തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന്റെ പ്രചാരണം സജീവമായതോടെ ആവേശം അതിരുവിടുന്നില്ലെന്ന് ഉറപ്പാക്കാൻ സർവ സന്നാഹങ്ങളൊരുക്കിയിരിക്കുകയാണ് ജില്ലാ ഭരണകൂടം.  തെരഞ്ഞെടുപ്പിന്റെ മാതൃകാ പെരുമാറ്റച്ചട്ടം കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനുള്ള സ്‌ക്വാഡുകൾ ജില്ലയിൽ തലങ്ങും വിലങ്ങും സഞ്ചാരം തുടങ്ങി.  സ്ഥാനാർഥിയുടെ ചെലവ് മുതൽ പ്രചാരണം വരെ നിരീക്ഷണ വിധേയമാക്കണമെന്ന തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദേശം ജില്ലയിൽ മാതൃകാപരമായി നടപ്പാക്കാൻ സഹകരിക്കണമെന്നു സ്ഥാനാർഥികളോടും രാഷ്ട്രീയ കക്ഷികളോടും ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസർകൂടിയായ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ അഭ്യർഥിച്ചു.
അന്തിമ സ്ഥാനാർഥി പട്ടികയായതോടെ വാർഡ് അടിസ്ഥാനത്തിൽ വിപുലമായ പ്രചാരണം സ്ഥാനാർഥികൾ ആരംഭിച്ചുകഴിഞ്ഞു.  കോവിഡിന്റെ പശ്ചാത്തലത്തിൽ കോവിഡ് പ്രോട്ടോക്കോൾ കൂടി ഉൾപ്പെടുത്തിയുള്ള മാതൃകാ പെരുമാറ്റച്ചട്ടം കൃത്യമായി പാലിക്കാൻ സ്ഥാനാർഥികൾ സന്നദ്ധരാകണമെന്ന് എം.സി.സി. മോണിറ്ററിങ് സെൽ യോഗത്തിൽ കളക്ടർ അഭ്യർഥിച്ചു.
പൊതുപരിപാടികൾ സംഘടിപ്പിക്കുമ്പോൾ ആൾക്കൂട്ടം പാടില്ല.  ഇൻഡോർ പരിപാടികൾക്ക് ഹാളിന്റെ വലിപ്പത്തിന്റെ 50 ശതമാനം പേരെയും (പരമാവധി 200 പേർ) ഔട്ട് ഡോർ പരിപാടികൾക്ക് സ്ഥല വിസ്തൃതിയിൽ ഉൾക്കൊള്ളാനാകുന്നതിന്റെ പകുതി ആളുകളെയും മാത്രമേ പങ്കെടുപ്പിക്കാവൂ. മൈക്ക്, വാഹന പെർമിറ്റ് അടക്കമുള്ള അനുമതികൾ മുൻകൂർ വാങ്ങുന്ന കാര്യവും മറക്കരുത് – കളക്ടർ വ്യക്തമാക്കി.
പ്രചാരണത്തിൽ വ്യക്തി അധിക്ഷേപങ്ങൾ ഒഴിവാക്കണമെന്നു കളക്ടർ അഭ്യർഥിച്ചു.  രാഷ്ട്രീയ കക്ഷികളെക്കുറിച്ചുള്ള വിമർശനം നയപരിപാടികളെക്കുറിച്ചു മാത്രമാകണം.  എതിർ രാഷ്ട്രീയ കക്ഷി നേതാക്കളെ വ്യക്തിപരമായി തേജോവധം ചെയ്യുന്നതും സ്വകാര്യതയെ ഹനിക്കുന്നതുമായ പ്രചാരണം പാടില്ല.  ആരാധനാലയങ്ങൾ പ്രചാരണത്തിനു വേദിയാക്കരുത്. ജാതി, മത വികാരങ്ങൾ മുതലെടുത്ത് വോട്ട് പിടിക്കുന്നതു കുറ്റകരമാണെന്നും കളക്ടർ പറഞ്ഞു.
