കല്‍പ്പറ്റ നഗര ശുചീകരണവുമായി ബന്ധപ്പെട്ട് അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ കളക്ടര്‍ എസ്. സുഹാസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. കളക്ടറുടെ ചേംബറില്‍ ചേര്‍ന്ന ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിശദമായ പദ്ധതി രേഖ തയ്യാറാക്കി പ്രവര്‍ത്തനം തുടങ്ങാന്‍ മുനിസിപ്പല്‍ സെക്രട്ടറി കെ ജി രവീന്ദ്രന് കളക്ടര്‍ നിര്‍ദേശം നല്‍കി. വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചു വേണം നടപടികള്‍ തുടങ്ങേണ്ടത്. തുടങ്ങിവച്ച പ്രവൃത്തികളെക്കുറിച്ചുള്ള റിപോര്‍ട്ട് അടുത്ത മാസം സമര്‍പ്പിക്കണം. ഇതിന്റെ അടിസ്ഥാനത്തില്‍ അവലോകന യോഗം ചേരും. സ്ഥിരമായി മാലിന്യം നിക്ഷേപിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ട ബൈപാസ് അടക്കമുള്ള സ്ഥലങ്ങളില്‍ സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിക്കുന്നതിന്റെ സാധ്യതകള്‍ കളക്ടര്‍ ആരാഞ്ഞു. കുറഞ്ഞ ചെലവില്‍ ക്യാമറകള്‍ സ്ഥാപിക്കാന്‍ പോലിസ് മുന്‍കൈയെടുക്കാമെന്നു ഡിവൈ.എസ്.പി. പ്രിന്‍സ് അബ്രഹാം യോഗത്തെ അറിയിച്ചു. അടിയന്തരമായി ട്രാഫിക് അഡൈ്വസറി കമ്മിറ്റി യോഗം വിളിച്ചുചേര്‍ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മാലിന്യം കവറില്‍ കെട്ടി ഉപേക്ഷിക്കുന്ന സംസ്‌കാരം ഒഴിവാക്കണമെന്നു ശുചിത്വമിഷന്‍ അസിസ്റ്റന്റ് കോ-ഓഡിനേറ്റര്‍ എം.പി രാജേന്ദ്രന്‍ അഭിപ്രായപ്പെട്ടു. എഡിഎം കെ.എം രാജു, മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സനിതാ ജഗദീഷ്, ചന്ദ്രബോസ്, ഡോ. അശ്വതി മാധവന്‍ തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു.