എറണാകുളം: തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രക്രിയ സുഗമമാക്കുന്നതിന്റെ ഭാഗമായി ജില്ലാതല നോഡല്‍ ഓഫീസര്‍മാരെ ചുമതലപ്പെടുത്തി. നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്കും കോവിഡ് 19 പോസിറ്റീവ് ആയവര്‍ക്കുമുള്ള പോസ്റ്റല്‍ ബാലറ്റ് ക്രമീകരണം, കോവിഡ് 19 നിബന്ധനകളുടെ പാലനം, പോളിങ്ങ് ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനം, സ്ഥാനാര്‍ത്ഥികളുടെ തിരഞ്ഞെടുപ്പ് ചെലവിന്റെ നിരീക്ഷണം, ഹരിത പെരുമാറ്റച്ചട്ട പാലനം തുടങ്ങിയ കാര്യങ്ങള്‍ക്കാണ് നോഡല്‍ ഓഫീസര്‍മാരെ നിയമിച്ചിട്ടുള്ളത്.

ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ എസ്.ഷാജഹാന്‍ ആണ് കോവിഡ് 19 നിബന്ധനകളുടെ പാലനത്തിന്റെയും പോസ്റ്റല്‍ വോട്ട് ക്രമീകരണത്തിന്റെയും നോഡല്‍ ഓഫീസര്‍. ജില്ലാ ഫിനാന്‍സ് ഓഫീസര്‍ ജി.ഹരികുമാര്‍ ആണ് സ്ഥാനാര്‍ത്ഥികളുടെ തിരഞ്ഞെടുപ്പ് ചെലവുകള്‍ നിരീക്ഷിക്കുന്നതിനുള്ള നോഡല്‍ ഓഫീസര്‍. എറണാകുളം റീജിയണല്‍ ട്രാൻസ്‌പോര്‍ട്ട് ഓഫീസര്‍ ബാബു ജോണിനെ തിരഞ്ഞെടുപ്പ് ആവശ്യത്തിനുള്ള വാഹന ക്രമീകരണങ്ങളുടെ നോഡല്‍ ഓഫീസര്‍ ആയി ചുമതലപ്പെടുത്തിയിട്ടുണ്ട്.
പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിലെ സീനിയര്‍ സൂപ്രണ്ട് ഡൈന്യൂസ് തോമസ് ആണ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോളിങ്ങ് ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കുന്നതിന്റെ നോഡല്‍ ഓഫീസര്‍. കളക്ടറേറ്റ് സ്യൂട്ട് വിഭാഗം സീനിയര്‍ സൂപ്രണ്ട് കെ. ആർ.രാഗിണിക്കാണ് തിരഞ്ഞെടുപ്പ് സംബന്ധമായ പരാതികള്‍ പരിഗണിക്കാനുള്ള ചുമതല. ശുചിത്വ മിഷന്‍ ജില്ല കോര്‍ഡിനേറ്റര്‍ പി.എച്ച് ഷൈനെ ഹരിത പെരുമാറ്റച്ചട്ടപാലനത്തിന്റെ നോഡല്‍ ഓഫീസര്‍ ആയി നിയമിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് സംബന്ധമായ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് കൈമാറുന്നതിനുള്ള നോഡല്‍ ഓഫീസര്‍ ആയി ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ബി. സേതുരാജിനെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്.