തിരുവനന്തപുരം:കോവിഡ് രോഗികൾക്കും ക്വാറന്റൈനിൽ കഴിയുന്നവർക്കും സ്‌പെഷ്യൽ പോസ്റ്റൽ വോട്ട് ചെയ്യുന്നതിനായി ഇന്നലെ(ഡിസംബർ 7) വൈകിട്ട് മൂന്നിനു തയാറാക്കുന്ന സർട്ടിഫൈഡ് ലിസ്റ്റിലുള്ള മുഴുവൻ പേർക്കും പോസ്റ്റൽ ബാലറ്റ് തപാൽ മുഖേനയോ നേരിട്ടോ വീട്ടിലെത്തിക്കും.
വൈകിട്ട് മൂന്നിനു ശേഷവും ഇന്ന് വോട്ടെടുപ്പ് അവസാനിക്കുന്നതു വരെയും സർട്ടിഫൈഡ് ലിസ്റ്റിൽ ഉൾപ്പെടുന്നവർക്ക് ബൂത്തിലെത്തി വോട്ട് ചെയ്യാം. അവർ ഇന്നു വൈകിട്ട് ആറിനു മുൻപ് ബൂത്തിലെത്തണം. വോട്ടെടുപ്പ് അവസാനിക്കുന്ന സമയത്ത് ക്യൂവിലുള്ള മുഴുവൻ സാധാരണ വോട്ടർമാരും വോട്ട് ചെയ്ത ശേഷം മാത്രമേ ഇവരെ വോട്ട് ചെയ്യാൻ അനുവദിക്കൂ.
പി.പി.ഇ. കിറ്റ് അണിഞ്ഞാകണം ഇവർ എത്തേണ്ടത്. ഡെസിഗ്നേറ്റഡ് ഹെൽത്ത് ഓഫിസർ നൽകുന്ന സാക്ഷ്യപത്രവും നിർബന്ധമാണ്. ഇവർ പോളിങ് സ്‌റ്റേഷനിൽ കയറും മുൻപ് പോളിങ് ഉദ്യോഗസ്ഥരും ഏജന്റുമാരും നിർബന്ധമായും പി.പി.ഇ. കിറ്റ് ധരിച്ചിരിക്കണം.