ആലപ്പുഴ: ഉദ്യോഗസ്ഥരുടെ നിഷ്പക്ഷവും നീതിപൂർവ്വകവും സത്യസന്ധവുമായ ഇടപെടല്‍ മൂലം ജനാധിപത്യപ്രക്രിയയിൽ ജനങ്ങൾക്കുള്ള വിശ്വാസം വർധിപ്പിക്കാൻ സാധിക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ടിക്കാറാം മീണ പറഞ്ഞു. സുതാര്യതയും വിശ്വസനീയതയും ഇന്ത്യൻ ജനാധിപത്യത്തിൻറെ പ്രത്യേകതയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലയിലെ മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിന് ആലപ്പുഴയില്‍ ചേര്‍ന്ന ജില്ല കളക്ടര്‍ ഉള്‍പ്പടെയുള്ള ഉദ്യോഗസ്ഥരുടെ യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വോട്ടർപട്ടിക പുതുക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം വരുന്ന രണ്ടുമാസം നല്‍കണമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ പറഞ്ഞു. രാഷ്ട്രീയ പാർട്ടികളുടെ ഭാഗത്തുനിന്നു ചിലപ്പോൾ ജനങ്ങളെ പ്രലോഭിപ്പിക്കാനും മറ്റുമുള്ള ശരിയല്ലാത്ത ശ്രമങ്ങൾ ഉണ്ടാകാറുണ്ട്. ഇത് ഉദ്യോഗസ്ഥർ അനുവദിക്കരുത്. ഉദ്യോഗസ്ഥർക്ക് പൂർണ സംരക്ഷണം നൽകാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ ബാധ്യസ്ഥമാണെന്നും അദ്ദേഹം പറഞ്ഞു.

ഭയരഹിതവും സ്വതന്ത്രവുമായ സമ്മതിദാനാവകാശം ഉറപ്പാക്കണം. ഏപ്രില്‍, മെയ് മാസങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനുള്ള സാധ്യത മുന്നില്‍ കണ്ട് നേരത്തെ ഒരുങ്ങണമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ പറഞ്ഞു. വോട്ടര്‍ പട്ടിക സംശുദ്ധമായിരിക്കണം. 2021 ജനുവരി ഒന്നിന് 18 വയസ്സ് പൂര്‍ത്തീകരിച്ച ഏതൊരു പൗരനെയും പട്ടികയില്‍ ഉള്‍പ്പെടുത്താം. ആക്ഷേപങ്ങള്‍ സ്വീകരിക്കല്‍, പേര് ചേര്‍ക്കല്‍, പേര് നീക്കം ചെയ്യല്‍ എന്നിവ കണിശതയോടെയും കൃത്യതയോടെയും ചെയ്യണം. ബ്ലോക്ക് ലെവല്‍ ഓഫീസര്‍മാര്‍ ഇക്കാര്യത്തില്‍ പ്രത്യേക ശ്രദ്ധ പതിപ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു. മനഃപൂര്‍വം ആരെയും ഒഴിവാക്കരുത്.

എല്ലാ തഹസില്‍ദാര്‍മാരും രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികളുടെ യോഗം വിളിക്കണം. പരമാവധി പേരെ പട്ടികയില്‍ ചേര്‍ക്കാന്‍ ശ്രമം വേണം. പട്ടികയില്‍ നിന്ന് പേര് നീക്കുമ്പോള്‍ ബന്ധപ്പെട്ട കക്ഷിക്ക് നോട്ടീസ് നല്‍കിയിരിക്കണം. ഇപ്പോള്‍ കണ്ടെത്തിയിട്ടുള്ള പോളീങ് ബൂത്തുകള്‍ പ്രവര്‍ത്തനക്ഷമമാണെന്ന് നേരിട്ട് ഉദ്യോഗസ്ഥര്‍ പരിശോധിച്ച് ഉറപ്പാക്കണം. കോവിഡ് പശ്ചാത്തലത്തിലാണ് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നതെങ്കില്‍ ആയിരത്തിന് മുകളില്‍ വോട്ടര്‍മാരുള്ള പോളിങ് ബൂത്തുകളില്‍ ഒരു ഓക്സിലറി ബൂത്ത് ആ കെട്ടിടത്തില്‍ തന്നെ കൂടുതലായി സജ്ജമാക്കണം. ജില്ലയില്‍ 793 ബുത്തുകള്‍ ഇത്തരത്തില്‍ പരിഗണിക്കേണ്ടിവരുമെന്ന് അദ്ദേഹം പറഞ്ഞു. 80 വയസ്സില്‍ കൂടുതല്‍ പ്രായമായവര്‍ക്ക് അവരുടെ താല്‍പ്പര്യം പരിഗണിച്ച് പോസ്റ്റല്‍ വോട്ടിനുള്ള സൗകര്യം നല്‍കണമെന്ന് ടിക്കാറാം മീണ പറഞ്ഞു.