കോഴിക്കോട്:    തദ്ദേശ തെരഞ്ഞെടുപ്പിലെ പോളിംഗ് സ്റ്റേഷനുകള്‍ ഭിന്നശേഷി സൗഹൃദപരമാക്കുന്നതിന് ജില്ലാ ഭരണകൂടം നടപടികള്‍ തുടങ്ങി. ഓരോ പോളിംഗ് സ്റ്റേഷനുകളുടെയും പരിധിയിലുള്ള ഭിന്നശേഷിക്കാരുടെ ലിസ്റ്റ് തയ്യാറാക്കിക്കഴിഞ്ഞു. ബൂത്തിലേക്ക് വാഹനങ്ങള്‍ കയറ്റുന്നതിനുള്ള സൗകര്യങ്ങള്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ സൗജന്യ വാഹന സൗകര്യവും ഒരുക്കും. സുഗമമായി പ്രവേശിക്കാന്‍ പറ്റുന്ന രീതിയില്‍ റാംപ് സൗകര്യം ഉണ്ടാവും. ക്യൂ നില്‍ക്കാതെ തന്നെ അവര്‍ക്ക് ബൂത്തിലേക്ക് കടന്നുചെല്ലാം.

ബൂത്തിനുള്ളില്‍ തടസരഹിതമായി സഞ്ചരിക്കാവുന്ന വിധം ഫര്‍ണ്ണീച്ചറുകള്‍ സജ്ജീകരിക്കും. ഓരോ വോട്ടറുടെയും സ്വകാര്യത ഉറപ്പുവരുത്തുന്ന വിധമാണ് വോട്ടിംഗ് കമ്പാര്‍ട്ട്‌മെന്റുകളുടെ സജ്ജീകരണം. ഭിന്നശേഷിക്കാര്‍ക്ക് ആവശ്യമെങ്കില്‍ വളണ്ടിയര്‍മാരുടെ സേവനം ലഭ്യമാക്കും. പരസഹായം ആവശ്യമുള്ളവര്‍ക്ക് അടുത്ത ബന്ധുക്കളുടെ സഹായം തേടാം. വീല്‍ ചെയര്‍ ഉപയോഗിക്കുന്നവര്‍ക്ക് അതിനുള്ള സംവിധാനവും ഒരുക്കും.