കാസര്‍ഗോഡ്: ലോക എയ്ഡ്‌സ് ദിനാചരണത്തിന്റെ ഭാഗമായി എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി, ജില്ലാ മെഡിക്കല്‍ ഓഫീസ്, ആരോഗ്യകേരളം, വിവിധ സന്നദ്ധ സംഘടനകള്‍ എന്നിവയുടെ നേതൃത്വത്തില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ലോക എയ്ഡ്‌സ് ദിനം ആചരിച്ചു. ജില്ലയിലെ മുഴുവന്‍ ആരോഗ്യ സ്ഥാപനങ്ങളിലും കോവിഡ് പ്രോട്ടോകോള്‍ പാലിച്ചുകൊണ്ടുള്ള ദീപം തെളിക്കല്‍, റെഡ് റിബണ്‍ അണിയല്‍, എയ്ഡ്‌സ് ദിന പ്രതിജ്ഞ, വെര്‍ച്യുല്‍ ബോധവല്‍ക്കരണ ക്ലാസുകള്‍ എന്നിവ സംഘടിപ്പിച്ചു.

‘ഉത്തരവാദിത്തം പങ്കുവെക്കാം ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാം’ എന്നതാണ് ഇത്തവണത്തെ ലോക എയ്ഡ്‌സ് ദിന സന്ദേശം. സമൂഹത്തില്‍ എയ്ഡ്‌സ് രോഗികളോടുള്ള പൊതുജനങ്ങളുടെ മനോഭാവം ഇനിയും ഏറെ മാറേണ്ടതുണ്ടെന്നും മറ്റെല്ലാവരെയും പോലെ ഈ സമൂഹത്തില്‍ ജീവിക്കുന്നതിന് അവര്‍ക്കും അര്‍ഹതയുണ്ടെന്നും ജില്ലാ മെഡിക്കല്‍ ഓഫീസില്‍ ബോധവത്കരണ ക്ലാസ് ഉദ്ഘാടനം ചെയ്ത് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എ വി രാംദാസ് പറഞ്ഞു. ജില്ലാ ആര്‍ സി എച്ച് ഓഫീസര്‍ ഡോ മുരളീധര നെല്ലുരായ, മാസ് മീഡിയ ഓഫീസര്‍ അബ്ദുല്ലത്തീഫ് മഠത്തില്‍, സീനിയര്‍ സൂപ്രണ്ട് പി ഗിരീഷ്‌കുമാര്‍, ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസര്‍ സയന തുടങ്ങിയവര്‍ പങ്കെടുത്തു. എയ്ഡ്‌സ് ദിനാചരണ പ്രതിജ്ഞ എടുക്കുകയും ചെയ്തു .

ഡിസ്ട്രിക്ട് എയ്ഡ്‌സ് കണ്‍ട്രോള്‍ ഓഫീസിന്റെ നേതൃത്വത്തില്‍ കാസറഗോഡ് ജനറല്‍ ആശുപത്രിയില്‍ നിന്നും ഡെയിലി റൈഡേഴ്സ്സുമായി സഹകരിച്ച് നഗരത്തില്‍ ബോധവത്കരണ സൈക്കിള്‍ റാലി നടത്തി. ജനറല്‍ ആശുപത്രി പരിസരത്ത് ബോധവത്കരണ പോസ്റ്ററുകള്‍ പ്രദര്‍ശിപ്പിച്ചു.
ജനറല്‍ ആശുപത്രി കാസര്‍ഗോഡും എ.ആര്‍.ടി സെന്ററും റോട്ടറി ക്ലബുമായി സഹകരിച്ച് കാസറഗോഡ് ജെ പി എച്ച് എന്‍ സ്‌കൂള്‍ കുട്ടികള്‍ക്കായി ബോധവത്കരണ ക്ലാസ് നടത്തി.

കാസര്‍ഗോഡ് പാന്‍ടെക് മൈഗ്രന്റ് സുരക്ഷാ പ്രോജക്ടിന്റെ ആഭിമുഖ്യത്തില്‍ ഹോസ്ദുര്‍ഗ് പോലീസ് സ്റ്റേഷനില്‍ ബോധവത്ക്കരണ ക്ലാസും റെഡ് റിബണ്‍ ധാരണവും പ്രതിജ്ഞ എടുക്കലും സംഘടിപ്പിച്ചു. ഹോസ്ദുര്‍ഗ് പോലീസ് ഇന്‍സ്പെക്ടര്‍ അനൂപ് കുമാര്‍ ഉദ്ഘാടനം ചെയ്തു. പ്രോജക്ട് ഡയറക്ടര്‍ കെ.പി.ഭരതന്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എസ്.ഐ ഉണ്ണികൃഷ്ണന്‍, പ്രോജക്ട് മാനേജര്‍ ജോസ്മി എന്‍.ജോസ്, എം.ഇ.എ ഓഫീസര്‍ അഷിത മധു എന്നിവര്‍ സംസാരിച്ചു. പ്രോജക്ട് കൗണ്‍സിലര്‍ സന്ദീപ് കുമാര്‍ ബോധവത്ക്കരണ ക്ലാസ് നയിച്ചു. തുടര്‍ന്ന് കാഞ്ഞങ്ങാട് ബസ്സ്റ്റാന്‍ഡ് പരിസരത്ത് ബോധവത്കരണ കിയോസ്‌ക് സ്ഥാപിക്കുകയും റെക്കോര്‍ഡഡ് ഓഡിയോ വഴി ബോധവല്‍ക്കരണ സന്ദേശം പ്രചരിപ്പിക്കുകയും ചെയ്തു.