വിഷുക്കണി-2018 എന്ന പേരില്‍ കുടുംബശ്രീയും കാര്‍ഷിക വികസനക്ഷേമ വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന വിഷു പച്ചക്കറി വിപണി ഇന്ന് (1342018) കൂടി തുടരും. പഞ്ചായത്തുകള്‍, നഗരസഭകള്‍, കോര്‍പ്പറേഷനുകള്‍ കേന്ദ്രീകരിച്ച് സംസ്ഥാനത്താകെ നടത്തുന്ന വിഷു വിപണിയുടെ ജില്ലാതല ഉദ്ഘാടനം പാലക്കാട് സ്റ്റേഡിയം ബസ് സ്റ്റാന്‍ഡ് പരിസരത്ത് കഴിഞ്ഞ ദിവസം നഗരസഭ ചെയര്‍പേഴ്സണ്‍ പ്രമീള ശശിധരന്‍ നിര്‍വഹിച്ചു. നഗരസഭ കൗണ്‍സിലര്‍ എ.ചെമ്പകം അധ്യക്ഷയായി. പാലക്കാട് ജില്ലയില്‍ മാത്രമായി 35 ‘വിഷുക്കണി’ ചന്തകളാണ് പ്രവര്‍ത്തിക്കുക. വിപണികള്‍ക്കാവശ്യമായ പച്ചക്കറികള്‍ കര്‍ഷകരില്‍ നിന്ന് 10 ശതമാനം കൂടുതല്‍ വിലയ്ക്ക് സംഭരിച്ച് ഉപഭോക്താക്കള്‍ക്ക് 30 ശതമാനം വിലക്കുറവിലാണ് ലഭ്യമാക്കുക. വിഷരഹിത പച്ചക്കറികള്‍, നാടന്‍ പഴം എന്നിവ ചന്തയില്‍ ലഭ്യമാണ്. സംസ്ഥാനത്തൊട്ടാകെ 1105 വിഷുക്കണി ചന്തകളാണ് കുടുംബശ്രീയും കാര്‍ഷിക വികസനക്ഷേമ വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്നത്. കുടുംബശ്രീ സി.ഡി.എസ് കളുടെ ആഭിമുഖ്യത്തിലും ജില്ലയില്‍ നിരവധി വിഷു വിപണികള്‍ സജീവമായിട്ടുണ്ട്.. പാലക്കാട് നഗരസഭ കൗണ്‍സിലര്‍ രഞ്ജിത് ആദ്യ വില്‍പന നിര്‍വഹിച്ചു. കുടുംബശ്രീ ജില്ലാ മിഷന്‍ കോഡിനേറ്റര്‍ പി.സൈതലവി, കുടുംബശ്രീ ജില്ലാ മിഷന്‍ എ.ഡി.എം.സി ഹാരിഫ ബീഗം, കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ സുജാത, കൗണ്‍സിലര്‍മാരായ മോഹന്‍, സുഭദ്ര, സൈതലവി കുടുംബശ്രീ നോര്‍ത്ത് സി.ഡി.എസ് ചെയര്‍പേഴ്സണ്‍ സഫിയാമ്മ, കുടുംബശ്രീ സൗത്ത് സി.ഡി.എസ് ചെയര്‍പേഴ്സണ്‍ റീത്ത.പി.ഡി എന്നിവര്‍ പങ്കെടുത്തു.