കൊല്ലം:ജില്ലയില്‍ തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനായി ഡിസംബർ 8 ന് 22.2 ലക്ഷം വോട്ടര്‍മാര്‍ ബൂത്തുകളില്‍ എത്തും. തിരഞ്ഞെടുപ്പിനുള്ള എല്ലാ സജ്ജീകരണങ്ങളും പൂര്‍ത്തിയായതായി ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ അറിയിച്ചു. ജില്ലയിലാകെ 5717 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്. 5719 പേര്‍ അന്തിമപട്ടികയില്‍ ഉണ്ടായിരുന്നെങ്കിലും പന്മന ഗ്രാമപഞ്ചായത്തില്‍ രണ്ടു സ്ഥാനാര്‍ഥികളുടെ നിര്യാണത്തെ തുടര്‍ന്ന് രണ്ട് വാര്‍ഡുകളില്‍ വോട്ടെടുപ്പ് പിന്നീട് നടത്തും. ഇവിടങ്ങളില്‍ സമ്മതിദായകര്‍ക്ക് രണ്ട് വോട്ട് മാത്രം രേഖപ്പെടുത്തിയാല്‍ മതി ബ്ലോക്ക് പഞ്ചായത്തിലെയും ജില്ലാ പഞ്ചായത്തിലെയും.
സ്ഥാനാര്‍ഥികളില്‍ 3028 സ്ത്രീകളും 2689 പുരുഷന്‍മാരുമാണ്. ആകെ വോട്ടര്‍മാരില്‍ 11.7 ലക്ഷം സ്ത്രീകളും 10.42 ലക്ഷം പുരുഷന്മാരും 19 ട്രാന്‍സ്‌ജെന്‍ഡേഴ്‌സും ഉള്‍പ്പെടുന്നു. 2761 പോളിംഗ് സ്റ്റേഷനുകളിലാണ് വോട്ടെടുപ്പ് നടക്കുക. വോട്ടെടുപ്പിനായി ജില്ലയില്‍ ആകെ 3236 കണ്‍ട്രോള്‍ യൂണിറ്റുകളും 8660 ബാലറ്റ് യൂണിറ്റുകളും സജ്ജമാണ്. കരുതലായി വച്ചിട്ടുള്ള യന്ത്രങ്ങള്‍ ഉള്‍പ്പടെയുള്ള കണക്കാണിത്. പോളിംഗ് ബൂത്തുകളില്‍ ഉപയോഗിക്കാന്‍ കണ്‍ട്രോള്‍ യൂണിറ്റുകള്‍ 276 എണ്ണവും ബാലറ്റ് യൂണിറ്റ് 748 എണ്ണവും മതിയാതും. കരുതലായി 128 കണ്‍ട്രോള്‍ യൂണിറ്റ് 222 ബാലറ്റ് യൂണിറ്റ് മാറ്റിവെച്ചിട്ടുണ്ട്. എത്തിപ്പെടാന്‍ ബുദ്ധിമുട്ടുള്ള ദുര്‍ഘട മേഖലകളില്‍ 15 കണ്‍ട്രോള്‍ യൂണിറ്റും 45 ബാലറ്റ് യൂണിറ്റുകളും മുന്‍കൂറായി നല്‍കിയിട്ടുണ്ട്. യന്ത്രങ്ങള്‍ അഥവാ കേടുവന്നാല്‍ സെക്ട്രല്‍ ഓഫീസര്‍മാര്‍ പുതിയ യന്ത്രങ്ങള്‍ ബൂത്തുകളിലെത്തിക്കും, ഇതിനായി 332 കണ്‍ട്രോള്‍ യൂണിറ്റും 908 ബാലറ്റ് യൂണിറ്റുകളും സെക്ട്രല്‍ ഓഫീസര്‍മാര്‍ക്ക് നല്‍കിയിട്ടുണ്ട്. 13805 ഉദ്യോഗസ്ഥരാണ് പോളിംഗ് ബൂത്തുകളില്‍ വോട്ട് ചെയ്യിക്കാനായി തയ്യാറാകുന്നത്. ഞായറാഴ്ച വിതരണ കേന്ദ്രങ്ങളില്‍ നിന്നും വോട്ടിങിനുള്ള സാമഗ്രികള്‍ കൈപ്പറ്റിയ ശേഷം അവര്‍ പോളിംഗ് ബൂത്തുകളില്‍ എത്തി വോട്ടെടുപ്പിനു തയ്യാറാകും. ഒരു മുഖ്യ നിരീക്ഷകനും അഞ്ച് ചെലവ് നിരീക്ഷകരുമാണ് ജില്ലയില്‍ നിരീക്ഷണം നടത്തുക.