തിരുവനന്തപുരം അമ്പല വയൽ മോഡൽ സ്ഥിരം കാർഷിക പ്രദർശന മേള കുമരകത്ത് നടപ്പാക്കി ജനകീയ ടൂറിസം പദ്ധതി വിപുലീകരിക്കുമെന്ന് കാർഷിക വികസനകർഷക ക്ഷേമ മന്ത്രി വി. എസ്. സുനിൽ കുമാർ പറഞ്ഞു. കുമരകം ഗ്രാമ പഞ്ചായത്തും കൃഷി വിജ്ഞാന കേന്ദ്രവും കുമരകം കാർഷിക ഗവേഷണ കേന്ദ്രവും ചേർന്ന് നടപ്പാക്കുന്ന കുമരകം അവധിക്കൊയ്ത്ത് കാർഷിക വിജ്ഞാന മേള ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വേനലവധിക്കാലത്ത് ട്യൂഷനും അവധി ക്ലാസുകൾക്കുമപ്പുറം കുട്ടികൾക്ക് വിനോദവും വിജ്ഞാനവും ഒന്നിച്ച് കൊണ്ടു പോകാൻ അവസരം നൽകുന്ന മികച്ച കാൽവെപ്പാണ് കുമരകം അവധി കൊയ്ത്ത്. കാർഷിക സർവകലാശാലയുടെ പ്രവർത്തനങ്ങളിൽ അടിസ്ഥാനപരമായ മാറ്റം വരുത്തി കർഷകരെ കൂടി ഉൾപ്പെടുത്തി പദ്ധതികൾ ജനകീയമാക്കും. കഴിഞ്ഞ വർഷം സംസ്ഥാനത്ത് ഏറ്റവും കൂടുതൽ തരിശ് കൃഷി ചെയ്ത ജില്ലകളിലൊന്ന് കോട്ടയമാണ്. ഈ വർഷവും കോട്ടയത്ത് തരിശു കൃഷി തുടരും. മൂന്ന് കോടി വൃക്ഷത്തൈകൾ ഈ പരിസ്ഥിതി ദിനത്തിൽ വച്ചു പിടിപ്പിക്കും. നട്ടു പിടിപ്പിക്കുക മാത്രമല്ല നട്ടു പിടിപ്പിച്ച തൈകൾ കൃത്യമായി പരിപാലിക്കപ്പെടുന്നു എന്ന് ഉറപ്പുവരുത്തും.
അഡ്വ. കെ. സുരേഷ് കുറുപ്പ് എം.എൽ.എ അധ്യക്ഷത വഹിച്ചു. കുമരകം കൃഷി വിജ്ഞാന കേന്ദ്രം പുറത്തിറക്കുന്ന ലഘുലേഖയുടെ പ്രകാശനവും ചടങ്ങിൽ നടന്നു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മേരി സെബാസ്റ്റ്യൻ, ജില്ലാ പഞ്ചായത്തംഗം ജയേഷ് മോഹൻ, മീനച്ചിലാർ-മീനന്തലയാർ-കൊടൂരാർ പുനർ സംയോജന പദ്ധതിയുടെ കോർഡിനേറ്റർ അഡ്വ. കെ. അനിൽകുമാർ, ബാംഗ്ലൂർ അഗ്രികൾച്ചർ ടെക്നോളജി ആപ്ലിക്കേഷൻ റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. എം. ജെ. ചന്ദ്ര ഗൗഡ, കാർഷിക സർവകലാശാല വിജ്ഞാന വിഭാഗം മേധാവി ഡോ. ജിജു അലക്സ്, പ്രിൻസിപ്പൽ സയന്റിസ്റ്റ് ഇൻ ചാർജ്ജ് ഡോ. ഡി.വി. എസ് റെഡ്ഢി, കുമരകം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ. സലിമോൻ, കൃഷി വിജ്ഞാന കേന്ദ്രം മേധാവി ഡോ.ജി ജയലക്ഷ്മി, മറ്റു ഉദ്ദ്യോഗസ്ഥർ, ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു. ഒരു പകൽ മുഴുവൻ കുമരകത്ത് വിജ്ഞാനത്തിനും വിനോദത്തിനുമായി ചെലവഴിക്കാനാകുന്ന വിധമാണ് മേള സംഘടിപ്പിച്ചിട്ടുള്ളത്. കൃഷി അറിവുകൾ പങ്കിടുന്നതിനും കാർഷിക പ്രവർത്തനങ്ങളിൽ ഭാഗമാകുന്നതിനും വേമ്പനാട് കായലിന്റെ തീരത്ത് പ്രകൃതിഭംഗി ആസ്വദിക്കുന്നതിനും അവസരമുണ്ട്. കയർ ഭൂവസ്ത്രമുപയോഗിച്ച് തൊഴിലുറപ്പ് തൊഴിലാളികൾ ഒരുക്കിയെടുത്ത ജലാശയ മാതൃകകൾ, കാർഷികയന്ത്രങ്ങൾ, നാടൻ മത്സ്യങ്ങളുടെ ശേഖരം, കുട്ടികൾക്കായുള്ള വിനോദ ഇടങ്ങൾ, കുടുംബശ്രീ ഒരുക്കുന്ന നാടൻ ഭക്ഷണശാലകളും മേളയെ ശ്രദ്ധേയമാക്കും.