കൊച്ചി: ‘ഞങ്ങള്‍ക്കു വിഷം വേണ്ട. പൊന്നുവിളയുന്ന മണ്ണുണ്ട് ഇവിടെ. ആരോഗ്യവും പണിയെടുക്കാനുള്ള മനസും. ഒരു വിഷത്തുള്ളി പോലും ഭൂമിയില്‍ വീഴ്ത്തില്ല. മക്കള്‍ക്കായി കാത്തു വെയ്ക്കും ശുദ്ധമായ മണ്ണും വെള്ളവും വായുവും’. ഇതൊരു ശപഥമാണ്. ഒരു വ്യക്തിയുടേതല്ല. ഒരു ജനതയുടെയാകെ. ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് പറയാതെ പറഞ്ഞു പ്രസരിച്ച ലഹരി. ഒരു നാടാകെ നെഞ്ചേറ്റിയ മന്ത്രം.
ജൈവകൃഷിയെ ജീവിതത്തിന്റെ ഭാഗമാക്കി മാറ്റിയിരിക്കുകയാണ് എറണാകുളം ജില്ലയിലെ പാറക്കടവ് നിവാസികള്‍. പ്രദേശത്തിന്റെ സംസ്‌കാരം തന്നെ ജൈവകൃഷിയുമായി ബന്ധപ്പെട്ടു കഴിഞ്ഞിരിക്കുന്നു. പാറക്കടവ് സര്‍വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിലുള്ള നിരന്തരമായ പ്രയത്‌നങ്ങളാണ് ജനങ്ങളെ ജൈവകൃഷിയോടടുപ്പിച്ചത്. ജൈവകൃഷി സജീവമാക്കുന്നതിനുള്ള പ്രയത്‌നങ്ങള്‍ നാലാം വര്‍ഷത്തിലെത്തി നില്‍ക്കുമ്പോള്‍ വിജയകഥകള്‍ മാത്രമാണ് അണിയറ പ്രവര്‍ത്തകര്‍ക്കു പറയാനുള്ളത്. 25 വര്‍ഷത്തിലധികം തരിശിട്ട പാടങ്ങളില്‍ പൊന്നുവിളയിക്കാനും എണ്ണൂറിലധികം അംഗങ്ങെള ഉള്‍പ്പെടുത്താനും ബാങ്കിന്റെ ഉദ്യമത്തിന് കഴിഞ്ഞു.
വിഷമില്ലാത്ത പച്ചക്കറി, അരി, മത്സ്യം, മാംസം, മുട്ട, പാല്‍ എന്നിവയുടെ ഉത്പാദനത്തില്‍ ജനങ്ങളെ സ്വയംപര്യാപ്തതയിലെത്തിക്കുകയായിരുന്നു ബാങ്കിന്റെ ലക്ഷ്യം.  ചാലക്കുടിപ്പുഴയുടെ കൈവഴികള്‍ സമൃദ്ധിയുടെ നിറവോടെയാണ് ഇവിടേക്കൊഴുകുന്നത്. അതു കൊണ്ടു തന്നെ കൃഷിക്ക് ഏറ്റവും അനുയോജ്യം. ഫലഭൂയിഷ്ഠമായ മണ്ണ് കൂടിയാകുമ്പോള്‍ വിത്തിട്ടാല്‍ പത്തരമാറ്റ് വിളവ്. കൃഷിയിലേക്കിറങ്ങാന്‍ ബാങ്കിനുണ്ടായ ധൈര്യവും മറ്റൊന്നായിരുന്നില്ല.
