കാസര്‍ഗോഡ്:ഈസ്റ്റ് എളേരി പഞ്ചായത്തിലെ വോട്ടര്‍മാര്‍ക്കിടയില്‍ മതസ്പര്‍ധ വളര്‍ത്തുന്ന രീതിയിലുള്ള നോട്ടീസ് അടിച്ചിറക്കി പ്രചാരണം നടത്തിയ ഒമ്പത് പേര്‍ക്കെതിരെയും മതവികാരം വ്രണപ്പെടുത്തുന്ന വീഡിയോ റെക്കോര്‍ഡ് ചെയ്ത് ഫേസ്ബുക്ക് വഴി പ്രചരിപ്പിച്ച പഞ്ചായത്തിലെ 16 ാം വാര്‍ഡിലെ സ്ഥാനാര്‍ത്ഥിക്കെതിരെയും നിയമ നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ. ഡി സജിത് ബാബു അറിയിച്ചു.

തെരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റച്ചട്ടം ജില്ലാതല മോണിറ്ററിങ് കമ്മിറ്റിയോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു കളക്ടര്‍. പഞ്ചായത്തിലെ വോട്ടര്‍മാര്‍ക്കിടയില്‍ മതവികാരം വ്രണപ്പെടുത്തുന്ന രീതിയില്‍ ഒന്‍പത് പേര്‍ ചേര്‍ന്ന് നോട്ടീസ് അടിച്ചിറക്കി വിതരണം ചെയ്തുവെന്ന ചിറ്റാരിക്കലിലെ .കൊട്ടാരത്തില്‍ സണ്ണിയുടെയും 16 ാം വാര്‍ഡിലെ സ്ഥാനാര്‍ത്ഥി മതവികാരം വ്രണപ്പെടുത്തുന്ന വീഡിയോ റെക്കോര്‍ഡ് ചെയ്ത് ഫേസ്ബുക്ക് വഴി പ്രചരിപ്പിച്ചുവെന്ന ചിറ്റാരിക്കലിലെ ജോണി സെബാസ്റ്റ്യന്റെയും പരാതികെള തുടര്‍ന്നാണ് നടപടി. ഇത് സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് വിശദമായ റിപ്പോര്‍ട്ട് നല്‍കാനും പരാതി നിയമ നടപടിക്കായി പോലീസിന് കൈമാറാനും തീരുമാനിച്ചു.

വീഡിയോ കോണ്‍ഫറന്‍സിങ് വഴി ചേര്‍ന്ന യോഗത്തില്‍ മോണിറ്ററിങ് കമ്മിറ്റി കണ്‍വീനര്‍ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ജയ്‌സണ്‍ മാത്യു, അംഗങ്ങളായ ജില്ലാ പോലീസ് മേധാവി ഡി ശില്പ, ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ എ കെ രാമേന്ദ്രന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം മധുസൂദനന്‍ എന്നിവര്‍ സംബന്ധിച്ചു.