ഹരിത ചട്ടങ്ങള്‍ പാലിച്ചുകൊണ്ടുള്ള തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ പരിസ്ഥിതി സൗഹാര്‍ദ്ദമായി കാര്യങ്ങള്‍ ആസൂത്രണം ചെയ്യണം. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി രൂപപ്പെടാനിടയുള്ള മാലിന്യങ്ങളുടെ അളവ് പരമാവധി കുറക്കുകയും കഴിയുന്നിടത്തോളം പ്രകൃതി സൗഹാര്‍ദ്ദ വസ്തുക്കള്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ ആവശ്യങ്ങള്‍ക്കും ഉപയോഗിക്കണം. 2020 ലെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ പഞ്ചായത്തുകളിലും നഗരസഭകളിലുമായി നിലവില്‍ 21900 വാര്‍ഡുകളാണുള്ളത്. ഇവിടങ്ങളില്‍ നിന്നായി പ്ലാസ്റ്റിക് ഉത്പന്നങ്ങളും ഡിസ്‌പോസിബിള്‍ വസ്തുക്കളും ഉപയോഗിക്കുമ്പോള്‍ ഉണ്ടാകാന്‍ സാധ്യതയുള്ള മാലിന്യത്തിന്റെ അളവ് 5776 ടണ്‍ വരും. ബാനറുകള്‍, കൊടിതോരണങ്ങള്‍, പ്ലാസ്റ്റിക്, കുപ്പിവെള്ളം, ഡിസ്‌പോസിബിള്‍ കപ്പുകള്‍, നിരോധിത പ്ലാസ്റ്റിക് കവറുകള്‍ എന്നിവ ഇതില്‍പ്പെടുന്നു. പ്രകൃതിക്ക് ദോഷകരമായ വസ്തുക്കള്‍ ഉപയോഗിക്കുന്ന ബോര്‍ഡുകള്‍ക്ക് നിരോധനമുണ്ട്. കോട്ടണ്‍ തുണിയില്‍ എഴുതി തയ്യാറാക്കിയ ബോര്‍ഡുകള്‍, കോട്ടണ്‍ തുണിയും പേപ്പറും ഉള്‍പ്പെടുന്ന മീഡിയം ഉപയോഗിച്ച് പ്രിന്റ് ചെയ്യുന്ന ബോര്‍ഡുകള്‍ എന്നിവ ഇതിന് പകരമായി ഉപയോഗിക്കണം. കൂടാതെ പനമ്പായ, പുല്‍പ്പായ, ഓല, ഈറ, മുള, പാള തുടങ്ങിയ പ്രകൃതി സൗഹാര്‍ദ്ദ വസ്തുക്കളും ഉപയോഗിക്കാം. പ്രത്യേക അനുമതിയുള്ള സ്ഥലങ്ങളില്‍ ഡിജിറ്റല്‍ ബോര്‍ഡുകളും സ്ഥാപിക്കാം. കൊടികളും തോരണങ്ങളും നിര്‍മ്മിക്കുന്നതിന് പ്ലാസ്റ്റിക് കലര്‍ന്ന തുണി ഒഴിവാക്കണം. നോണ്‍വൂവല്‍ പോളി പ്രൊപ്പലിന്‍ എന്ന വസ്തു പ്ലാസ്റ്റിക്കാണ്. കണ്ടാല്‍ തുണിപോലെ തോന്നുമെങ്കിലും അവയും നിരോധിച്ചിട്ടുണ്ട്.
