തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളും രാഷ്ട്രിയ പാര്‍ട്ടികളും തിരഞ്ഞെടുപ്പ് ചെലവുമായി ബന്ധപ്പെട്ട് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറപ്പെടുവിച്ച മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്ന് ഉത്തരവിറങ്ങി. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തു വാര്‍ഡുകളില്‍ മത്സരിക്കുന്നതിന് സ്ഥാനാര്‍ത്ഥിക്ക് യഥാക്രമം 25,000, 75,000, 1,50,000 രൂപയാണ് ചെലവഴിക്കാവുന്ന പരമാവധി തുക. നഗരസഭ, കോര്‍പ്പറേഷന്‍ പരിധിയില്‍ 75,000, 1,50,000 രൂപ വരെ ചെലവഴിക്കാം. സ്ഥാനാര്‍ത്ഥി നാമനിര്‍ദേശം ചെയ്യപ്പെട്ട ദിവസം മുതല്‍ ഫലപ്രഖ്യാപനം വരെയുള്ള ആകെ ചെലവുതുകയാണിത്. ചെലവ് ചെയ്ത തിയതി, ചെലവിന്റെ സ്വഭാവം, ചെലവുതുക, പണം നല്‍കിയ തിയതി, പണം കൈപ്പറ്റിയ ആളിന്റെ വിശദാംശങ്ങള്‍,തപാല്‍ ചെലവ്, വൗച്ചറുകള്‍, യാത്രാ വിവരങ്ങള്‍ തുടങ്ങിയവ സ്ഥാനാര്‍ത്ഥി സൂക്ഷിക്കണം. സ്ഥാനാര്‍ത്ഥി നിശ്ചിത ഫോറത്തില്‍ ചെലവു കണക്കുകള്‍ എഴുതിയാണ് സൂക്ഷിക്കേണ്ടത്. ഇതിന്റെ ഫോറം വരണാധികാരിയുടെ പക്കല്‍ നിന്നു ലഭിക്കും. ഗ്രാമ പഞ്ചായത്തിലെ സ്ഥാനാര്‍ത്ഥികള്‍ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിക്കും ബ്ലോക്കിലെ സ്ഥാനാര്‍ത്ഥികള്‍ ജില്ലാ പഞ്ചായത്ത് സെക്രട്ടറിക്കും ജില്ലാ പഞ്ചായത്ത്, നഗരസഭ, കോര്‍പ്പറേഷനിലെ സ്ഥാനാര്‍ത്ഥികള്‍ ജില്ലാ കലക്ടര്‍ക്കുമാണ് ചെലവു കണക്കുകള്‍ നല്‍കേണ്ടത്.
തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്ന തിയതി മുതല്‍ 30 ദിവസത്തിനകം കണക്കുകള്‍ സമര്‍പ്പിക്കണം. ഇതോടൊപ്പം രശീത്, വൗച്ചര്‍, ബില്ല് തുടങ്ങിയവയുടെ പകര്‍പ്പും വയ്ക്കണം. ഇവയുടെ ഒറിജിനല്‍ സ്ഥാനാര്‍ത്ഥി സൂക്ഷിക്കണം. ആവശ്യപ്പെടുന്ന മുറയ്ക്ക് ഹാജരാക്കുകയും വേണം. ഈ കണക്കുകള്‍ പരിശോധിക്കാന്‍ 5 രൂപ ഫീസ് നല്‍കുന്ന ആര്‍ക്കും അര്‍ഹതയുണ്ട്. 25 രൂപ ഫീസ് നല്‍കുന്നവര്‍ക്ക് ഇവയുടെ പകര്‍പ്പുകളും നല്‍കും. പ്രത്യേക സംവിധാനത്തോടെയാണ് കമ്മീഷന്‍ കണക്കുകള്‍ പരിശോധിക്കുക. നിശ്ചിത സമയ പരിധിക്കുള്ളില്‍ കണക്ക് സമര്‍പ്പിക്കാതിരിക്കുക, നിര്‍ണയിക്കപ്പെട്ട രീതിയില്‍ കണക്ക് നല്‍കാതിരിക്കുക, നിശ്ചിത ഫോറത്തില്‍ കണക്ക് നല്‍കാതിരിക്കുക, അപൂര്‍ണമായി കണക്കുകള്‍ നല്‍കുക, തെറ്റായി കണക്കു നല്‍കുക, വൗച്ചര്‍, ബില്ല് പകര്‍പ്പുകള്‍ നല്‍കാതിരിക്കല്‍, കണക്ക് ബന്ധപ്പെട്ട ഉദ്യോഗസ്ഥനു നല്‍കാതിരിക്കല്‍, കണക്ക് നിയമാനുസൃതമല്ലാതിരിക്കുക, പരിധിയില്‍ കവിഞ്ഞ് ചെലവാക്കല്‍ എന്നിവ ഉണ്ടായാല്‍ സ്ഥാനാര്‍ത്ഥി അയോഗ്യനാവും. തിരഞ്ഞെടുപ്പു ഫലം പ്രഖ്യാപിക്കുന്നതിന് മുന്‍പ് ഏതു ദിവസവും ജില്ലാ നിരീക്ഷകന്‍ ചെലവു പരിശോധിക്കും. സ്ഥാനാര്‍ത്ഥിയ്‌ക്കോ ഏജന്റിനോ ഹാജരാവാം. സ്ഥാനാര്‍ത്ഥി ഉപയോഗിക്കുന്ന വാഹനം, അച്ചടിച്ച പോസ്റ്ററുകള്‍, നോട്ടീസുകള്‍, ചുവരെഴുത്തുകള്‍, കമാനങ്ങള്‍, നടത്തിയ യോഗങ്ങള്‍ എന്നിവ സംബന്ധിച്ച് പ്രത്യേക പരിശോധനയും അതാതിടത്ത് ഉണ്ടാകും. സ്ഥാനാര്‍ത്ഥിക്കു വേണ്ടി ഗുണകാംക്ഷികള്‍ ചെലവഴിച്ച തുകയുടെ വിശദാംശങ്ങളും അതാതിടത്തെ ചെലവു നിരീക്ഷകര്‍ക്കു മുന്നില്‍ ഹാജരാക്കണം.
