കൊല്ലം : തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിക്കുന്നതായി പറഞ്ഞ് പദ്ധതി പ്രവര്‍ത്തനങ്ങള്‍ തടയരുതെന്ന് ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ അറിയിച്ചു. നേരത്തെ എഗ്രിമെന്റ് വെച്ച് തുടങ്ങി വരുന്ന പദ്ധതികള്‍ ചട്ടലംഘനത്തിന്റെ പേരില്‍ തടയാന്‍ പാടില്ല. പെരുമാറ്റചട്ട പരിധിയില്‍ അവ വരുന്നതല്ലെന്നും കലക്ടര്‍ ഓര്‍മപ്പെടുത്തി. മാതൃകാ പെരുമാറ്റച്ചട്ടം പാലിക്കുന്നത് നിരീക്ഷിക്കുന്ന ജില്ലാതല സമിതിയുടെ യോഗത്തിലാണ് കലക്ടര്‍ ഇക്കാര്യം അറിയിച്ചത്. പദ്ധതി പ്രവര്‍ത്തനങ്ങള്‍ തടയുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ പ്രശ്നങ്ങള്‍ ഉദ്യോഗസ്ഥര്‍ കലക്ടറുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. കൊല്ലം കോര്‍പ്പറേഷനില്‍ 11 പേരടങ്ങുന്ന ഒരു സംഘം സ്ഥാനാര്‍ഥിയുടെ കൂടെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഇറങ്ങിയത് തടയുകയും താക്കീത് നല്കി വിട്ടതായും സബ്കലക്ടര്‍ ശിഖാ സുരേന്ദ്രന് യോഗത്തില്‍ അറിയിച്ചു. താലൂക്ക് തല സ്ക്വാഡുകള്‍ ഇക്കാര്യം ശ്രദ്ധിക്കണമെന്ന് ജില്ലാ കലക്ടര്‍ നിര്‍ദ്ദേശിച്ചു.
നാമനിര്‍ദ്ദേശ പത്രികാ സമര്‍പ്പണത്തിനുള്ള അവസാന ദിവസമായ നാളെ വരണാധികാരികളുടെ ഓഫീസുകളില്‍ തിക്കും തിരക്കും ഒഴിവാക്കുന്നതിനും കോവിഡ് പ്രോട്ടോകോള്‍ പാലനം കര്‍ശനമാക്കുന്നതിനും ശ്രമിക്കണമെന്നും കലക്ടര്‍ നിര്‍ദ്ദേശം നല്കി. ലഭിച്ച അഞ്ച് പരാതികളില്‍ മൂന്ന് പരാതികള്‍ തീര്‍പ്പാക്കിയതായി ജില്ലാ നോഡല്‍ ഓഫീസര്‍ ആസിഫ് കെ യൂസഫ് യോഗത്തില്‍ അറിയിച്ചു.
