തുറസ്സായ സ്ഥലങ്ങളില്‍ കളിക്കുന്നതിനും ടര്‍ഫ് ഗ്രൗണ്ടില്‍ കളികള്‍ക്കും കാണികള്‍ ഉള്‍പ്പടെ 20 തില്‍ കൂടുതല്‍ ആളുകള്‍ പാടില്ലെന്ന് ജില്ലാ കളക്ടര്‍ ഡോ. ഡി.സജിത് ബാബു പറഞ്ഞു. ജില്ലയില്‍ കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കാനുള്ള സാധ്യത പരിഗണിച്ചാണ് തീരുമാനം കര്‍ശനമാക്കുന്നത്. അതത് വാര്‍ഡുകളിലെ മാഷ് പദ്ധതിയുടെ ചുമതലയുള്ള അധ്യാപകര്‍ കളിസ്ഥലങ്ങളില്‍ പരിശോധന നടത്തി റിപ്പോര്‍ട്ട് നല്‍കും. നിയമം ലംഘിക്കുന്നവര്‍ക്കെതിരെ പോലീസ് പകര്‍ച്ചവ്യാധി നിയന്ത്രണ നിയമപ്രകാരം കേസെടുക്കും. തുറസ്സായ സ്ഥലങ്ങളില്‍ കളിക്കുന്നത് പരമാവധി ഒഴിവാക്കണം. കളി കാണാന്‍ ആളുകള്‍ കൂട്ടം കൂടുന്നത് രോഗവ്യാപനത്തിന് കാരണമാകും. അതിനാല്‍ 20 തില്‍ കൂടുതല്‍ ആളുകള്‍ കളിസ്ഥലങ്ങളില്‍ എത്തുന്നത് അനുവദിക്കില്ല. കളിക്കുമ്പോഴും മാസ്‌ക് ധരിക്കണം. ടര്‍ഫിലും ഇന്‍ഡോറിലും പരമാവധി 20 പേര്‍ക്ക് മാത്രമാണ് കായിക വിനോദങ്ങള്‍ക്ക് അനുമതി നല്‍കുകയുള്ളുവെന്നും കളക്ടര്‍ പറഞ്ഞു. മാഷ് പദ്ധതിയിലെ അധ്യാപകരുമായി പൊതുജനങ്ങള്‍ നല്ല രീതിയില്‍ സഹകരിച്ചതിനാലാണ് ജില്ലയില്‍ കോവിഡ് സമ്പര്‍ക്ക വ്യാപനം നിയന്ത്രിക്കാന്‍ സാധിച്ചതെന്നും കളക്ടര്‍ പറഞ്ഞു. വിവാഹത്തിന് പരമാവധി 50 ആളുകള്‍ക്കാണ് അനുമതി. വിവിധ ചടങ്ങുകള്‍ തദ്ദേശ ഭരണ സ്ഥാപനങ്ങളില്‍ രേഖാമൂലം അറിയിച്ചതിനു ശേഷം നടത്തണമെന്നും കളക്ടര്‍ പറഞ്ഞു. ബീച്ചുകളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ കൂട്ടം കൂടുന്നതും അനുവദിക്കില്ല.