കൊല്ലം : തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രചരണ പ്രവര്‍ത്തനങ്ങളില്‍ കോവിഡ് പ്രതിരോധവും മാര്‍ഗനിര്‍ദേശങ്ങളും സംബന്ധിച്ച ബോധവത്കരണം നല്‍കാനും അവ പാലിക്കുന്നത് ഉറപ്പുവരുത്താനും ആരോഗ്യവകുപ്പിന്റെ പ്രത്യേക സെല്ലുകള്‍ പ്രവര്‍ത്തനമാരംഭിച്ചു. ജില്ലാ-ഉപജില്ലാ തലങ്ങളിലും തദ്ദേശ സ്ഥാപന തലങ്ങളിലും രൂപീകരിച്ച സെല്ലുകള്‍ ജില്ലയില്‍ എല്ലായിടത്തും നിരീക്ഷണങ്ങളും പരിശോധനകളും നടത്തും.
ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ മണികണ്ഠനാണ് ജില്ലാതല സെല്ലിന്റെ ചുമതല. ഡോ വിഷ്ണു, ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസര്‍ ശ്രീകുമാര്‍, ടെക്‌നിക്കല്‍ അസിസ്റ്റന്റ് നാരായണന്‍ എന്നിവരാണ് മറ്റംഗങ്ങള്‍.
ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ നോഡല്‍ ഓഫീസറും പബ്ലിക് ഹെല്‍ത്ത് നഴ്‌സിംഗ് സൂപ്പര്‍വൈസര്‍ അംഗവുമായ സെല്ലാണ് ബ്ലോക്കുകളില്‍ പ്രവര്‍ത്തിക്കുന്നത്.
പഞ്ചായത്ത്-വാര്‍ഡുതലങ്ങളിലെ സെല്ലുകളില്‍ പബ്ലിക് ഹെല്‍ത്ത് നഴ്സ്, ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ തുടങ്ങിയവര്‍ അംഗങ്ങളാണ്. പ്രാഥമിക-സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലെ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്കാണ് പ്രവര്‍ത്തനങ്ങളുടെ ഏകോപന ചുമതല.
പുനലൂര്‍, കൊട്ടാരക്കര, കൊല്ലം, കരുനാഗപ്പള്ളി താലൂക്ക് ആശുപത്രികളില്‍ യഥാക്രമം ഡോ ഷാഹിര്‍ഷാ, ഡോ ജ്യോതിലാല്‍, ഡോ നടാഷ, ഡോ തോമസ് എന്നിവരുടെ നേതൃത്വത്തില്‍ കോവിഡ് കെയര്‍ യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ആര്‍ ശ്രീലത അറിയിച്ചു.