തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ പെരുമാറ്റച്ചട്ടവുമായി ബന്ധപ്പെട്ടു രൂപീകരിച്ച മോണിറ്ററിങ് സെല്ലിന്റെ ആദ്യ യോഗത്തിൽ ലഭിച്ചത് അഞ്ചു പരാതികൾ.

ചുവരെഴുത്തു സംബന്ധിച്ചും സർക്കാർ സ്ഥാപനങ്ങളിലും വസ്തുവകകളിലും പ്രചാരണോപാധികൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടുമാണു പരാതികൾ ലഭിച്ചത്. ഇതിൽ നാലെണ്ണം പരിശോധിക്കാൻ എംസിസി സ്‌ക്വാഡിനും ആന്റി ഡിഫേസ്‌മെന്റ് സ്‌ക്വാഡിനും നിർദേശം നൽകി. ഒരെണ്ണം സംസ്ഥാന തെരഞ്ഞെടുപ്പു കമ്മിഷന്റെ പരിശോധനയ്ക്കു വിട്ടു.

ജില്ലയിൽ തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും ഇതുമായി ബന്ധപ്പെട്ടു ലഭിക്കുന്ന പരാതികൾ സമയബന്ധിതമായി തീർപ്പാക്കണമെന്നും യോഗത്തിൽ അധ്യക്ഷത വഹിച്ച ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസർകൂടിയായ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ പറഞ്ഞു. രണ്ടു ദിവസത്തിലൊരിക്കൽ കമ്മിറ്റി യോഗം ചേരും. അടിയന്തര ഘട്ടങ്ങളിൽ ഉടൻ യോഗം ചേർന്നു പരാതികളിൽ തീർപ്പുണ്ടാക്കുമെന്നും കളക്ടർ പറഞ്ഞു.

ജില്ലാ കളക്ടറുടെ ചേംബറിൽ ചേർന്ന യോഗത്തിൽ മോണിറ്ററിങ് സെൽ കൺവീനറായ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ത്രേസ്യാമ്മ ആന്റണി, അംഗങ്ങളായ ജില്ലാ പൊലീസ് മേധാവി ബി. അശോകൻ, തെരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കളക്ടർ ജോൺ വി. സാമുവൽ, ജില്ലാ ഇൻഫർമേഷൻ ഓഫിസർ ജി. ബിൻസിലാൽ എന്നിവർ പങ്കെടുത്തു.