നാലു വര്‍ഷം മുമ്പാണ് ബാങ്ക് ജൈവകൃഷി പദ്ധതിയുമായി രംഗത്തുവരുന്നത്. ഗ്രോ ബാഗുകളിലായിരുന്നു തുടക്കം. വീട്ടുമുറ്റത്തും ടെറസിലും ഗ്രോബാഗുകളില്‍ ജൈവ കൃഷി തുടങ്ങാന്‍ ജനങ്ങളെ പ്രോത്സാഹിപ്പിച്ചു. അത് വന്‍ വിജയമായി. തുടര്‍ന്ന് ഏതാനും ചില ജൈവ കൃഷി സംഘങ്ങള്‍ രൂപീകരിച്ചു. സംഘങ്ങള്‍ പ്രവര്‍ത്തനം തുടങ്ങിയതോടെ കൃഷി വിപുലമായി. വീട്ടുമുറ്റത്തു നിന്നും ടെറസില്‍ നിന്നും കൃഷി പറമ്പിലേക്കും പാടത്തേക്കും വഴിമാറി. തരിശു കിടന്ന ഭൂമി മുഴുവനും സംഘാംഗങ്ങള്‍ ഇളക്കി മറിച്ചു. ഒരു കാര്‍ഷിക വിപ്ലവം തന്നെ രൂപം കൊണ്ടു. പുല്ലു പിടിച്ച് ഉപയോഗ ശൂന്യമായി കിടന്ന വയലുകളില്‍ നെല്‍ക്കതിരുകള്‍ ഉയര്‍ന്നു തുടങ്ങി.
ഇപ്പോള്‍ 48 ജൈവകൃഷി സംഘങ്ങളിലായി ഏകദേശം 800 വീടുകളിലെ 800 അംഗങ്ങള്‍ ഉള്‍പ്പെടുന്ന വലിയ കൃഷി ശൃംഖലയായി പദ്ധതി വളര്‍ന്നു. ഓരോ സംഘങ്ങളിലും പത്തു മുതല്‍ പതിനഞ്ചു വരെ അംഗങ്ങള്‍. പണിയെടുക്കാന്‍ തയാറായ ആയിരത്തിനടുത്ത് സ്ത്രീകളും പുരുഷന്മാരും. ഇവരുടെ പ്രയത്‌നത്തില്‍ നെല്‍കൃഷിയും പച്ചക്കറി കൃഷിയും, വാഴ ചേന, ചോളം എന്നിവയും നൂറുമേനി വിളഞ്ഞു. ഇവ കൂടാതെ പശുവളര്‍ത്തല്‍, ആടുവളര്‍ത്തല്‍ കോഴി വളര്‍ത്തല്‍, താറാവു വളര്‍ത്തല്‍, ഹൈടെക് മത്സ്യകൃഷി, പോളിഹൗസ് കൃഷികള്‍, മഴ മറ കൃഷികള്‍, പൂകൃഷി എന്നിവയുമുണ്ട്.
ബാങ്കിന്റെ പരിധിയില്‍ വരുന്ന കൃഷിക്കാര്‍ക്ക് ആവശ്യമായ ജൈവവളങ്ങളും ജൈവകീടനാശിനികളും ലഭ്യമാക്കുന്ന വളം ഡിപ്പോ ബാങ്ക് നടത്തുന്നു. ആവശ്യമായ വിത്തുകള്‍, നടീല്‍ തൈകള്‍ എന്നിവയും ബാങ്ക് സൗജന്യമായി നല്‍കുന്നു. സബ്‌സിഡിയും പലിശരഹിതമായും ചുരുങ്ങിയ പലിശയ്ക്കും വായ്പകളും നല്‍കുന്നു. കൂടാതെ കിസാന്‍ ക്രെഡിറ്റ് കാര്‍ഡുകളും ലഭ്യമാക്കുന്നു.
കഴിഞ്ഞ 25 വര്‍ഷമായി തരിശായി കിടന്നിരുന്ന കുറുമശ്ശേരി കറുകപാടത്തും തോട്ടാങ്ങര പാടത്തും കിഴക്കേ പാടശേഖരത്തിലും ഏക്കര്‍ കണക്കിന് നെല്‍കൃഷിയും പച്ചക്കറിയും ഈ വര്‍ഷം ആരംഭിച്ചിട്ടുണ്ട്. കുറുമശ്ശേരി ഒടിയപ്പാടത്ത് 12 ഏക്കറില്‍ പച്ചക്കറി കൃഷി നടത്തി വിളവെടുത്തു. ശാസ്താ ജൈവകൃഷി സംഘം കറുകപ്പാടത്ത് 10 ഏക്കറിലാണ് നെല്‍കൃഷിയിറക്കിയത്. മുന്‍ എം.പി. പി. രാജീവാണ് വിളവെടുപ്പിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്.
