സര്‍ക്കാര്‍ രണ്ടു വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ അഭിമാനകരമായ നേട്ടങ്ങള്‍ കൈവരിക്കാന്‍ സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന് കഴിഞ്ഞിട്ടുണ്ടെന്ന് പട്ടികജാതി പട്ടികവര്‍ഗ പിന്നാക്ക വിഭാഗ ക്ഷേമവകുപ്പ് മന്ത്രി എ.കെ. ബാലന്‍ പറഞ്ഞു. പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
സര്‍ക്കാരിന്റെ എല്ലാ വകുപ്പുകളും അഭിമാനകരമായ നേട്ടങ്ങളാണ് കൈവരിച്ചുകൊണ്ടിരിക്കുന്നത്. ഇത് ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങളില്‍നിന്ന് സര്‍ക്കാര്‍ പിന്നോട്ടില്ല എന്നതിന്റെ തെളിവാണ്. കോര്‍പ്പറേഷന്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഏറ്റെടുത്ത പദ്ധതികളെല്ലാം വിജയത്തിലെത്തിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. കോര്‍പ്പറേഷനിലെ എല്ലാ ജീവനക്കാരുടെയും ആത്മാര്‍ത്ഥമായ പരിശ്രമമാണ് ഇതിന് കാരണമായത്. സര്‍ക്കാരിന്റെ             വാര്‍ഷികത്തോട് അനുബന്ധിച്ച് ഒരുമാസം നീളുന്ന വിപുലമായ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. നിര്‍മ്മാണം പൂര്‍ത്തിയാക്കിയ പദ്ധതികളുടെ ഉദ്ഘാടനവും അടുത്ത സാമ്പത്തിക വര്‍ഷം ഏറ്റെടുത്ത് നടപ്പാക്കാന്‍ പോകുന്ന പദ്ധികളുടെ പ്രഖ്യാപനവും ഇതിനോടനുബന്ധിച്ച് നടക്കും. ആഘോഷത്തിന്റെ ഭാഗമായി ജില്ലാ കേന്ദ്രങ്ങളില്‍ പ്രദര്‍ശന വിപണന മേളകളും സാംസ്‌കാരിക പരിപാടികളും സംഘടിപ്പിക്കും. എല്ലാ ജില്ലകളിലെയും വിപണന മേളകളില്‍ പങ്കാളിത്തം വഹിക്കാന്‍ കോര്‍പ്പറേഷന് കഴിയും. ഇപ്പോഴത്തെ വളര്‍ച്ച അതാണ് തെളിയിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സംഗീത് ചക്രപാണി അധ്യക്ഷത വഹിച്ചു. മാനേജിംഗ് ഡയറക്ടര്‍ കെ.ടി.ബാലഭാസ്‌കരന്‍ വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കോര്‍പ്പറേഷന്‍ ബോര്‍ഡ് അംഗങ്ങളായ ഗോപി കോട്ടമുറിക്കല്‍, എ.പി.ജയന്‍, കണ്ണന്‍ ടി., സുരേഷ് കുമാര്‍ പി.എന്‍ എന്നിവര്‍ ആശംസ നേര്‍ന്നു. എച്ച്. ആര്‍.എം ജനറല്‍ മാനേജര്‍  കെ.വി.രാജേന്ദ്രന്‍ സ്വാഗതവും  പ്രോജക്ട് ജനറല്‍ മാനേജര്‍ ബാലകൃഷ്ണന്‍ നന്ദിയും പറഞ്ഞു. മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച ജില്ലകള്‍ക്കുള്ള അവാര്‍ഡുകളും മന്ത്രി വിതരണം ചെയ്തു. വായ്പാ തിരിച്ചടവുമായി ബന്ധപ്പെട്ട പുരസ്‌കാരം കണ്ണൂര്‍ ജില്ലയ്ക്കു ലഭിച്ചു. പദ്ധതി നിര്‍വഹണം മെച്ചപ്പെട്ട രീതിയില്‍ നടപ്പാക്കിയതിന് കോഴിക്കോട് ജില്ലയും മികച്ച ഉപജില്ലക്കുള്ള പുരസ്‌കാരം വര്‍ക്കല ഉപജില്ലയും ജില്ലാ ഓഫീസിനുള്ള പുരസ്‌കാരം കോട്ടയവും ഏറ്റുവാങ്ങി.