എറണാകുളം: വടക്കേക്കോട്ടയില്‍ മെട്രോ റെയില്‍ നിര്‍മാണത്തിനായി ഏറ്റെടുത്ത ഭൂമി ഡിസംബര്‍ 15 ന് മുമ്പ് കെ.എം.ആര്‍.എല്ലിന് കൈമാറാന്‍ ജില്ല കളക്ടര്‍ എസ് സുഹാസ് നിര്‍ദേശം നല്‍കി. കൊച്ചി മെട്രോ റെയിൽ ജില്ലയിൽ നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ അവലോകന യോഗത്തിലാണ് ഭൂമി കൈമാറാന്‍ ജില്ല കളകടര്‍ നിര്‍ദേശം നല്‍കിയത്.
എസ്.എൻ.ജംഗ്ഷൻ മുതൽ തൃപ്പൂണിത്തുറ വരെ സ്ഥലമേറ്റെടുക്കൽ നടപടികളുടെ ഭാഗമായുള്ള പരിസ്ഥിതി ആഘാത പഠനത്തിനുള്ള ഏജൻസിയെ നിര്‍ണയിക്കുന്നതിനുള്ള റിപ്പോര്‍ട്ട് നവംബര്‍ 25 ന് ഗവണ്‍മെൻറിലേക്ക് സമര്‍പ്പിച്ചു. സ്റ്റേഡിയം മുതൽ കാക്കനാട് വരെയുള്ള സ്ഥലം ഏറ്റെടുക്കുന്നതിൽ കാക്കനാട് വില്ലേജില്‍ ഉള്‍പ്പെടുന്ന സ്ഥലം ഡിസംബര്‍ 25 ന് മുമ്പായി കെ.എം.ആര്‍.എല്ലിന് കൈമാറാനും ജില്ല കളക്ടര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
വാട്ടർ മെട്രോ പദ്ധതിയുടെ ഭാഗമായുള്ള സ്ഥലമേറ്റെടുക്കൽ നടപടികളുടെ പുരോഗതിയും യോഗത്തിൽ വിലയിരുത്തി. 22 ബോട്ട് ജെട്ടികൾക്കുള്ള ഭൂമിയാണ് ഏറ്റെടുത്ത് നൽകേണ്ടത്. 14 എണ്ണത്തിൻ്റെ പ്രാഥമിക വിജ്ഞാപനം അംഗീകരിച്ചു. വാട്ടര്‍ മെട്രോക്കായി ഏറ്റെടുത്ത സ്ഥലത്തിൻറെ ഫോം നമ്പര്‍ 19ലുള്ള വിജ്ഞാപനവും ഡിസംബര്‍ 30 ന് മുമ്പായി പുറപ്പെടുവിക്കും.
മെട്രോ ഡെപ്യൂട്ടി കളക്ടർ അമൃതവല്ലിയമ്മ, തഹസിൽദാർമാര്‍മാരായ പി സിന്ധു, മുസ്തഫ കമാൽ, കെ.എം.ആര്‍.എല്‍ പ്രോജക്ട്സ് ജനറല്‍ മാനേജര്‍ വിനു സി.കോശി തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.