വന്യജീവികളെ അവയുടെ ആവാസവ്യവസ്ഥയില്‍ തന്നെ സംരക്ഷിക്കുന്നതിനുളള നടപടികള്‍ സ്വീകരിക്കുമെന്ന് വനം – മൃഗസംരക്ഷണ വകുപ്പ് മന്ത്രി കെ. രാജു പറഞ്ഞു. വനം വകുപ്പില്‍ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ തസ്തികയിലേക്ക് പരിശീലനം പൂര്‍ത്തിയാക്കിയവരുടെ പാസ്സിങ് ഔട്ട് പരേഡില്‍ സല്യൂട്ട് സ്വീകരിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. മനുഷ്യരും വന്യജീവികളും തമ്മിലുള്ള സംഘര്‍ഷം നാള്‍ക്കുനാള്‍ വര്‍ധിക്കുകയാണ്. മനുഷ്യന് സുരക്ഷ ഒരുക്കുന്നതുപോലെ പ്രധാനമാണ് വന്യജീവികളെ അവയുടെ ആവാസവ്യവസ്ഥയില്‍ സംരക്ഷിക്കുക എന്നത്. ലോകമെമ്പാടും മനുഷ്യര്‍ പ്രകൃതിയില്‍ നിന്നും വെല്ലുവിളികള്‍ നേരിടുകയാണ്. പ്രകൃതിയോട് മനുഷ്യന്‍ നടത്തിയ ദീര്‍ഘവീക്ഷണമില്ലാത്ത പ്രവര്‍ത്തനങ്ങളാണ് ഇന്നത്തെ വെല്ലുവിളികള്‍ക്ക് കാരണം. ആ വെല്ലുവിളികള്‍ മറികടക്കാന്‍ മനുഷ്യര്‍ ബാധ്യസ്ഥരാണ്.
വാളയാറിലെ വനംവകുപ്പ് പരിശീലന കേന്ദ്രത്തില്‍ നടന്ന പരിപാടിയില്‍ വനം വകുപ്പ് ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ പി. കെ. കേശവന്‍ അധ്യക്ഷനായി. വനം വകുപ്പ് അഡീഷനല്‍ പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ പ്രദീപ് കുമാര്‍, നിലമ്പൂര്‍ ഡി.എഫ്.ഒ. വര്‍ക്കാട് യോഗേഷ് നില്‍കാന്ത്, ഫോറസ്റ്റ് ചീഫ് കണ്‍സര്‍വേറ്റര്‍ ഡോ: ആര്‍. അദലരസന്‍ എന്നിവര്‍ പങ്കെടുത്തു.
വനിതകളടക്കം 80 ഫോറസ്റ്റ് ഓഫീസര്‍മാര്‍
വനിതകളടക്കം 80 ഫോറസ്റ്റ് ഓഫീസര്‍മാരാണ് പരിശീലനം പൂര്‍ത്തിയാക്കി ജോലിയില്‍ പ്രവേശിച്ചത്. ഇതില്‍ 33 പേര്‍ വനിതകളാണ്. ആറ് മാസത്തെ വനം വകുപ്പ് പരിശീലനവും മൂന്ന് മാസത്തെ പൊലീസ് പരിശീലനവും പൂര്‍ത്തിയാക്കി. ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ തസ്തികയില്‍ വനിതകള്‍ക്ക് ആദ്യമായാണ് നിയമനം നല്‍കുന്നത്. ബേസില്‍ ചാക്കോ പരേഡ് നയിച്ചു. അരുണ്‍ജിത്ത്, അഭിഷേക്, ആര്‍.ശ്രീകുമാര്, കെ.വി. അമൃത എന്നിവര്‍ പ്ലെറ്റൂണുകളെ നയിച്ചു. മികച്ച പ്രകടനത്തിന് ബേസില്‍ ചാക്കോയും അമൃതയും അര്‍ഹരായി. 12 കിലോമീറ്റര്‍ മാരത്തന്‍ മത്സരത്തില്‍ ഇ.ദുഫീദ് മോനും എം ഷൈനയും വിജയിച്ചു. വിജയികള്‍ക്ക് മന്ത്രി പുരസ്‌ക്കാരങ്ങള്‍ നല്‍കി.