തിരുവനന്തപുരം:തിതീവ്ര മഴയുടെ പശ്ചാത്തലത്തിൽ ജില്ലയിൽ വെള്ളപ്പൊക്ക സാധ്യത മുൻനിർത്തി ഡാമുകൾ തുറന്നു. നെയ്യാർ, പേപ്പാറ, അരുവിക്കര ഡാമുകളിൽനിന്ന് കഴിഞ്ഞ രണ്ടു ദിവസമായി നിയന്ത്രിത അളവിൽ വെള്ളം തുറന്നുവിടുന്നുണ്ട്. ഡാമുകളിൽ ജലനിരപ്പ് താരതമ്യേന കുറഞ്ഞ അളവിലാണെന്നും അതിതീവ്ര മഴയുണ്ടാകുന്ന പക്ഷം ഒറ്റയടിക്ക് ഷട്ടറുകൾ തുറക്കേണ്ട സാഹചര്യം ജില്ലയിൽ ഇല്ലെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.
നെയ്യാർ ഡാമിന്റെ നാലു സ്പിൽവേ ഷട്ടറുകൾ 30 സെന്റീമീറ്റർ വീതം ഉയർത്തിയിട്ടുണ്ട്. നിലവിൽ 83.41 മീറ്ററാണു നെയ്യാറിലെ ജലനിരപ്പ്. 85.617 ആണ് ഡാമിന്റെ പരമാവധി സംഭരണ ശേഷി. അരുവിക്കര ഡാമിന്റെ രണ്ടു ഷട്ടറുകൾ തുറന്നിട്ടുണ്ട്. 46.3 ആണ് ഡാമിലെ ഇപ്പോഴത്തെ ജലനിരപ്പ്. പേപ്പാറ ഡാമിന്റെ എല്ലാ ഷട്ടറുകളും 10 സെന്റീമീറ്റർ വീതം ഉയർത്തിയിട്ടുണ്ട്. 105.95 മീറ്ററാണ് ഡാമിലെ ജലനിരപ്പ്.
വെള്ളക്കെട്ട് നിവാരണത്തിന് ഇറിഗേഷൻ വകുപ്പിന്റെ വെള്ളായണി മധുപാലം പമ്പ് ഹൗസിലെ അഞ്ചു മോട്ടോറുകൾ പൂർണ പ്രവർത്തനക്ഷമമാക്കിയിട്ടുണ്ട്. പൂവാർ, വേളി പൊഴികളുടെ ഒഴുക്ക് കൂടുതൽ സുഗമമാക്കുന്ന നടപടികൾ നടത്തി. മൈനർ ഇറിഗേഷൻ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള കനാലുകൾ വൃത്തിയാക്കി ഒഴുക്കു സുഗമമാക്കുന്ന നടപടികളും ആരംഭിച്ചിട്ടുണ്ട്.