സർക്കാർ സംവിധാനങ്ങൾ സർവ സജ്ജമെന്നു മന്ത്രി കടകംപള്ളി സുരേന്ദ്രൻ
ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ബുറേവി ചുഴലിക്കാറ്റ് ഡിസംബർ 04 ന് തിരുവനന്തപുരത്തെത്തുമെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഡിസംബർ 04 ന് പുലർച്ചെ തെക്കൻ തമിഴ്‌നാട്ടിൽ പ്രവേശിക്കുന്ന ചുഴലിക്കാറ്റ് ഉച്ചയോടെ ശക്തികുറഞ്ഞ് അതിതീവ്ര ന്യൂനമർദമായി അറബിക്കടലിലേക്കു നീങ്ങുമെന്നാണു പ്രവചനം. മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ജില്ലയിൽ ദുരന്ത നിവാരണ മുന്നൊരുക്കങ്ങൾ പൂർത്തിയാക്കിയതായി ജില്ലയുടെ ചുമതലയുള്ള സഹകരണം – ദേവസ്വം – ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.
കാറ്റിന്റെ വേഗത കുറയുന്നതിനാൽ വലിയ നാശനഷ്ടം ബുറേവി കേരളത്തിൽ ഉണ്ടാക്കാനിടയില്ലെന്നു മന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. എങ്കിലും എങ്കിലും ജാഗ്രതയിൽ യാതൊരു വിട്ടുവീഴ്ചയുമില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. തമിഴ്‌നാട് തീരത്തേക്കു പ്രവേശിക്കുമ്പോൾ മാത്രമേ കേരളത്തിൽ ഇതിന്റെ സഞ്ചാരപാതയും സ്വഭാവവും എന്തെന്നു കൃത്യമായി നിർണയിക്കാനാകൂ.
കാലാവസ്ഥാ വകുപ്പിന്റെ ഏറ്റവും ഒടുവിലത്തെ റിപ്പോർട്ട് പ്രകാരം തിരുവനന്തപുരം – കൊല്ലം ജില്ലകളുടെ അതിർത്തി പ്രദേശങ്ങളിലൂടെ ഇതു കടന്നുപോകാനാണു സാധ്യത. ഇതു കണക്കിലെടുത്ത് പൊന്മുടി അടക്കമുള്ള പ്രദേശങ്ങളിൽ അതീവ ജാഗ്രതാ നിർദേശവും മുൻകരുതലുമെടുക്കുന്നുണ്ട്. ദേശീയ ദുരന്ത നിവാരണ സേന ഇന്നലെ പൊന്മുടി  സന്ദർശിച്ചു. ഇവിടുത്തെ ലയങ്ങളിൽ താമസിച്ചിരുന്നവരെ വിതുരയിലെ സുരക്ഷിത  കേന്ദ്രങ്ങളിലേക്കു മാറ്റിപ്പാർപ്പിച്ചു.
ആവശ്യമുണ്ടായാൽ പതിനയ്യായിരത്തിലേറെ പേരെ മാറ്റിപ്പാർപ്പിക്കാനുള്ള ക്യാംപുകൾ ജില്ലയിൽ സജ്ജമാക്കിക്കഴിഞ്ഞതായി മന്ത്രി പറഞ്ഞു. വിവിധ താലൂക്കുകളിലായി 271 ക്യാംപുകൾ സജ്ജമാക്കിയിട്ടുണ്ട്. തിരുവനന്തപുരം താലൂക്കിൽ 107 ക്യാംപുകൾ സജ്ജമാക്കി. 6,095 പേരെ ഇവിടേയ്ക്കു മാറ്റിപ്പാർപ്പിക്കാനാകും. ചിറയിൻകീഴ് താലൂക്കിൽ 33 ക്യാംപ് സജ്ജമാക്കി. 3,045 പേർക്കുള്ള സൗകര്യം ഇവിടെയുണ്ട്. വർക്കല താലൂക്കിൽ 700 പേരെ മാറ്റിപ്പാർപ്പിക്കാൻ കഴിയുന്ന 16 ക്യാംപുകൾ സജ്ജമാക്കിയിട്ടുണ്ട്.
നെയ്യാറ്റിൻകരയിൽ 20 ക്യാംപുകളിലായി 2,000 പേരെ മാറ്റി താമസിപ്പിക്കാനാകും. 1000 പേരെ ഉൾക്കൊള്ളാനാകുന്ന 12 ക്യാംപുകൾ കാട്ടാക്കടയിൽ ഒരുക്കി. നെടുമങ്ങാട് താലൂക്കിൽ 29 ക്യാംപുകളിലായി 3,000 പേരെയും മാറ്റിപ്പാർപ്പിക്കാനാകും. ദുരിതാശ്വാസ ക്യാംപുകളിൽ വൈദ്യുതിയും വെള്ളവും ഭക്ഷണ സാധനങ്ങളുമെത്തിക്കാൻ കെ.എസ്.ഇ.ബി, വാട്ടർ അതോറിറ്റി, സിവിൽ സപ്ലൈസ് വകുപ്പുകൾക്കു നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ചുഴലിക്കാറ്റുമായി ബന്ധപ്പെട്ട എന്തു സഹായത്തിനും ജില്ലയിലെ ജനങ്ങൾ സർക്കാർ സംവിധാനങ്ങളുടെ സഹായം തേടണമെന്നു മന്ത്രി അഭ്യർഥിച്ചു. എല്ലാ താലൂക്ക് ഓഫിസുകളിലും 24 മണിക്കൂർ കൺട്രോൾ റൂമുകൾ തുറന്നിട്ടുണ്ട്. 1077 ആണ് കളക്ടറേറ്റിൽ പ്രവർത്തിക്കുന്ന ജില്ലാ കൺട്രോൾ റൂമിന്റെ നമ്പർ. താലൂക്ക് കൺട്രോൾ റൂമുകളുടെ നമ്പറുകൾ ഇങ്ങനെ: തിരുവനന്തപുരം – 0471 2462006, നെയ്യാറ്റിൻകര – 0471 2222227, കാട്ടാക്കട – 0471 2291414, നെടുമങ്ങാട് – 0472 2802424, വർക്കല – 0470 2613222, ചിറയിൻകീഴ് – 0470 2622406.
ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ മന്ത്രിയുടെ നേതൃത്വത്തിൽ ഇന്നലെ കളക്ടറേറ്റിൽ ഉന്നതതല യോഗം ചേർന്നു. ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ, ജില്ലാ ഡെവലപ്‌മെന്റ് കമ്മിഷണർ വിനയ് ഗോയൽ, ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ  ഇ. മുഹമ്മദ് സഫീർ വിവിധ വകുപ്പുകളുടെ ജില്ലാ മേധാവികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.