പ്രചാരണ ചെലവിനും തെരഞ്ഞെടുപ്പ് കമ്മിഷൻ പരിധി നിശ്ചയിച്ചിട്ടുണ്ട്. ഗ്രാമ പഞ്ചായത്തുകളിൽ ഒരു സ്ഥാനാർഥിക്ക് പരമാവധി ചെലവഴിക്കാവുന്നത് 25,000 രൂപയാണ്. ബ്ലോക്ക് പഞ്ചായത്ത് 75,000 രൂപ, ജില്ലാ പഞ്ചായത്ത് ഡിവിഷനിലും കോർപ്പറേഷൻ ഡിവിഷനിലും ഒന്നര ലക്ഷം രൂപ വീതം, മുനിസിപ്പാലിറ്റി ഒരു ലക്ഷം രൂപ എന്നിങ്ങനെയാണു മറ്റു കണക്കുകൾ.  ഇത് പരിധി വിടാൻ പാടില്ല.  ചെലവ് കണക്കുകൾ നിരീക്ഷിക്കാനുള്ള ചെലവ് നിരീക്ഷകർ ജില്ലയിൽ പ്രവർത്തനം തുടങ്ങിയതായും കളക്ടർ അറിയിച്ചു.
>> 1,998 പ്രചാരണ സാമഗ്രികൾ നീക്കി
രാഷ്ട്രീയ കക്ഷികളും സ്ഥാനാർഥികളും നടത്തുന്ന പ്രചാരണ പരിപാടികൾ നിയമാനുസൃതമാണോയെന്നു പരിശോധിക്കുന്നതിനു രൂപീകരിച്ച ആന്റി ഡീഫേസ്‌മെന്റ് സ്‌ക്വാഡുകൾ ജില്ലയിൽ ഇതുവരെ അനധികൃതമായി സ്ഥാപിച്ചിരുന്ന 1,998 പ്രചാരണ സാമഗ്രികൾ നീക്കം ചെയ്തു.  ഏഴു സ്‌ക്വാഡുകളാണ് താലൂക്ക് അടിസ്ഥാനത്തിൽ നിലവിൽ ജില്ലയിൽ പ്രവർത്തിക്കുന്നത്.
1,728 പോസ്റ്ററുകൾ, 142 ബാനർ, 128 കൊടികൾ എന്നിവയാണ് നിയമം ലംഘിച്ചതിന്റെ പേരിൽ സ്‌ക്വാഡ് നീക്കം ചെയ്തത്. രാഷ്ട്രീയ കക്ഷികളും സംഘടനകളും സ്ഥാപിച്ചിരിക്കുന്ന തെരഞ്ഞെടുപ്പ് പ്രചാരണേതര പരസ്യ ബോർഡുകൾ നീക്കം ചെയ്യണമെന്ന നിർദേശം പാലിക്കാത്ത ബോർഡുകൾ ആന്റി ഡീഫേസ്‌മെന്റ് സ്‌ക്വാഡ് നീക്കം ചെയ്യുകയും അതിന്റെ ചെലവ് ബന്ധപ്പെട്ട രാഷ്ട്രീയ കക്ഷിയുടെ സ്ഥാനാർഥിയിൽനിന്ന് ഈടാക്കുകയും ചെയ്യുമെന്നു കളക്ടർ വ്യക്തമാക്കിയിട്ടുണ്ട്.
>> സ്‌ക്വാഡിനൊപ്പം പൊലീസും
ആന്റി ഡീഫേസ്‌മെന്റ് സ്‌ക്വാഡിന്റെ പ്രവർത്തനം ശക്തിപ്പെടുത്തുന്നതിനായി ഓരോ സ്‌ക്വാഡിനൊപ്പവും ഒരു പൊലീസ് ഉദ്യോഗസ്ഥനെക്കൂടി നിയമിക്കുമെന്ന് കളക്ടർ പറഞ്ഞു.  ഗ്രാമീണ മേഖലയിൽ അഞ്ചും നഗരത്തിൽ രണ്ടും സ്‌ക്വാഡുകളാണു പ്രവർത്തിക്കുന്നത്.  സ്‌ക്വാഡിന്റെ എണ്ണം കൂട്ടുന്ന കാര്യം തെരഞ്ഞെടുപ്പ് കമ്മിഷനിൽ ശുപാർശ ചെയ്യും.  തെരഞ്ഞെടുപ്പു ചട്ട ലംഘനവുമായി ബന്ധപ്പെട്ട പരാതികൾ അതത് താലൂക്കുകളിൽ പ്രവർത്തിക്കുന്ന സ്‌ക്വാഡിനെ ടെലഫോണിൽ അറിയിച്ചാൽ അടിയന്തര നടപടിയുണ്ടാകുമെന്നും കളക്ടർ പറഞ്ഞു.
