പരമ്പരാഗത കൃഷി രീതികളെ പുനരാവിഷ്‌കരിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇടമലകുടി നിവാസികള്‍. പതിറ്റാണ്ടുകള്‍ക്ക് ശേഷം ഇടമലക്കുടിയെന്ന സ്വപ്‌നഭൂമിയില്‍ നെല്‍ക്കതിരുകള്‍ വിരിയുമ്പോള്‍ പുതിയൊരു കാര്‍ഷിക സംസ്‌കാരംക്കൂടി ഇവിടെ പുനര്‍ജനിക്കും.മൂന്നാര്‍ ജനമൈത്രി പോലീസിന്റെ സഹായത്തോടെയാണ് ഇടമലക്കുടിയില്‍ ഇക്കുറി പാടശേഖരം ഒരുക്കിയത്. ഇടമലക്കുടി പഞ്ചായത്തിലെ സൊസൈറ്റിക്കുടയിലാണ് ആദ്യഘട്ടമായി ഒരേക്കര്‍ വരുന്ന തരിശു ഭൂമിയില്‍ കൃഷിയിറക്കിയത്. മൂന്നാര്‍ ജനമൈത്രി പോലീസിന്റെ സഹകരണവും പ്രോത്സാഹനവുംകൂടിയായപ്പോള്‍ നെല്‍കൃഷി യാഥാര്‍ത്ഥ്യമായി.
കേരളത്തിലെ ആദ്യത്തെ ഗോത്രവര്‍ഗ്ഗ പഞ്ചായത്തായ ഇടമലക്കുടിയില്‍ പൂര്‍വ്വികര്‍ കരനെല്ലു കൃഷി ചെയ്തിരുന്നെങ്കിലും തലമുറകള്‍ കൈമാറിയെത്തിയ ഗോത്ര പാരമ്പര്യത്തിന് ഈ കാര്‍ഷിക രീതികളെ അധികം മുന്നോട്ടു കൊണ്ടുപോകാന്‍ കഴിഞ്ഞിരുന്നില്ല. ജനമൈത്രി പോലീസിന്റെ സജ്ജീവ സാന്നിധ്യമാണ് പരമ്പരാഗത നെല്‍കൃഷിയെ വീണ്ടും ഇടമലക്കുടിയിലേക്ക് തിരിച്ചെത്തിച്ചത്. കര്‍ഷകര്‍ക്ക് വേണ്ട സഹായങ്ങള്‍ കൃഷിയുടെ ഓരോ ഘട്ടത്തിലും നല്‍കുവാന്‍ മൂന്നാര്‍ ജനമൈത്രി പോലീസിന് സാധിച്ചു.ജലസേചനം ബുദ്ധിമുട്ടുള്ള സ്ഥലത്ത് പ്രത്യേക രീതിയില്‍ നിലമൊരുക്കിയാണ് നെല്‍കൃഷി ആരംഭിച്ചത്.വെള്ളപെരുവാഴ എന്ന ഇനത്തില്‍പെട്ട കരനെല്ലാണ് ഇവിടെ കൃഷിയിറക്കിയിരിക്കുന്നത്. കതിരിടാന്‍ തയ്യാറെടുക്കുന്ന നെല്‍പാടങ്ങള്‍ അധികം വൈകാതെ വിളവെടുപ്പിന് സജ്ജമാകും.ആദ്യഘട്ടം വിജയകരമായതോടെ കൃഷി കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് കുടിനിവാസികളും ജനമൈത്രി പോലീസും. ഇടമലക്കുടി ട്രൈബല്‍ ഇന്റിലിജന്‍സ് ഓഫീസര്‍മാരായ എ എം ഫക്രുദ്ദീന്‍,വി കെ മധു,കെ ബി കദീജ,ലൈലമോള്‍ എന്നിവരാണ് കര്‍ഷകര്‍ക്ക് വേണ്ട പിന്തുണയും നിര്‍ദ്ദേശങ്ങളും നല്‍കുന്നത്.