തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പിനുള്ള ഒരുക്കങ്ങൾ ജില്ലയിൽ പൂർത്തിയായി. ആകെ 28,26,190 സമ്മതിദായകരാണ് ഡിസംബർ എട്ടിനു വോട്ട് രേഖപ്പെടുത്താൻ ബൂത്തുകളിലേക്ക് എത്തുക. ജില്ലയിലെ 1,727 തദ്ദേശ സ്ഥാപന വാർഡുകളിലായി 6,465 സ്ഥാനാർഥികളാണു ജനവിധി തേടുന്നത്. 3,281 പോളിങ് സ്‌റ്റേഷനുകളിലായാണു വോട്ടെടുപ്പ്.
വോട്ടെടുപ്പിനുള്ള കോവിഡ് പ്രോട്ടോക്കോളിന്റെ ഭാഗമായി പോളിങ് ബൂത്തുകളെല്ലാം ഡിസംബർ 07ന് അണുവിമുക്തമാക്കും. ജില്ലയുടെ വിവിധ കേന്ദ്രങ്ങളിൽനിന്നു പോളിങ് സാമഗ്രികളുടെ വിതരണവും ആരംഭിക്കും.
ആകെ വോട്ടർമാരിൽ 14,89,287 പേർ സ്ത്രീകളും 13,36,882 പേർ പുരുഷന്മാരും 21 പേർ ട്രാൻസ്‌ജെൻഡേഴ്‌സുമാണ്. ത്രിതല പഞ്ചായത്തുകളിൽ 18,37,307 പേർക്കാണു സമ്മതിനാവകാശമുള്ളത്. ഇതിൽ 8,63,363 പേർ പുരുഷന്മാരും 9,73,932 പേർ സ്ത്രീകളും 12 പേർ ട്രാൻസ്‌ജെൻഡേഴ്‌സുമാണ്. തിരുവനന്തപുരം കോർപ്പറേഷനിൽ ആകെ 8,02,799 വോട്ടർമാരുണ്ട്. 3,84,726 പുരുഷന്മാരും 4,18,065 സ്ത്രീകളും എട്ടു ട്രാൻസ്‌ജെൻഡേഴ്‌സും. നെയ്യാറ്റിൻക മുനിസിപ്പാലിറ്റിയിൽ ആകെ വോട്ടർമാർ 64,475 ആണ്. ഇതിൽ 30,239 പുരുഷന്മാരും 34,236 സ്ത്രീകളുമുണ്ട്. നെടുമങ്ങാട് മുനിസിപ്പാലിറ്റിയിൽ 25,879 പുരുഷ•ാരും 30,086 ഒരു ട്രാൻസ്‌ജെൻഡറുമടക്കം 55,966 വോട്ടർമാരുണ്ട്. ആറ്റിങ്ങൽ മുനിസിപ്പാലിറ്റിയിലെ 32,658 വോട്ടർമാരിൽ 17,675 പേർ പുരുഷ•ാരും 14,983 പേർ സ്ത്രീകളുമാണ്. വർക്കല മുനിസിപ്പാലിറ്റിയിൽ 15,000 പുരുഷന്മാരും 17,985 സ്ത്രീകളുമടക്കം 32,985 വോട്ടർമാരാണുള്ളത്.
വോട്ടെടുപ്പിന് കർശന കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്നു ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ പറഞ്ഞു. പോളിങ് സ്‌റ്റേഷനുകളിൽ നാല് പോളിങ് ഉദ്യോഗസ്ഥരും ഒരു അറ്റൻഡറും ഒരു പൊലീസ് ഉദ്യോഗസ്ഥനുമാണ് ഉണ്ടാകുക. സ്ഥാനാർഥികളുടെ ബൂത്ത് ഏജന്റുമാർ പത്തു പേരിൽ കൂടാൻ പാടില്ല. ഏജന്റുമാരുടെ ഇരിപ്പിടങ്ങൾ സജ്ജീകരിക്കുമ്പോൾ സാമൂഹിക അകലം പാലിക്കുന്നതിനും പ്രത്യേകം ശ്രദ്ധിക്കും.
കോവിഡ് മാനദണ്ഡങ്ങളുടെ ഭാഗമായി പോളിങ് ബൂത്തിനു പുറത്ത് വെള്ളം, സോപ്പ് എന്നിവയും ബൂത്തിന് അകത്ത് സാനിറ്റൈസറും നിർബന്ധമാണ്. പോളിങ് ബൂത്തിനു പുറത്ത് വോട്ടർമാർക്കു സാമൂഹിക അകലം പാലിച്ചു ക്യൂ നിൽക്കുന്നതിന് നിശ്ചിത അകലത്തിൽ പ്രത്യേകം അടയാളമിടുകയും ചെയ്യും.
സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകം ക്യൂ ഉണ്ടാകും. പ്രായമായവർ, ഭിന്നശേഷിക്കാർ, രോഗികൾ എന്നിവർക്കു ക്യൂ നിർബന്ധമല്ല. പോളിങ് സ്‌റ്റേഷനുകളുടെ നിശ്ചിത ദൂരപരിധിക്കു പുറത്ത് സ്ഥാനാർഥികളോ രാഷ്ട്രീയ കക്ഷികളോ സംഘടനകളോ സ്ലിപ്പ് വിതരണം നടത്തുമ്പോൾ കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചിരിക്കണമെന്നും കളക്ടർ നിർദേശിച്ചു.