കോഴിക്കോട്:  കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ കോഴിക്കോടിന് പുതിയ കാൽവെയ്പ്. കോഴിക്കോട് മെഡിക്കൽ കോളേജിൽ കോവിഡ് ടെലി ഐസിയു സേവനം ഇന്നു (നവംബർ 27) മുതൽ ലഭിക്കും. കോവിഡ് ഐസിയു കളെ ബന്ധിപ്പിക്കുന്ന ഐസിയു ഗ്രിഡ് കോവിഡ് 19 ജാഗ്രത പോർട്ടലിൽ പ്രവർത്തന സജ്ജമായി. പല സ്ഥലങ്ങളിലുമുള്ള ഐസിയുകളെ കോഴിക്കോട് മെഡിക്കൽ കോളേജിൽ സജ്ജമാക്കിയ കമാൻഡ് റൂമുമായി ബന്ധിപ്പിച്ചിട്ടുണ്ട്. വയനാട് മാനന്തവാടി ജില്ലാ ആശുപത്രി, കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി, കാസർകോഡ് മെഡിക്കൽ കോളേജ് എന്നിവയിലെ ഐസിയുകൾ, കോഴിക്കോട് മെഡിക്കൽ കോളേജിലെ ഐസിയുകൾ എന്നിവയാണ് കമാൻഡ് റൂമുമായി ബന്ധിപ്പിച്ചിട്ടുള്ളത്. ഇതു വഴി മെഡിക്കൽ കോളേജിലെ പ്രഗത്ഭരായ ഡോക്ടർ മാരുടെ സേവനം ഈ ജില്ലകളിൽ ലഭ്യമാവും.

കമാൻഡ് റൂം സജ്ജമാക്കുന്നതിനായി കോഴിക്കോട് ആസ്റ്റർ മിംസ് 4.5 ലക്ഷം രൂപയുടെ ഉപകരണങ്ങൾ ലഭ്യമാക്കി. ടെലിറൌണ്ട്സ് വഴി രോഗികളെ പരിശോധിക്കാം. രോഗികളുടെ വിവിധ വിവരങ്ങൾ കോവിഡ് 19 ജാഗ്രത പോർട്ടൽ വഴി പരിശോധിക്കാൻ സാധിക്കും. ഹൈ ഡെഫിനിഷൻ ക്യാമെറകൾ വഴി വീഡിയോ കൺസൽറ്റേഷൻ സൗകര്യവും പോർട്ടലിൽ ഒരുക്കിയിട്ടുണ്ട്. ആവശ്യമെങ്കിൽ ജില്ലയിലെ ഇന്റൻസിവിസ്റ്റുകളുടെ സേവനം കൂടി ഉപയോഗപ്പെടുത്തും.

ഒരേ സമയം 75ഓളം ഐസിയുകളെ ഉൾപ്പെടുത്താൻ പറ്റുന്ന വിധമാണ് കോവിഡ് 19ജാഗ്രത പോർട്ടൽ തയ്യാറാക്കിയിരിക്കുന്നത്. ഇതോടെ പരമാവധി പേർക്ക് ക്രിട്ടിക്കൽ കെയർ സേവനം ഉറപ്പാക്കാൻ കഴിയും. ചികിത്സാ രംഗത്ത് രാജ്യത്തിനു തന്നെ മാതൃക സൃഷ്ടിക്കുകയാണ് കോഴിക്കോട് ജില്ലഭരണകൂടവും മെഡിക്കൽ കോളേജും നാഷണൽ ഹെൽത്ത്‌ മിഷനും ആസ്റ്റർ മിംസും കൈ കോർക്കുന്ന ഈ സംരഭം. ജില്ലാ കളക്ടർ സാംബശിവ റാവു ഇന്ന് ഐസിയു സന്ദർശിക്കും.