തിരുവിതാംകൂര്‍, കൊച്ചി ദേവസ്വം ബോര്‍ഡുകളിലേക്ക് ഹിന്ദു വിശ്വാസികളായ പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍ നിന്നും ഓരോ അംഗങ്ങളെ വീതവും മലബാര്‍ ബോര്‍ഡിലേക്ക് ഹിന്ദു വിശ്വാസികളായ രണ്ടു അംഗങ്ങളെയും തിരഞ്ഞെടുക്കുന്നു. ഡിസംബര്‍ 23ന് രാവിലെ പത്തു മുതല്‍ വൈകിട്ട് നാലുവരെയാണ് സെക്രട്ടേറിയറ്റ് ദര്‍ബാര്‍ ഹാളില്‍ തിരഞ്ഞെടുപ്പ് നടക്കുക. നിയമസഭയിലെ ഹിന്ദു എം.എല്‍.എ മാരാണ് അംഗങ്ങളെ തിരഞ്ഞെടുക്കുന്നത്. വിരമിച്ച ജില്ല ജഡ്ജും സംസ്ഥാന മുന്‍ തിരഞ്ഞെടുപ്പ് കമ്മീഷണറുമായ കെ.ശശിധരന്‍ നായര്‍ക്കാണ് ചുമതല.

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് തിരഞ്ഞെടുപ്പ് നടത്തുക. നവംബര്‍ 23ന് രാവിലെ 11ന് കരട് വോട്ടര്‍ പട്ടിക നിയമസഭ മന്ദിരം, ഐ&പി.ആര്‍.ഡി, റവന്യൂ (ദേവസ്വം) വകുപ്പ് അഡീഷണല്‍ സെക്രട്ടറിയുടെ ഓഫീസ് എന്നിവിടങ്ങളിലെ നോട്ടീസ് ബോര്‍ഡുകളില്‍ പ്രസിദ്ധീകരിക്കും. അക്ഷേപങ്ങള്‍ ഉണ്ടെങ്കില്‍ 23 മുതല്‍ 25 വൈകുന്നേരം നാലുമണി വരെ റവന്യൂ (ദേവസ്വം) വകുപ്പ് അഡീഷണല്‍ സെക്രട്ടറിയുടെ (ഗവ. സെക്രട്ടറിയറ്റ് അനക്സ് 2 ലെ ഒന്നാം നിലയിലുളള 107-ാം നമ്പര്‍ മുറി) ഓഫീസില്‍ സമര്‍പ്പിക്കാം. ആക്ഷേപങ്ങള്‍ 27ന് 11 മണിക്ക് ചെയര്‍മാന്റെ ഓഫീസില്‍ പരിശോധിച്ച് തീര്‍പ്പ് കല്പിക്കും.

അന്തിമ വോട്ടര്‍ പട്ടിക അന്ന് തന്നെ പ്രസിദ്ധീകരിക്കും. ഡിസംബര്‍ രണ്ടിന് രാവിലെ മുതല്‍ വൈകുന്നേരം നാലുവരെ ചെയര്‍മാന്‍ മുമ്പാകെ സെക്രട്ടേറിയറ്റ് ദര്‍ബാര്‍ ഹാളില്‍ നാമ നിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാം. നാമ നിര്‍ദ്ദേശപത്രികയുടെ സൂക്ഷ്മപരിശോധന അന്ന് വൈകുന്നേരം 4.15 മുതല്‍ നടത്തും. തുടര്‍ന്ന് ലിസ്റ്റ് പ്രസിദ്ധീകരിക്കും. ഡിസംബര്‍ മൂന്നിന് വൈകുന്നേരം നാലുമണിക്കു മുമ്പ് നാമനിര്‍ദ്ദേശപത്രിക പിന്‍വലിക്കാം. പിന്‍വലിക്കുവാനുളള അപേക്ഷ നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട സ്ഥാനാര്‍ത്ഥി രേഖാമൂലം റവന്യൂ (ദേവസ്വം) വകുപ്പ് അഡീഷണല്‍ സെക്രട്ടറിയ്ക്ക് നല്‍കണം. ഡിസംബര്‍ മൂന്നിന് വൈകുന്നേരം 4.15ന് മത്സരിക്കുന്ന സ്ഥാനാര്‍ത്ഥിയുടെ പട്ടിക പ്രസിദ്ധീകരിക്കും.

നോമിനേഷന്‍ ഫോമുകള്‍ റവന്യൂ (ദേവസ്വം) വകുപ്പ് അഡീഷണല്‍ സെക്രട്ടറിയുടെ ഓഫീസില്‍ (റൂം നമ്പര്‍ 107, അനക്സ് 2, ഒന്നാം നില, ഗവ. സെക്രട്ടേറിയറ്റ്, തിരുവനന്തപുരം) നിന്നും നവംബര്‍ 30, ഡിസംബര്‍ ഒന്ന് തീയതികളില്‍ രാവിലെ 11 മണി മുതല്‍ വൈകിട്ട് അഞ്ചു മണിവരെ ലഭിക്കും. വോട്ടര്‍ പട്ടികയും പരിശോധനക്ക് ലഭിക്കും. വിശദവിവരങ്ങള്‍ക്ക് 0471-2518397/0471-2518147.