സംസ്ഥാനത്തെ സര്‍ക്കാര്‍ ഗസ്റ്റ് ഹൗസുകളില്‍ മികച്ച ഏകീകൃത സേവനം ഉറപ്പാക്കുന്നതിനായി അതിഥി മന്ദിരങ്ങള്‍ ബ്രാന്‍ഡ് ചെയ്യുന്നതിനുള്ള നടപടി ആരംഭിച്ചതായി ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. തൈക്കാട് ഗസ്റ്റ് ഹൗസില്‍ നടന്ന ബ്രാന്‍ഡിംഗ് പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പുതിയ സൈനേജ്, ലോഗോ, വൈഫൈ ഹോട്ട് സ്‌പോട്ട്, പി. ഒ. എസ് മെഷീന്‍ ഉപയോഗിച്ച് പണമടയ്ക്കല്‍, മെനുകാര്‍ഡ്, ടേബിള്‍ മാറ്റ്, ഗസ്റ്റ് ഫോള്‍ഡര്‍, ലിനന്‍ എന്നിവ മന്ത്രി പ്രകാശനം ചെയ്തു.
തിരുവനന്തപുരം, കൊല്ലം, എറണാകുളം, കോഴിക്കോട്, കാസര്‍കോഡ് ഗസ്റ്റ് ഹൗസുകളില്‍ വൈഫൈ ഹോട്ട് സ്‌പോട്ട് സ്ഥാപിച്ചിട്ടുണ്ട്. ബി. എസ്. എന്‍. എലുമായി ചേര്‍ന്നാണ് സംവിധാനം ഒരുക്കിയത്. കണ്ണൂരില്‍ നേരത്തെ വൈഫൈ ഹോട്ട്‌സ്‌പോട്ട് സ്ഥാപിച്ചിരുന്നു. 10 എംബിപിഎസ് വേഗതയുള്ള വൈഫൈ സംവിധാനത്തില്‍ ദിവസം 300 എംബി സൗജന്യമായിരിക്കും. കന്യാകുമാരിയില്‍ നിലവിലെ 12 മുറിയുള്ള ഗസ്റ്റ് ഹൗസിന് പുറമെ 34 മുറികളോടു കൂടിയ യാത്രി നിവാസ് സര്‍ക്കാര്‍ വിഭാവനം ചെയ്തതായി മന്ത്രി പറഞ്ഞു. ഇതിനായി 17.60 കോടി രൂപയുടെ അനുമതി നല്‍കി. ഗുരുവായൂരിലെ ഗസ്റ്റ്ഹൗസില്‍ ഇപ്പോള്‍ എട്ടു മുറികള്‍ മാത്രമാണുള്ളത്. ഇവിടെ 51 മുറികളുള്ള ഗസ്റ്റ്ഹൗസിന്റെ നിര്‍മാണം ഈ മാസം ആരംഭിക്കും. 22.45 കോടി രൂപയാണ് ചെലവ്. ശബരിമല, ഇടുക്കി, സുല്‍ത്താന്‍ബത്തേരി എന്നിവിടങ്ങളിലും ഗസ്റ്റ്ഹൗസ്, യാത്രി നിവാസ് സംവിധാനങ്ങള്‍ ഒരുക്കുന്നുണ്ട്.
തിരുവനന്തപുരം തൈക്കാട് ഗസ്റ്റ് ഹൗസില്‍ 28 കോടി രൂപ ചെലവില്‍ 42 മുറികളുള്ള പുതിയ ബ്‌ളോക്ക് നിര്‍മ്മിക്കും. കോഴിക്കോട്, മൂന്നാര്‍, പൊന്‍മുടി ഗസ്റ്റ്ഹൗസുകളില്‍ പുതിയ ബ്‌ളോക്ക് നിര്‍മ്മിക്കാനും തീരുമാനിച്ചിട്ടുണ്ട്. ആലുവ, കോഴിക്കോട്, തൃശൂര്‍ രാമനിലയം ഗസ്റ്റ് ഹൗസുകളുടെ പൈതൃക കെട്ടിടങ്ങളുടെ സംരക്ഷണത്തിനും നവീകരണത്തിനും സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. ബ്രാന്‍ഡിംഗിന്റെ ഭാഗമായി ക്യാഷ്‌ലെസ് ഇടപാടുകള്‍ നടത്തുന്നതിന് പി. ഒ. എസ് മെഷീനുകള്‍ എല്ലാ ഗസ്റ്റ് ഹൗസുകളിലും ലഭ്യമാക്കിയിട്ടുണ്ട്. യാത്രി നിവാസുകളില്‍ ഓണ്‍ലൈന്‍ റിസര്‍വേഷന്‍ സംവിധാനം ഉടന്‍ നടപ്പിലാക്കും. ഗസ്റ്റ് ഹൗസ് ജീവനക്കാര്‍ക്ക് പരിശീലനം നല്‍കുന്നതിന് നടപടി സ്വീകരിച്ചതായും മന്ത്രി പറഞ്ഞു.
ടൂറിസം സെക്രട്ടറി റാണി ജോര്‍ജ് അധ്യക്ഷത വഹിച്ചു. ഡയറക്ടര്‍ പി. ബാലകിരണ്‍, ബി. എസ്. എന്‍. എല്‍ പ്രിന്‍സിപ്പല്‍ ജനറല്‍ മാനേജര്‍ എസ്. എസ്. തമ്പി, എച്ച്. ഡി. എഫ്. സി ബാങ്ക് ഡെപ്യൂട്ടി വൈസ് പ്രസിഡന്റ് ഹരിവിജയന്‍, ടൂറിസം അഡീഷണല്‍ ഡയറക്ടര്‍ എം. രഘുദാസന്‍ എന്നിവര്‍ സംസാരിച്ചു.
