കാസര്‍ഗോഡ്:തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഒരുക്കങ്ങള്‍ വിലയിരുത്താനായി കളക്ടറേറ്റിലെത്തിയ തെരഞ്ഞെടുപ്പ് കമീഷന്റെ നിരീക്ഷകന്‍ നരസിംഹുഗാരി ടി.എല്‍ റെഡ്ഡി ജില്ലാ പോലീസ് മേധാവിയുമായും ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടത്തി.പോസ്റ്റല്‍ ബാലറ്റിനുള്ള അപേക്ഷകള്‍ ഡിസംബര്‍ 12ന് വൈകീട്ട് മൂന്ന് മണി വരെയാണ് സ്വീകരിക്കുകയെന്ന് നിരീക്ഷകനെ അറിയിച്ചു.
കോവിഡ് സ്പെഷല്‍ പോസ്റ്റല്‍ ബാലറ്റിനായി മറ്റ് ജില്ലകളില്‍നിന്ന് ഇതുവരെ ആറ് അപേക്ഷകളാണ് ലഭിച്ചത്. കോവിഡ്-19 രോഗികള്‍ക്കും അവരുടെ സമ്പര്‍ക്ക പട്ടികയിലുള്ളവര്‍ക്കും തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നതിനായുള്ള സ്‌പെഷല്‍ പോസ്റ്റല്‍ ബാലറ്റ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ നല്‍കുന്ന സര്‍ട്ടിഫൈഡ് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്ക് മാത്രമാണ് നല്‍കുക. ഫോം നമ്പര്‍ 19ലാണ് സ്പെഷല്‍ പോസ്റ്റല്‍ ബാലറ്റ് നല്‍കുക. വോട്ട് ചെയ്ത ബാലറ്റുകള്‍ വോട്ടെണ്ണല്‍ദിനം രാവിലെ എട്ട് മണി വരെ സ്വീകരിക്കും. ബ്ലോക്ക് പഞ്ചായത്തുകളിലേക്കുള്ള ബാലറ്റ് പേപ്പറുകള്‍ അച്ചടിച്ച് എത്തിയതായി അറിയിച്ചു. മാതൃകാ പെരുമാറ്റച്ചട്ടം നടപ്പിലാക്കുന്നത് സംബന്ധിച്ചും ധരിപ്പിച്ചു. ജില്ലാ പോലീസ് മേധാവി ഡി. ശില്‍പ, എ.ഡി.എം എന്‍. ദേവീദാസ്, തെരഞ്ഞെടുപ്പ് നോഡല്‍ ഓഫീസര്‍മാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.