അടിസ്ഥാന പലിശ നിരക്ക് 9.5 ശതമാനമാക്കും: മന്ത്രി തോമസ് ഐസക്ക്

കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്റെ അടിസ്ഥാന പലിശ നിരക്ക് 9.5 ശതമാനമായി കുറയ്ക്കുമെന്ന് ധനമന്ത്രി ഡോ. ടി. എം. തോമസ് ഐസക്ക് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നിലവില്‍ പതിനാലര ശതമാനമാണ് കെ. എഫ്. സിയുടെ അടിസ്ഥാന പലിശ. പുതിയ വായ്പാ നയത്തിന്റെ പ്രഖ്യാപനവും സ്റ്റാര്‍ട്ട് അപ്പുകള്‍ക്കായുള്ള പദ്ധതിയുടെ ഉദ്ഘാടനവും മികച്ച വ്യവസായിക്കുള്ള അവാര്‍ഡ് വിതരണവും മികച്ച ഇടപാടുകാര്‍ക്ക് സ്വര്‍ണ നാണയ വിതരണവും മേയ് 9ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. മേയ് 8ന് തിരുവനന്തപുരത്തെ കെ. എഫ്. സി ആസ്ഥാനത്ത് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പരിപാടി സംഘടിപ്പിക്കും. നിലവില്‍ ഇതിനായി നൂറു പേര്‍ അപേക്ഷിച്ചിട്ടുണ്ട്. 250 പേരെങ്കിലും ഇതിനായി മുന്നോട്ടു വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി നടപ്പാക്കുമ്പോള്‍ മാനുഷിക പരിഗണന നല്‍കും. വര്‍ഷങ്ങള്‍ പഴക്കമുള്ള വായ്പാ കടങ്ങളില്‍ ഇടപാടുകാര്‍ക്ക് പറ്റുന്ന തുക അടച്ച് തീര്‍പ്പാക്കാനവസരമുണ്ടാവും. ഇരുപത് ലക്ഷം രൂപ വരെയുള്ള വായ്പകള്‍ 9.5 ശതമാനം പലിശ അടച്ച് തീര്‍പ്പാക്കാം. 20 മുതല്‍ 50 ലക്ഷം വരെയുള്ള വായ്പകള്‍ക്ക് 10.5 ശതമാനവും 50 ലക്ഷത്തിന് മുകളിലുള്ള വായ്പകള്‍ക്ക് 11.5 ശതമാനവും പലിശ അടച്ച് തീര്‍പ്പാക്കാനാവും. 2000 പേരുടെ കടം എഴുതിത്തള്ളിയിട്ടുണ്ട്. ഏകദേശം 700 കോടി രൂപയാണ് കെ. എഫ്. സിയുടെ കിട്ടാക്കടം.
2018 19 സാമ്പത്തിക വര്‍ഷം 1200 കോടി രൂപ വായ്പ നല്‍കുകയാണ് ലക്ഷ്യം. 50,000 രൂപയില്‍ താഴെയുള്ള വായ്പകള്‍ നല്‍കാന്‍ ബ്രാഞ്ചുകള്‍ക്ക് അധികാരമുണ്ടാവും. ഇതിനു മുകളിലുള്ള തുക അനുവദിക്കുന്നതിന് ശുപാര്‍ശ നല്‍കാന്‍ മൂന്ന് സോണല്‍ ഹബുകളെ ചുമതലപ്പെടുത്തും. വായ്പകള്‍ക്ക് ഏഴു ദിവസത്തിനകം അനുമതി നല്‍കും. ചെറുകിട വ്യവസായ മേഖലയിലെ സംരംഭങ്ങള്‍ക്ക് ഊന്നല്‍ നല്‍കും. സ്റ്റാര്‍ട്ട് അപ്പുകള്‍ക്ക് വായ്പ നല്‍കുന്നതിന് പ്രത്യേക പ്രാധാന്യം നല്‍കും. മാന്‍ഹോളുകള്‍ വൃത്തിയാക്കുന്നതിനുള്ള ബണ്ടിക്കൂട്ട് റോബോട്ട് നിര്‍മ്മിച്ച സ്റ്റാര്‍ട്ട് അപ്പ് കമ്പനിക്ക് വായ്പ നല്‍കിയതായി മന്ത്രി പറഞ്ഞു.
കേരളത്തില്‍ 50,000 സ്ഥാപനങ്ങള്‍ക്ക് കെ. എഫ്. സിയുടെ വായ്പാ സഹായം ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം 724 കോടി രൂപയുടെ വായ്പയാണ് അംഗീകരിച്ചത്. 945 കോടി രൂപയുടെ തിരിച്ചടവുണ്ടായി. മുന്‍ വര്‍ഷത്തേക്കാള്‍ അഞ്ച് കോടി രൂപയുടെ ലാഭം ഇത്തവണയുണ്ടായതായി മന്ത്രി പറഞ്ഞു. കെ. എഫ്. സിയുടെ പരിഷ്‌കരിച്ച വെബ്‌സൈറ്റും വിഷന്‍ ഡോക്യുമെന്റും മന്ത്രി പ്രകാശനം ചെയ്തു. ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ സഞ്ജീവ് കൗശിക് സന്നിഹിതനായിരുന്നു.