കോവിഡ് പോസറ്റീവായവര്‍ക്കും ക്വാറന്റൈനിലുള്ളവര്‍ക്കും വോട്ടു ചെയ്യാനുള്ള പ്രത്യേക പോസ്റ്റല്‍ ബാലറ്റ് പേപ്പറിനുള്ള അപേക്ഷ ഫോം വിതത്തിനെത്തി. ഡിസംബര്‍ അഞ്ച് മുതലാണ് പ്രത്യേക പോസ്റ്റല്‍ ബാലറ്റ് പേപ്പറിനുളള അപേക്ഷ വിതരണം ചെയ്യുക. കോവിഡ് പശ്ചാത്തലത്തില്‍ 1995 ലെ കേരള പഞ്ചായത്ത് രാജ്/ മുനിസിപ്പാലിറ്റി ( തെരഞ്ഞെടുപ്പ് നടത്തിപ്പ്) ചട്ടങ്ങളിലെ ചട്ടം 24 സി (2) പ്രകാരം പ്രത്യേക തപാല്‍ ബാലറ്റ് മുഖേന വോട്ടുചെയ്യാന്‍ അനുവദിക്കണമെന്ന അഭ്യര്‍ത്ഥനയുള്ളതാണ് പ്രത്യേക പോസ്റ്റല്‍ ബാലറ്റ് പേപ്പറിനുള്ള അപേക്ഷ ഫോം. പേര്, മേല്‍വിലാസം, വോട്ടര്‍ പട്ടികയിലെ ക്രമനമ്പര്‍, വോട്ടര്‍ പട്ടികയിലെ ഭാഗത്തിന്റെ ക്രമനമ്പര്‍, സ്ഥലം, ഒപ്പ്്, തിയ്യതി എന്നിവ പ്രത്യേക പോസ്റ്റല്‍ ബാലറ്റ് പേപ്പറിനുള്ള അപേക്ഷ ഫോമിനൊപ്പം സമര്‍പ്പിക്കണം. ഡിസംബര്‍ അഞ്ച് മുതല്‍ 13ന് വൈകീട്ട് മൂന്ന് മണിക്ക് മുമ്പ് വരെയുള്ള കാലയളവില്‍ കോവിഡ് പോസറ്റീവായവര്‍ക്ക് പോസ്റ്റല്‍ വോട്ട് ചെയ്യാം. അതിന് ശേഷം കോവിഡ് പോസറ്റീവായവര്‍ക്ക് വോട്ടെടുപ്പിന്റെ അവസാന മണിക്കൂറില്‍ (അഞ്ച് മണിയ്ക്ക് ശേഷം) പിപിഇ കിറ്റ് ധരിച്ച് വോട്ടു ചെയ്യാനും അവസരമുണ്ടാകും.
