മലപ്പുറം:  തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പിനുള്ള ബാലറ്റ് പേപ്പറുകളുടെയും വോട്ടിങ് യന്ത്രങ്ങളില്‍ പതിപ്പിക്കുന്ന ബാലറ്റ് ലേബലുകളുടെയും അച്ചടി വിവിധ സര്‍ക്കാര്‍ പ്രസ്സുകളില്‍ പുരോഗമിക്കുന്നതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വി. ഭാസ്‌കരന്‍ അറിയിച്ചു.

ഗ്രാമപഞ്ചായത്തുകള്‍, മുനിസിപ്പാലിറ്റികള്‍, കോര്‍പ്പറേഷനുകള്‍ എന്നിവിടങ്ങളില്‍ വെള്ള നിറത്തിലും, ബ്ലോക്ക് പഞ്ചായത്തുകളിലേക്ക് പിങ്ക് നിറത്തിലും, ജില്ലാ പഞ്ചായത്തുകളിലേക്ക് ആകാശനീല നിറത്തിലും ആണ് ബാലറ്റ് പേപ്പറുകളും ബാലറ്റ് ലേബലുകളും അച്ചടിക്കുന്നത്. ഓരോ പോളിങ് സ്റ്റേഷനുകള്‍ക്കും ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തില്‍ പതിപ്പിക്കുന്നതിനായി അഞ്ച് ബാലറ്റ് ലേബലുകള്‍, ടെന്‍ഡേഡ് വോട്ടിനായുള്ള 15 ബാലറ്റ് പേപ്പറുകള്‍ എന്നിവ അച്ചടിക്കും.

കോവിഡ് ബാധിതര്‍ക്കും ക്വാറന്റീനിലുള്ളവര്‍ക്കുമുള്ള സ്‌പെഷ്യല്‍ തപാല്‍ വോട്ടിനായി കൂടുതലായി വരുന്ന ബാലറ്റ് പേപ്പറുകള്‍ അതത് പ്രദേശങ്ങളിലെ വരണാധികാരികള്‍ നിര്‍ണയിക്കുന്ന കണക്കിന്റെ അടിസ്ഥാനത്തില്‍ അച്ചടിക്കും. തമിഴ് / കന്നഡ ഭാഷാ ന്യൂന പക്ഷങ്ങളുള്ള പ്രദേശങ്ങളില്‍ ആ ഭാഷകളില്‍കൂടി ബാലറ്റ് പേപ്പറുകളും ബാലറ്റ് ലേബലുകളും അച്ചടിക്കും. പാലക്കാട്, മലപ്പുറം ജില്ലകളിലെ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലേക്കുമുള്ള ബാലറ്റ് പേപ്പറുകളും ബാലറ്റ് ലേബലുകളും ഷൊര്‍ണ്ണൂര്‍ ഗവ.പ്രസ്സിലാണ് അച്ചടിക്കുന്നത്.