ജില്ലാതല നോഡൽ ഓഫിസർ – 8547610014, 9446034046, തിരുവനന്തപുരം താലൂക്ക് – 98472 80610, നെടുമങ്ങാട് – 94470 27556, കാട്ടാക്കട – 9447794471, വർക്കല – 94478 55880, നെയ്യാറ്റിൻകര – 82815 22880, 88481 09792, ചിറയിൻകീഴ് – 94464 90873 എന്നിങ്ങനെയാണ് താലൂക്ക് അടിസ്ഥാനത്തിലുള്ള സ്‌ക്വാഡുകളുടെ നമ്പറുകൾ. ഇവർക്കു പുറമേ മാതൃകാ പെരുമാറ്റച്ചട്ടം ഉറപ്പാക്കാൻ എംസിസി സ്‌ക്വാഡുകളും പ്രവർത്തിക്കുന്നുണ്ട്.
>> അപേക്ഷകളിൽ തീരുമാനം ഉടൻ വേണം
തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണത്തിനിടെ സർക്കാരിന്റെയോ സർക്കാർ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളുടേയോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടേയോ ഉടമസ്ഥതയിലുള്ള സ്ഥലങ്ങളിലോ ഹാളുകളിലോ പാർക്കുകൾ പോലുള്ള കേന്ദ്രങ്ങളിലോ പ്രചാരണ പരിപാടികൾ സംഘടിപ്പിക്കുന്നതിനു ലഭിക്കുന്ന അപേക്ഷകളിൽ 24 മണിക്കൂറിനകം തീരുമാനമെടുക്കണമെന്നു കളക്ടർ നിർദേശിച്ചു.
ഇത്തരത്തിലുള്ള അപേക്ഷകൾ പരിഗണിക്കുമ്പോൾ എല്ലാ രാഷ്ട്രീയ കക്ഷികൾക്കും സ്ഥാനാർഥികൾക്കും തുല്യ അവസരം നൽകാൻ ശ്രദ്ധിക്കണം. യോഗങ്ങൾ അവസാനിച്ചാൽ അവിടങ്ങളിൽ സ്ഥാപിച്ചിട്ടുള്ള പ്രചാരണ സാമഗ്രികൾ സംഘാടകർതന്നെ നീക്കം ചെയ്യണമെന്നും കളക്ടർ പറഞ്ഞു.
ജില്ല കളക്ടറുടെ ചേംബറിൽ ചേർന്ന എംസിസി മോണിറ്ററിങ് സെൽ യോഗത്തിൽ ജില്ലാ പൊലീസ് മേധാവി ബി. അശോകൻ, പൊലീസ് ഡെപ്യൂട്ടി കമ്മിഷണർ ദിവ്യ വി. ഗോപിനാഥ്, തെരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കളക്ടർ ജോൺ വി. സാമുവൽ, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറും സെൽ കൺവീനറുമായ ത്രേസ്യാമ്മ ആന്റണി, ജില്ലാ ഇൻഫർമേഷൻ ഓഫിസർ ജി. ബിൻസിലാൽ, ആന്റി ഡീഫേസ്‌മെന്റ് സ്‌ക്വാഡ് നോഡൽ ഓഫിസറും ഡെപ്യൂട്ടി കളക്ടറുമായ ജി.കെ. സുരേഷ് കുമാർ, ആന്റി ഡീഫേസ്‌മെന്റ് സ്‌ക്വാഡ് നോഡൽ ഓഫിസർമാർ തുടങ്ങിയവർ പങ്കെടുത്തു.