*ബയോടെക്‌നോളജി ഗവേഷണരംഗത്തെ ലോകനിലവാരത്തിലെത്തിക്കാൻ സർക്കാർ പിന്തുണ നൽകും -മന്ത്രി വി.എസ്. സുനിൽകുമാർ

* തോന്നയ്ക്കൽ ബയോ 360 ലൈഫ് സയൻസസ് പാർക്കിലെ ആദ്യ ഗവേഷണകേന്ദ്രം

ബയോടെക്‌നോളജി ഗവേഷണരംഗത്ത് ലോകോത്തര നിലവാരത്തിലെത്തിക്കാൻ സർക്കാർ എല്ലാ പിന്തുണയും സർക്കാർ നൽകുമെന്ന് കൃഷിവകുപ്പ്മന്ത്രി വി.എസ്. സുനിൽകുമാർ പറഞ്ഞു. തോന്നയ്ക്കൽ ബയോ 360 ലൈഫ് സയൻസസ് പാർക്കിൽ കേരള വെറ്ററിനറി സർവകലാശാല സ്ഥാപിക്കുന്ന ബയോ സയൻസ് റിസർച്ച് ആൻറ് ട്രെയിനിംഗ് സെൻറർ (ബി.ആർ.ടി.സി) ഉദ്ഘാടനം ചെയ്തുസംസാരിക്കുകയായിരുന്നു അദ്ദേഹം.

സെൻററിന്റെ പരിപൂർണലക്ഷ്യത്തിലേക്ക് താമസംകൂടാതെ എത്തിക്കാനുള്ള ശ്രമങ്ങൾ സർക്കാർ നടത്തും. വിശദമായ റിപ്പോർട്ട് സമർപ്പിച്ചാൽ സെൻററിന്റെ വികസനത്തിനുള്ള ധനസഹായം ലഭ്യമാക്കാൻ മുൻകൈയെടുക്കും. ഗവേഷണകേന്ദ്രം വിഭാവനം ചെയ്ത രീതിയിൽ വളർത്താൻ 30 കോടിയോളം രൂപ വേണം. കൂടാതെ കിഫ്ബി വഴി പ്രോജക്ട് സമർപ്പിച്ച് അതുവഴി ഫണ്ട് നേടിയെടുക്കാനും മുൻകൈയെടുക്കും.
മൃഗസംരക്ഷണമേഖലയിൽ രോഗപ്രതിരോധ സംവിധാനങ്ങൾക്കുള്ള അടിസ്ഥാന ഗവേഷണങ്ങൾക്ക് പുതിയ ബയോടെക്‌നോളജി സാങ്കേതികവിദ്യ ഉപയോഗിച്ച് നിരവധി സാധ്യതകളാണ് പുതിയ സെൻററിനുള്ളത്. ഗവേഷണസാധ്യതകൾ ഉപയോഗപ്പെടുത്താനും ഈമേഖലയിലെ വ്യവസായങ്ങൾക്ക് ആവശ്യമായഘടകങ്ങൾ വ്യാവസായികാടിസ്ഥാനത്തിൽ നൽകാനാവുന്ന രീതിയിൽ വളരാനും കഴിയണം. ഈ മേഖലയിൽ അധികം സ്ഥാപനങ്ങൾ ഇല്ലാത്ത സ്ഥിതിക്ക് കുത്തക നേടാൻ വെറ്ററിനറി സർവകലാശാലയ്ക്ക് സാധിക്കും.
ഗവേഷണരംഗത്ത് മാനവശേഷിയിലും വിദഗ്ധൻമാരുടെ സാന്നിധ്യത്തിലും നമ്മൾ സമ്പന്നമാണ്. സാമ്പത്തികപിന്തുണകൂടി ലഭ്യമാക്കിയാൽ ബയോടെക്‌നോളജി ഗവേഷണത്തിലും പരിശീലനത്തിലും ലോകോത്തരനിലവാരമുള്ള കേന്ദ്രമായി ഈ സർക്കാരിന്റെ കാലത്ത് തന്നെ മാറ്റാൻ ശ്രമിക്കുമെന്നും മന്ത്രി പറഞ്ഞു.

ബയോ ടെക്‌നോളജി അടിസ്ഥാനമാക്കിയുള്ള ഗവേഷണസ്ഥാപനങ്ങൾ തുടങ്ങാൻ ആരംഭിച്ച ബയോ ലൈഫ് സയൻസ് പാർക്കിലെ ആദ്യസംരംഭമെന്ന നിലയിൽ പ്രതീക്ഷയോടെയാണ് ഈ ഗവേഷണകേന്ദ്രത്തെ കാണുന്നതെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച ഡെപ്യൂട്ടി സ്പീക്കർ വി. ശശി പറഞ്ഞു. കെ.എസ്.ഐ.ഡി.സി ചെയർമാൻ ക്രിസ്റ്റി ഫെർണാണ്ടസ്, കേരള വെറ്ററിനറി സർവകലാശാല വൈസ് ചാൻസലർ എക്‌സ്. അനിൽ, രജിസ്ട്രാർ ഡോ. ജോസഫ് മാത്യു, ബി.ആർ.ടി.സി കോ ഓർഡിനേറ്റർ ഡോ. ശ്രീജ ആർ. നായർ, മംഗലപുരം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് മംഗലപുരം ഷാഫി, വാർഡംഗം ബി. ലളിതാംബിക തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.


മൃഗങ്ങളിലെ രോഗപ്രതിരോധ സംവിധാനത്തിൽ ഉൾപ്പെട്ടിരിക്കുന്ന അടിസ്ഥാന തത്വങ്ങളിൽ ഗവേഷണം നടത്തുന്നതിനാണ് ഗവേഷണ കേന്ദ്രം സ്ഥാപിച്ചിരിക്കുന്നത്. ഇതിന് ആവശ്യമായ വൈറോളജി ലാബ്, സെൽ കൾച്ചറൽ ലാബ്, മോളിക്യൂലർ ബയോളജി ലാബ് ഇവിടെ സജ്ജമാക്കും. ജൈവസാങ്കേതിക വിദ്യയിലൂടെ ഉത്പാദിക്കുന്ന പുതിയ രോഗപ്രതിരോധ മരുന്നുകൾ ഉത്പാദിപ്പിക്കാൻ ആവശ്യമായ ലബോറട്ടറികളും ഇവിടെ സജ്ജമാക്കുവാൻ സർവകലാശാല ലക്ഷ്യമിടുന്നുണ്ട്.

അടുത്തഘട്ടമായി ഗവേഷണത്തിനാവശ്യമായ ലബോറട്ടറി -മൃഗങ്ങളെ ഉത്പാദിപ്പിച്ചു ഈ പാർക്കിൽ ഉയർന്നുവരുന്ന മറ്റു ഗവേഷണകേന്ദ്രങ്ങൾക്കും വിപണനം ചെയ്യുന്നതിനു അന്തർദേശീയ നിലവാരത്തിലുളള ഒരു ലാബ് അനിമൽ റിസർച്ച് ഫെസിലിറ്റിയും ഇവിടെ സജ്ജമാക്കുന്നതിനൊപ്പം ആവശ്യമായ പരിശീലന പരിപാടികളും നടത്തും. തോന്നയ്ക്കൽ ബയോ 360 ലൈഫ് സയൻസസ് പാർക്കിലെ പൂർത്തിയായ ആദ്യ സംരംഭമാണ് ഈ ഗവേഷണകേന്ദ്രം.