തൃശ്ശൂർ: കോവിഡ് 19 പോസിറ്റീവ് ആയവർക്കും ക്വാറന്റീനിൽ ഉള്ളവർക്കും സ്പെഷ്യൽ പോസ്റ്റൽ ബാലറ്റുകൾ നൽകുന്നത് സംബന്ധിച്ച് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ അധിക നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. സ്പെഷ്യൽ വോട്ടർമാർക്ക് പോസ്റ്റൽ ബാലറ്റ് നേരിട്ട് നൽകുന്നതിന് സ്പെഷ്യൽ പോളിംഗ് ഓഫീസർമാരായി നിയമിക്കുന്നതിന് വില്ലേജ് ഓഫീസർ തസ്തികയിൽ ഉള്ളവരെയോ അതിന് സമാനമായ തസ്തികയിൽ ഉള്ളവരെയും പരിഗണിക്കാം. സ്പെഷ്യൽ വോട്ടർമാർക്ക് വോട്ട് ചെയ്യുന്നതിന് ആവശ്യമായ പേന, മഷി, പാഡ്, ഗ്ലു സ്റ്റിക് മറ്റു തിരഞ്ഞെടുപ്പ് സാധനങ്ങൾ എന്നിവ വരണാധികാരികൾ ലഭ്യമാക്കണം.
സ്പെഷ്യൽ വോട്ടർ ഫോം 19 ബിയിൽ എസ് പി ബി( സ്പെഷ്യൽ ബാലറ്റ് പേപ്പർ ), എസ് പി ബി റെഫ്യുസ്ഡ്, എസ് വി(സ്പെഷ്യൽ വോട്ടർ ) എന്നീ പ്രത്യേക മാർക്കുകൾ രേഖപ്പെടുത്തിയ
മൂന്ന് വിഭാഗം വോട്ടർമാർക്കും പോളിംഗ് സ്റ്റേഷനിൽ ഹാജരായി വോട്ട് ചെയ്യാൻ അനുവാദമില്ല. സ്പെഷ്യൽ ബാലറ്റിനായി വോട്ടെടുപ്പിന് തലേദിവസം വൈകുന്നേരം 3 മണി വരെ നേരിട്ടോ തപാൽ വഴിയോ ലഭിക്കുന്ന അപേക്ഷകൾ പരിഗണിച്ച് അവ അന്ന് വൈകീട്ട് 6 മണിക്ക് മുൻപായി തപാൽ വഴി അയക്കണം.
ഹെൽത്ത് ഓഫീസർ നൽകുന്ന ലിസ്റ്റിലെ വോട്ടറുടെ പേരോ മറ്റു വിവരങ്ങളോ സംബന്ധിച്ച് അവ്യക്തത ഉണ്ടെങ്കിൽ ഇലക്ട്രൽ രജിസ്ട്രേഷൻ ഓഫീസറുമായി ബന്ധപ്പെട്ട് വരണാധികാരി വ്യക്തത വരുത്തണം.
വോട്ടെടുപ്പിന് തലേദിവസം മൂന്ന് മണിക്ക് ശേഷം വോട്ടെടുപ്പ് അവസാനിക്കുന്നതുവരെ കോവിഡ്-19 പോസിറ്റീവ് ആകുന്നവർക്കും ക്വാറന്റീനിൽ ഉള്ളവർക്കും വോട്ടെടുപ്പിന്റെ അവസാന സമയത്ത് പ്രതിരോധ നടപടികൾ സ്വീകരിച്ചു പോളിംഗ് സ്റ്റേഷനിൽ നേരിട്ടെത്തി വോട്ട് ചെയ്യാം. വോട്ടർമാർ 6 മണിക്ക് മുമ്പ് പോളിംഗ് സ്റ്റേഷനിൽ എത്തണം.
ആറുമണിക്ക് ക്യൂവിൽ ഉള്ള മുഴുവൻ സാധാരണ വോട്ടർമാരും വോട്ട് ചെയ്തതിനു ശേഷം മാത്രമേ അവരെ വോട്ട് ചെയ്യാൻ അനുവദിക്കൂ. അവർ പോളിംഗ് സ്റ്റേഷനിൽ കയറുന്നതിനുമുമ്പ് പോളിംഗ് ഉദ്യോഗസ്ഥരും ഏജൻറ്മാരും നിർബന്ധമായും പി പി ഇ കിറ്റ് ധരിച്ചിരിക്കണം.
സർക്കാർ നിയന്ത്രിതമല്ലാത്ത സ്ഥാപനങ്ങളിലും വീടുകളിലും കഴിയുന്ന സ്പെഷ്യൽ വോട്ടർമാർ സ്വന്തം ചെലവിൽ പി പി ഇ കിറ്റ് ധരിച്ച് പോളിംഗ് സ്റ്റേഷനിൽ എത്തണം. പി പി ഇ കിറ്റ് ധരിച്ചുവരുന്നവരും പോളിംഗ് ഉദ്യോഗസ്ഥരും ഏജൻറ്മാരും വോട്ട് ചെയ്തതിനുശേഷം പി പി ഇ ഉൾപ്പെടെയുള്ള കോവിഡ് പ്രതിരോധ ഉപാധികൾ ജില്ലാ മെഡിക്കൽ ഓഫീസറുടെ നിർദ്ദേശപ്രകാരം നശിപ്പിക്കേണ്ടതുമാണ്.