ഇടുക്കി:തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പുതിയ സാരഥികളെ കണ്ടെത്തുന്നതിനുള്ള തിരഞ്ഞെടുപ്പിനായി ഇടുക്കി ജില്ലയില്‍ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി. ജില്ലയിലെ 52 ഗ്രാമപഞ്ചായത്തുകളിലെ 792 വാര്‍ഡുകളിലേക്കും തൊടുപുഴ, കട്ടപ്പന നഗരസഭകളിലെ 69 ഡിവിഷനുകളിലേക്കും 8 ബ്ലോക്കിലെ 104 ഡിവിഷനുകളിലേക്കും ജില്ലാ പഞ്ചായത്തിന്റെ 16 ഡിവിഷനുകളിലേക്കുമാണ് തിരഞ്ഞെടുപ്പ്. തികച്ചും കോവിഡ് ചട്ടങ്ങള്‍ പാലിച്ചുകൊണ്ടുള്ള തിരഞ്ഞെടുപ്പിന് എല്ലാവിധ സംവിധാനങ്ങളുമേര്‍പ്പെടുത്തിയതായി ജില്ലാ വരണാധികാരിയായ ജില്ലാ കളക്ടര്‍ എച്ച്. ദിനേശന്‍ പറഞ്ഞു.
ജില്ലപഞ്ചായത്തില്‍ 829565 വോട്ടര്‍മാരും തൊടുപുഴ നഗരസഭയില്‍ 39106 വോട്ടര്‍മാരും കട്ടപ്പന നഗരസഭയില്‍ 32922 വോട്ടര്‍മാരുമാണുള്ളത്. ആകെ 901593 വോട്ടര്‍മാര്‍.തികച്ചും കോവിഡ് പ്രതിരോധ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടു നടത്തിയ പൊതു പ്രചാരണങ്ങള്‍ക്കാണ് ഇന്ന് പര്യവസാനമായത്.മുന്‍ കാല തിരഞ്ഞെടുപ്പു പ്രചാരണങ്ങളുടെ ഒടുവില്‍ കാണാറുള്ള കൊട്ടിക്കലാശങ്ങള്‍ ഉണ്ടായിരുന്നില്ല. കോവിഡ് വ്യാപനം കണക്കിലെടുത്ത് കൊട്ടിക്കലാശങ്ങള്‍ തെരഞ്ഞെടുപ്പു കമ്മിഷന്‍ കര്‍ശനമായി തടഞ്ഞിരുന്നു.