്റൽ പോലീസ്, ഫിഷെറീസ്, ജില്ലാ ദുരന്ത നിവാരണ അതോറിറ്റി എന്നിവർ സ്വീകരിക്കേണ്ടതാണ്.
ന്യൂനമർദം രൂപം കൊള്ളുന്ന സാഹചര്യത്തിൽ കേരള തീരത്ത് കടലാക്രമണം ശക്തമാകാനും ശക്തമായ കാറ്റിനുമുള്ള സാധ്യത മുന്നിൽ കണ്ട്കൊണ്ടുള്ള മുൻകരുതൽ നടപടികൾ സ്വീകരിക്കാവുന്നതാണ്. കേന്ദ്ര കാലാവസ്ഥ വകുപ്പിൻറെയും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെയും ഇത് സംബന്ധിച്ചുള്ള മുന്നറിയിപ്പുകൾ കർശനമായി പാലിക്കേണ്ടതാണ്.