ജില്ലയിലെ സര്‍ക്കാര്‍ ഓഫീസുകളില്‍ ഗ്രീന്‍ പ്രോട്ടോക്കോള്‍ നടപ്പാക്കുന്നതിന്റെ ഭാഗമായി ജില്ലാതല നോഡല്‍ ഓഫീസര്‍മാര്‍ക്കുള്ള ദ്വിദിന പരിശീലനം ആരംഭിച്ചു. ജില്ലാ പഞ്ചായത്ത് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന പരിശീലന പരിപാടിയുടെ ഉദ്ഘാടനം ജില്ലാ പ്ലാനിങ് ഓഫീസര്‍ പി. സുരേഷ് കുമാര്‍ നിര്‍വഹിച്ചു. മാലിന്യം സുസ്ഥിര വികസനത്തിന് തടസമാണെന്ന തിരിച്ചറിവാണ് ഗ്രീന്‍ പ്രോട്ടോക്കോള്‍ നടപ്പാക്കാന്‍ തീരുമാനിച്ചതിന് കാരണമെന്ന് പി. സുരേഷ് കുമാര്‍ പറഞ്ഞു.
ഹരിത കേരളം മിഷന്‍ സ്റ്റേറ്റ് റിസോഴ്‌സ് പേഴ്‌സണ്‍ വാസുദേവന്‍പ്പിള്ള അധ്യക്ഷനായ പരിപാടിയില്‍ ഹരിത കേരളം മിഷന്‍ ജില്ലാ കോഡിനേറ്റര്‍ കല്യാണ കൃഷ്ണന്‍, പ്രോഗ്രാം ഓഫീസര്‍ ഷെരീഫ് എന്നിവര്‍ സംസാരിച്ചു. 15 സെഷനുകളായാണ് രണ്ട് ദിവസത്തെ പരിശീലന പരിപാടി നടക്കുന്നത്. ഗ്രീന്‍ പ്രോട്ടോക്കോള്‍ നടപ്പാക്കാന്‍ നടത്തേണ്ട ഒരുക്കങ്ങള്‍, ഓഫീസില്‍ വരുത്തേണ്ട മാറ്റങ്ങള്‍, ഊര്‍ജ സംരക്ഷണം, ക്ലീന്‍ കേരള കമ്പനിയുടെ സേവനങ്ങള്‍ തുടങ്ങി വിവിധ വിഷയങ്ങളെക്കുറിച്ചു ക്ലാസെടുത്തു.
പരിശീലനത്തിന്റെ ഭാഗമായി തെരഞ്ഞെടുത്ത ഓഫീസുകള്‍ സന്ദര്‍ശിച്ച് ഗ്രീന്‍ പ്രോട്ടോക്കോള്‍ നടപ്പാക്കുന്നതിനെ കുറിച്ച് വിലയിരുത്തി ഇതിന്റെ റിപ്പോര്‍ട്ട് പരിശീലന ക്ലാസില്‍ അവതരിപ്പിക്കും. സര്‍ക്കാര്‍ ഓഫീസുകള്‍ പൊതു ജനങ്ങള്‍ക്ക് മാതൃകയാവുന്ന വിധം ഗ്രീന്‍ പ്രോട്ടോക്കോള്‍ നടപ്പാക്കുന്നതിന്റെ ഭാഗമായാണ് പരിശീലനം സംഘടിപ്പിച്ചത്.