പുഴയോരം സംഘത്തിന്റെ മേല്‍നോട്ടത്തില്‍ പൂവ്വത്തുശ്ശേരിയില്‍ മത്സ്യകൃഷിയാണ് നടത്തുന്നത്. വിപണിയില്‍ നല്ല വില ലഭിക്കുന്ന ഗിഫ്റ്റി ഫിലാപ്പിയ കട്‌ല ഇനത്തില്‍ പെട്ട മീനുകളാണ് ഇവിടെ വളര്‍ത്തുന്നത്. ടാങ്ക് കൃഷിയായും ചിലര്‍ മീനുകള്‍ വളര്‍ത്തുന്നുണ്ട്.
ബാങ്കിന്റെ ജൈവ കൃഷി പദ്ധതിയുടെ ഭാഗമായി തൊഴിലും വരുമാനവും വര്‍ധിക്കുന്നതോടൊപ്പം വിഷരഹിതമായ ഭക്ഷ്യവസ്തുക്കള്‍ ജനങ്ങളിലേക്കെത്തിക്കാന്‍ കഴിയുന്നുവെന്ന് ബാങ്ക് പ്രസിഡന്റ് എം.കെ. പ്രകാശന്‍ പറഞ്ഞു. വിളവെടുത്ത നെല്ലും പച്ചക്കറികളും നാട്ടുകാര്‍ക്കു തന്നെയാണ് വില്‍ക്കുന്നതും. പാടത്തു നിന്നു വിളവെടുക്കുന്ന നെല്ലിന്റെ അരിയുടെ വില്‍പനയ്ക്കായുള്ള സ്റ്റാള്‍ ഒരു മാസത്തിനുളളില്‍ പ്രവര്‍ത്തനം തുടങ്ങും. ഇതോടെ കടയില്‍ നിന്നും മുഴുവന്‍ പേര്‍ക്കും വിഷമില്ലാത്ത ജൈവ അരി വാങ്ങാനാകും. ഭക്ഷ്യരംഗത്ത് സ്വയംപര്യാപ്തത നേടുകയെന്ന ലക്ഷ്യം പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
തോട്ടാങ്ങര പാടത്തെ നെല്‍കൃഷി വിളവെടുപ്പ് കഴിഞ്ഞ മാസം 12 ന് കൃഷി മന്ത്രി വി.എ. സുനില്‍ കുമാറാണ് ഉദ്ഘാടനം ചെയതത്. കൊയ്ത്തുത്സവ ത്തോടനുബന്ധിച്ച് 700 പേര്‍ക്ക് സദ്യയും ഒരുക്കിയിരുന്നു.
വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് ജൈവകൃഷി സംഘങ്ങള്‍  മാസത്തില്‍ രണ്ടു യോഗങ്ങള്‍ സംഘടിപ്പിക്കാറുണ്ട്. മാലിന്യ സംസ്‌കരണത്തിലും ഇവര്‍ ജാഗ്രത പുലര്‍ത്തുന്നു. സാമൂഹ്യ വിഷയങ്ങളിലും സംഘങ്ങള്‍ സജീവം. പഠനയാത്രകള്‍, ക്ലാസുകള്‍, കാര്‍ഷിക ഉപകരണങ്ങളുടെ പ്രദര്‍ശനം, കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന എന്നിവയും ബാങ്ക് സംഘടിപ്പിക്കുന്നു. ജനകീയ കൂട്ടായ്മകളായി വളര്‍ന്നു വരുന്ന ജൈവകൃഷി സംഘങ്ങള്‍ നമ്മുടെ കാര്‍ഷിക സംസ്‌കാരത്തിന് മാതൃകയാണ്.