സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികാഘോഷം ‘നവകേരളം 2018’ ന്റെ ജില്ലാതല പരിപാടികള്‍ മെയ് 21 വൈകിട്ട് നാലിന് ഇന്ദിരാഗാന്ധി മുനിസിപ്പല്‍ സ്റ്റേഡിയം മൈതാനത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. പരിപാടിയുടെ ഭാഗമായി മെയ് 27 വരെ പ്രദര്‍ശന-വില്‍പ്പന മേളയും സാംസ്‌കാരിക പരിപാടികളും സെമിനാറും നടത്തും. മെയ് ഒന്ന് മുതല്‍ 31 വരെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം പൂര്‍ത്തിയാക്കും.
നിയമ-സാംസ്‌ക്കാരിക-പട്ടികജാതി -പട്ടികവര്‍ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി എ.കെ. ബാലന്റെ അധ്യക്ഷതയില്‍ ജില്ലാ പഞ്ചായത്ത് ഹാളില്‍ ‘നവകേരളം 2018’ ന്റെ സംഘാടക സമിതി രൂപവത്കരണ യോഗം ചേര്‍ന്നു. മുന്‍ വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തമായി ജനസേവനങ്ങള്‍ക്ക് പ്രാമുഖ്യും നല്‍കിയാണ് വാര്‍ഷികാഘോഷ പരിപാടികള്‍ നടത്തുന്നതെന്ന് മന്ത്രി പറഞ്ഞു. ജനങ്ങള്‍ക്കുവേണ്ടി നടപ്പിലാക്കുന്ന പദ്ധതികള്‍ കൃത്യമായി ജനങ്ങളിലെത്തിക്കുന്നതിനായാണ് വാര്‍ഷികാഘോഷം നടത്തുന്നത്. സര്‍ക്കാരിനെതിരെയുളള വിമര്‍ശനങ്ങളെ പോസിറ്റീവായി സമീപിക്കും. വിവാദങ്ങള്‍ക്കു പുറകെ പോകാന്‍ ആഗ്രഹിക്കുന്നില്ല. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടയില്‍ ജില്ലയില്‍ നിരവധി പദ്ധതികളാണ് നടപ്പിലാക്കിയത്. അട്ടപ്പാടിയിലെ ആദിവാസികള്‍ക്ക് വീടും സ്ഥലവും നല്‍കാന്‍ സര്‍ക്കാരിനായി. ശിശുമരണനിരക്ക് സംസ്ഥാന ശരാശരിയെക്കാള്‍ താഴെയാക്കാന്‍ കഴിഞ്ഞതായും മന്ത്രി പറഞ്ഞു.
90 സ്റ്റാളുകളിലായാണ് പ്രദര്‍ശന-വില്‍പ്പന മേള നടക്കുക. വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച ബോധവത്കരണം കൂടാതെ സേവനങ്ങള്‍ക്ക് മുന്‍ഗണന നല്‍കിയാണ് സ്റ്റാളുകള്‍ സജ്ജമാക്കുക. കുടുംബശ്രീക്ക് മുഖ്യ പങ്കാളിത്തമുണ്ടാകും. ഫുഡ് കോര്‍ട്ടുകളും സജ്ജമാക്കും. നവകേരള മിഷന്റെ ഭാഗമായ ആര്‍ദ്രം, പൊതുവിദ്യാഭ്യാസ സംരക്ഷണം, ഹരിതകേരളം മിഷന്‍, ലൈഫ് എന്നിവയുമായി ബന്ധപ്പെട്ട സ്റ്റാളുകളുമുണ്ടാകും.
ജില്ലാ കലക്ടര്‍ ചെയര്‍മാനും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ജനറല്‍ കണ്‍വീനറുമായ സംഘാടക സമിതിയില്‍ 11 സബ് കമ്മിറ്റികളുണ്ട്. എം.എല്‍.എ മാരായ കെ.വി. വിജയദാസ്, പി.കെ.ശശി, കെ.ഡി. പ്രസേനന്‍, കെ.കൃഷ്ണന്‍കുട്ടി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ശാന്തകുമാരി, വൈസ് പ്രസിഡന്റ് ടി.കെ നാരായണദാസ്, ജില്ലാ കലക്ടര്‍ ഡോ. പി. സുരേഷ് ബാബു, ജില്ലാ പൊലീസ് മേധാവി പ്രതീഷ് കുമാര്‍, സബ് കലക്ടര്‍ ജെറോമിക് ജോര്‍ജ്ജ്, ഇന്‍ഫര്‍മേഷന്‍ -പബ്ലിക് റിലേഷന്‍സ് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ. മോഹനന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ വി.പി സുലഭ, ബ്ലോക്ക്-ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാര്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ വിവിധ വകുപ്പ് ജില്ലാതല ഉദ്യോഗസ്ഥര്‍ സംസാരിച്ചു.
